ഓസിലിനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ല, ശ്രദ്ധ ഫുട്ബോളില്‍ മാത്രമെന്ന് ന്യൂയറും മുള്ളറും

0zil-german
SHARE

മെസ്യൂട്ട് ഓസിലിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും സ്ട്രൈക്കര്‍ തോമസ് മുള്ളറും രംഗത്തെത്തി. ടീമിലും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലും വിവേചനമുണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അങ്ങനൊന്ന് ടീമില്‍ ഇല്ലെന്നും അസോസിയേഷന്‍ വിവേചനം കാണിച്ചിട്ടില്ലെന്നും ഇരുവരും പറയുന്നു. 

അങ്ങനൊരു പ്രശ്നമില്ല

ലോകകപ്പില്‍  ടീം അംഗങ്ങള്‍ ഒത്തൊരുമയോടെയാണ് കളത്തിലിറങ്ങിയതെന്നും ന്യൂയര്‍ പറയുന്നു. വംശീയ അധിക്ഷേപങ്ങള്‍ ധാരാളം കേട്ടെന്ന ഓസിലിന്റെ വാക്കുകള്‍ എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ടീം ഗോള്‍ കീപ്പര്‍ കൂടിയായ ന്യൂയര്‍ പറയുന്നു. തോമസ് മുള്ളറും ക്യാപ്റ്റന്റെ വാക്കുകളെ ശരിവയ്ക്കുന്നു. റഷ്യ ലോകകപ്പില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റതുകൊണ്ടാണ് ഓസിലിന്റെ രാജിയും തുടര്‍ന്നുള്ള പ്രതികരണങ്ങളും ഉണ്ടായതെന്നാണ് ന്യൂയറിന്റെ പക്ഷം. ഓസില്‍ രാജിവച്ചതില്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷനെ കുറ്റപ്പെടുത്തേണ്ടെന്നും ന്യൂയര്‍ പറഞ്ഞു. ഓസിലിന്റെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് മുള്ളര്‍ പറയുന്നു. ടീമിലോ അസോസിയേഷനിലോ ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ല. ടീം ഒരുമയോടെയാണ് കളത്തില്‍ പോരടിക്കുന്നതെന്നും മുള്ളര്‍ ആണയിടുന്നു.

മിണ്ടാതെ ലോ

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ജര്‍മന്‍ പരിശീലകന്‍ ജോക്കിം ലോ പ്രതികരിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.  മോശം ഫോമായിരുന്നിട്ടും ഓസില്‍ ടീമില്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചത് കോച്ച് തന്നെയായിരുന്നു. പക്ഷെ ഓസിലിന്റെ രാജിയെക്കുറിച്ചോ ഓസിലിന്റെ ആരോപണങ്ങളെക്കുറിച്ചോ ലോ പ്രതികരിച്ചിട്ടില്ല.   തുര്‍ക്കി വംശജനായ മെസ്യൂട്ട് ഓസില്‍ ഇംഗ്ലണ്ടില്‍ വച്ച് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാനെ  കാണുകയും ജേഴ്സി കൈമാറുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്.   ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായിട്ടാണ് ഈ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിയതെന്നും ജര്‍മന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും വിശ്വസിക്കുന്നു. 

എല്ലാം മറന്ന് മുന്നോട്ട്

കഴിഞ്ഞതു കഴിഞ്ഞു, അതേക്കുറിച്ച് ആലോചിക്കാനില്ല. അടുത്ത മല്‍സരങ്ങള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കും ഉള്ള തയാറെടുപ്പിലാണ് ജര്‍മനി. അടുത്ത ലോകകപ്പ് കണ്ട് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനാണ് ജര്‍മന്‍ ഫെഡറേഷന്റെ നീക്കം. അടുത്തമാസം ആറിന് ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെതിരായ സൗഹൃദമല്‍സരത്തോടെ ജര്‍മനി വീണ്ടും ഫുട്ബോള്‍‌ മൈതാനത്ത് സജീവമാകും. ഈ മല്‍സരത്തിനുള്ള ടീം തിരഞ്ഞെടുപ്പോടെ ജര്‍മനിയുടെ മനസിലിരുപ്പ് വ്യക്തമാകും.

MORE IN SPORTS
SHOW MORE