ഗോളടിച്ചപ്പോള്‍ കാണാത്ത വംശീയത; ഓസില്‍ ചെയ്ത ‘തെറ്റുകള്‍’: കണ്ണീര്‍കണം

ozil-germany
SHARE

‘അവനെ ക്രൂശിക്കുക, അവനെ മാത്രം...’ മാധ്യമങ്ങളും സഹതാരങ്ങളും നാടും പറഞ്ഞപ്പോള്‍‌ അവന്‍ മെസ്യൂട്ട് ഓസില്‍ പറഞ്ഞു, ‘ഞാന്‍ ഇനി ജര്‍മന്‍ കുപ്പായത്തിലേക്കില്ല, രാജ്യാന്തര തലത്തില്‍ ഫുട്ബോള്‍ കളിക്കാനുമില്ല’.  തുര്‍ക്കി വംശജനായ ഓസിലിനോടുള്ള എതിര്‍പ്പ് ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയതല്ല, ലോകകപ്പ് തുടങ്ങും മുമ്പേ ഉണ്ടായിരുന്നു. 

Ozil-germany

ഓസില്‍ ചെയ്ത തെറ്റെന്താണ്?

തുര്‍ക്കി വംശജനായ മെസ്യൂട്ട് ഓസില്‍ ഇംഗ്ലണ്ടില്‍ വച്ച് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാനെ  കാണുകയും ജേഴ്സി കൈമാറുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. തുര്‍ക്കി വംശജന്‍ കൂടിയായ സഹതാരം ഇല്‍ക്കെ ഗുന്‍ഡോഗനൊപ്പമായിരുന്നു ഓസില്‍ തുര്‍ക്കി പ്രസിഡ‍ന്റിനെ കണ്ടത്. ‘എന്റെ കുടുംബത്തിന്റെ ഉന്നത നേതാവിനോടുള്ള ആദരം’ എന്നാണ് ഓസില്‍ ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. 

അത് എന്റെ രാഷ്ട്രീയ നിലപാടോ, തിരഞ്ഞെടുപ്പു പ്രഖ്യാപ‌നമോ അല്ലെന്നും ഓസില്‍ വ്യക്തമാക്കുന്നു.  ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിനു മുന്നേ കലാപക്കൊടി ഉയര്‍ന്നു. ജര്‍മന്‍ ടീമില്‍ ജര്‍മന്‍കാര്‍ മാത്രം മതിയെന്നും ഒറ്റുകാര്‍ വേണ്ടെന്നും മുറവിളി ഉയര്‍ന്നു. ടീമിലെ സഹതാരങ്ങളും ഓസിലിനോട് മുഖം തിരിച്ചു. എന്നാല്‍ കോച്ച് ജോക്കിം ലോയുടെ നിര്‍ബന്ധ ബുദ്ധിക്ക് മുന്നില്‍ അസോസിയേഷനും കളിക്കാരും മുട്ടുമടക്കി. ഓസില്‍ ജര്‍മനിയുടെ ലോകകപ്പ് ടീമിലെത്തി.  

mesut-ozil

നിലവിലെ ചാംപ്യന്മാരായി എത്തിയ ജര്‍മനി ഗ്രൂപ്പ് ഘട്ടം പോലും പിന്നിടാതെ പുറത്തായി. ഓസിലിനു തിളങ്ങാനായില്ല, ഗോളടിച്ചില്ല. ടീമില്‍ ഒത്തൊരുമയും കണ്ടില്ല. ലോയുടെ തന്ത്രങ്ങളും ടീം ലൈനപ്പും പാളി. ടീം തോറ്റു മടങ്ങി നാട്ടിലെത്തിയപ്പോള്‍ ആദ്യം കല്ലെറിയപ്പെട്ടത് ഓസിലിനുതന്നെ. ജര്‍മന്‍ പത്രങ്ങളും മുന്‍താരങ്ങളും പഴിച്ചു. ഒാസിലില്ലായിരുന്നുവെങ്കില്‍ ജര്‍മനി ജയിക്കുമായിരുന്നുവെന്ന് എന്ന്  ഒരു ജര്‍മന്‍ എംപി ട്വീറ്റും ചെയ്തു. സമൂഹമാധ്യമങ്ങളും ട്രോള്‍ കൊണ്ട് മൂടി.

ഇനിയും ഈ പരിഹാസം കേള്‍ക്കാനാവില്ല

‘ടീമിനകത്തും രാജ്യത്തിനകത്തും താങ്ങാവുന്നതിലധികം പരിഹാസവും  അനാദരവും കേട്ടതിനാല്‍ കളി മതിയാക്കുന്നു’. ദേശ സ്നേഹത്തെയും ജര്‍മന്‍ താല്‍പര്യത്തെയും ചോദ്യം ചെയ്തവര്‍ 92 മല്‍സരങ്ങളില്‍ നിന്ന് 23 ഗോള്‍ നേടിയപ്പോള്‍ കയ്യടിച്ചതും ആര്‍പ്പുവിളിച്ചതും മറന്നു. നാല്‍പത് ഗോളുകള്‍ക്ക് ഒസില്‍ അവസരമൊരുക്കുകയും ചെയ്തു. അപ്പോഴൊന്നും കാണാത്ത തൊലിനിറവും വംശവും ഗോത്രവും ആണ് ജര്‍മന്‍കാര്‍ ഇപ്പോള്‍ കാണുന്നത്. കറുത്തവനും വെളുത്തവനും ഒരുവികാരമായി കളത്തില്‍ നിറയുമ്പോള്‍ അവിടെ കാണേണ്ടത് മല്‍സരക്കാഴ്ചകളുടെ ആവേശം മാത്രമായിരിക്കണം.   

ozil

വംശീയ അധിക്ഷേപം തുടര്‍ക്കഥ

ഗോളടിക്കാത്തപ്പോള്‍ കോംഗോ വംശജനെന്ന് ആക്ഷേപിക്കുന്നതിനെക്കുറിച്ച് ബെല്‍ജിയത്തിന്റെ ലുക്കാക്കു പറഞ്ഞത് ഇക്കഴിഞ്ഞ ലോകകപ്പിലാണ്. ഫ്രാന്‍‌സിന്റെ പോള്‍ പോഗ്ബയുടെ ദേഹത്തേക്ക് അര്‍ജന്റീനയുടെ ഓട്ടമെന്റി പന്തടിച്ചിട്ടതും ഈ ലോകകപ്പില്‍ തന്നെ. സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചപ്പോള്‍ സയന്‍സ്റ്റര്‍ എസ്.വി.എന്ന ഹാംബര്‍ഗ് ക്ലബ്ബിലെ താരങ്ങള്‍ മുഖത്ത് കറുത്തവര്‍ണം തേച്ച് കളിക്കാനിറങ്ങി. 

പാട്രിക് എവ്റ, ഉംറ്റിറ്റി, എന്നിവരും ഈ അടുത്തകാലത്ത് വംശീയ അധിക്ഷേപത്തിന്റെ ഇരകളായി. കറുത്തവന്റെയും മറ്റ് ദേശത്ത് ജനിച്ചവരുടെയും സേവനം മടികൂടാതെ സ്വീകരിക്കും, അവന്റെ ഗോള്‍ നേട്ടത്തില്‍ തുള്ളിച്ചാടും അവന്റെ പ്രതിരോധത്തില്‍ ആവേശം കൊള്ളും, അവന്റെ തട്ടിയകറ്റലുകളെ നെഞ്ചോടു ചേര്‍ക്കും, എന്നാല്‍ തരം കിട്ടുമ്പോള്‍ അവനെ തട്ടിയകറ്റുന്ന പതിവ് കാഴ്ച തുടരുകയാണ്. 

MORE IN SPORTS
SHOW MORE