കളത്തില്‍ ശത്രുക്കള്‍; പക്ഷെ പ്രളയക്കെടുതിയില്‍ നമ്മളൊന്ന്: കണ്ണീരൊപ്പൂ...

blasters-flood
SHARE

ഒരുഗോള്‍ മുഖത്ത് നിന്ന് മറുഗോള്‍ മുഖത്തേക്കുള്ള പോരാട്ടത്തില്‍ നമ്മള്‍ യുദ്ധമുഖത്തെന്നപോലെ പടവെട്ടും. ചിലപ്പോള്‍ ആക്രമിക്കും, ചിലപ്പോള്‍ പ്രതിരോധിക്കും, ചിലപ്പോള്‍ ചിരിക്കും , കരയും. പക്ഷെ ഗ്യാലറിയില്‍ നിങ്ങള്‍ ഒറ്റക്കെട്ടായി ആര്‍ത്തിരുമ്പും ഒരു മഞ്ഞക്കടല്‍പോലെ. ആ ഒരുമയും സ്നേഹവും കളത്തിന് പുറത്ത് കാണിക്കേണ്ട സമയമാണിത്. 

പ്രളയക്കെടുതിയില്‍ ദുരിതം നേരിടുന്ന ഓരോ മലയാളിക്കും ഒപ്പം ഞങ്ങളുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ പിന്തുണയുമായി എത്തിയത്, ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കൂട്ടത്തെ തോല്‍പിച്ചവരും മഞ്ഞക്കൂട്ടം തോല്‍പിച്ചവരുമുണ്ട്. പ്രിയപ്പെട്ടവര്‍ വേര്‍പിരിഞ്ഞതിന്റെയും പ്രിയപ്പെട്ടവ നഷ്ടമായതിന്റെയും വേദനയിലാണ് നിങ്ങളോരുത്തരും എന്നറിയാം, ഒരുപക്ഷെ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്ത ഫുട്ബോളിന്റെ കുപ്പായവും പതാകയും പന്തും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ടാവും. ഇനിയെല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരും, നമുക്ക് ഫുട്ബോളിലും ഇത് കാണാം. വമ്പന്‍ തോല്‍വികള്‍ ചിന്നിച്ചിതറിച്ച ടീമുകള്‍ വീണ്ടും കരുത്താര്‍ജ്ജിച്ച് കിരീടം വരെ നേടുന്നു. ആ പോരാട്ടവീര്യം നിങ്ങളും കാണിക്കണം.

ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കയറുമ്പോള്‍ നിങ്ങള്‍ ആര്‍ത്തുവിളിക്കും. പ്രതിരോധിക്കുമ്പോള്‍ ഉള്ളറിഞ്ഞ് പിന്തുണയ്ക്കും ഓരോ നീക്കങ്ങളും നെഞ്ചോടു ചേര്‍ക്കും. അതേ ഉണര്‍വും ഊര്‍ജവും ഒരുമയും ദുരിതം നേരിടാന്‍ നിങ്ങള്‍ പുറത്തെടുക്കണമെന്നാണ് ലാ ലിഗ പ്രീ  വേള്‍ഡ് സീരിസില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തച്ചുതകര്‍ത്ത ജിറോണ എഫ്സിയും മെല്‍ബണ്‍ എഫ്സിയും ആണ് ഇങ്ങനെ കുറിച്ചത്. 

ചെന്നൈയിന്‍ എഫ് സിയും കേരളത്തിന് കൈത്താങ്ങുമായി എത്തിയിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം ‍ഞങ്ങളുമുണ്ടെന്നാണ് െചന്നൈയിന്‍ കുറിച്ചത്.  കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക്കൂട്ടമായ മഞ്ഞപ്പട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു. ഉദാരമായി സംഭാവന ചെയ്യണമെന്നും ഓരോരുത്തരും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്നും കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും ആഹ്വാനം ചെയ്തു. 

MORE IN SPORTS
SHOW MORE