ടീം ഇന്ത്യ പഴികളുടെ നടുവിൽ; പിഴച്ചത് നായകനോ? ഇനി എല്ലാ അടവുമെന്ന് കോ‌ഹ്‌ലി

ganguli-kohli-sehwag
SHARE

ലോര്‍ഡ്സിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി മുന്‍കാല താരങ്ങള്‍. എന്നാല്‍ അടുത്ത ടെസ്റ്റ് ജയിക്കാനുള്ള എല്ലാ അടവും പയറ്റുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ടീം തിരഞ്ഞെടുപ്പിലും ബാറ്റിങ്ങിലും ഇന്ത്യയ്ക്ക് പിഴവ് പറ്റിയെന്നും തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇംഗ്ലണ്ട് പര്യടനം ദയനീയമാകുമെന്നും സേവാഗും ലക്ഷ്മണും ഗാംഗുലിയും ബിഷന്‍സിങ് ബേദിയുമെല്ലാം പറയുന്നു. ക്യാപ്റ്റന്‍‌ വിരാട് കോഹ്‌ലി കൂടി പരാജയപ്പെട്ടതോടെ ഇന്ത്യ ഇന്നിങ്സിനും 159 റണ്‍സിനുമാണ് തോറ്റത്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ആദ്യമായാണ് ഇന്ത്യ ഇന്നിങ്സ് തോല്‍വി ഏറ്റുവാങ്ങുന്നത്. 

ടീം തിരഞ്ഞെടുപ്പിലെ പാളിച്ച

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിന് രണ്ട് മാറ്റങ്ങളോടെയാണ് ലോര്‍‌ഡ്സില്‍ ഇറങ്ങിയത്. അതില്‍ ബോളിങ്ങില്‍ വരുത്തിയമാറ്റമാണ് വിനയായത്. ഉമേഷ് യാദവിനെ മാറ്റി പകരം ഓഫ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടീമിലെടുത്തു. സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രണ്ടുസ്പിന്നര്‍മാരുമായി പോകാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് മല്‍സരഫലം തെളിയിച്ചു. അശ്വിനും കുല്‍ദീപിനും വിക്കറ്റൊന്നും നേടാനായില്ലെന്നു മാത്രമല്ല റണ്‍സും വിട്ടുകൊടുത്തു. തെളിഞ്ഞ മാനവും വെയിലും ചൂടും കണക്കിലെടുത്താണ് കോഹ്‌ലി രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതെന്നും മുമ്പ് സൗരവ് ഗാംഗുലിയും ഇതുപോലെ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചിട്ടുണ്ടെന്നും വാദം ഉയര്‍ന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ മഴ എപ്പോള്‍ വേണമെങ്കിലും എത്താമെന്നത് കണക്ക് കൂട്ടണമായിരുന്നുവെന്നാണ് മുന്‍താരങ്ങളുടെ വാദം. ഗാംഗുലി രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ച സാഹചര്യം വ്യത്യസ്തമായിരുന്നു. അന്നത്തെ ബോളര്‍മാരില്‍ മികച്ച രണ്ടുപേരായിരുന്നു അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും. എന്നാല്‍ ഇവിടെ കുല്‍ദീപിനെക്കാള്‍ മികച്ച ബോളര്‍ ഉമേഷ് യാദവായിരുന്നു. 

മേല്‍ക്കൈ നേടാനായില്ല

ഇംഗ്ലണ്ട് അഞ്ചിന് 135 എന്നനിലയില്‍ പതറിയപ്പോള്‍ ഇന്ത്യയ്ക്ക് അത് മുതലാക്കാനായില്ല. അതിനുകാരണം ഒരു നല്ല പേസ് ബോളറുടെ അഭാവം തന്നെയായിരുന്നു. മുഹമ്മദ് ഷാമി നല്‍കിയ മുന്‍തൂക്കം മറ്റു ബോളര്‍മാര്‍ക്ക് പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാനായില്ല. മികച്ച സ്വിങ്ങിനു മുന്നില്‍ ബാറ്റുചെയ്യാന്‍ ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അത് സാങ്കേതികമികവുള്ള ഒരു ബാറ്റിങ് കണ്‍സള്‍ട്ടന്റിന്റെ സേവനം ആയാല്‍ നന്നാവുമെന്നാണ് മുന്‍കാല താരങ്ങളുടെ വിലയിരുത്തല്‍. 

മുന്‍കാല താരങ്ങളുടെ വാക്കുകള്‍

ടീം ഇന്ത്യ ലോര്‍ഡ്സില്‍ നിരാശപ്പെടുത്തി. തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് വീരേന്ദര്‍ സേവാഗ് ട്വിറ്ററില്‍ കുറിച്ചു. തോല്‍‌വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് ലക്ഷ്മണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ ഇന്ത്യയുടെ ടീം സിലക്ഷനെയാണ് സൗരവ് ഗാംഗുലി വിമര്‍ശിച്ചത്. ലോര്‍ഡ്സില്‍ ഇന്ത്യയുടേത് പ്രതിരോധ സമീപമായിരുന്നുവെന്ന് ബിഷന്‍ സിങ് ബേദി പറഞ്ഞു.

kohli-england-2

ക്യാപ്റ്റന്‍ പറയുന്നു

തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. നോട്ടിങ്ങാമില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ വിജയിക്കാനുള്ള എല്ലാ ശ്രമവും നടത്തും. അടുത്ത ടെസ്റ്റില്‍ ജയിച്ച പരമ്പര 2–1എന്ന നിലയിലാക്കുകയാണ് അടുത്തലക്ഷ്യമെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്്ലി പറഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പുറംവേദന അനുഭവപ്പെട്ടെങ്കിലും മൂന്നാം ടെസ്റ്റിന് മുമ്പ് പരുക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓരോ ഇഞ്ചിലും പോരാട്ടം നടത്തുന്ന ക്യാപ്റ്റനിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.

MORE IN SPORTS
SHOW MORE