ചികിൽസിച്ചു ‘കുളമാക്കി’; വൃദ്ധിമാൻ സാഹയുടെ കായികഭാവി അപകടത്തിൽ

Saha-injury
SHARE

പെരുവിരലിനേറ്റ പരുക്കു ചികിൽസിച്ചു കുളമാക്കിയതിനെത്തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ ക്രിക്കറ്റ് ജീവിതം ഭീഷണിയിൽ. ദേശീയ ക്രിക്കറ്റ് അക്കാദമി ഫിസിയോ അശ്രദ്ധമായി കൈകാര്യം ചെയ്താണ് പരുക്ക് വഷളാക്കിയത്. വിരലിലെ പരുക്കിന് ഇപ്പോൾ തോളിൽ ശസ്ത്രക്രിയ അനിവാര്യമായി. അടുത്ത മാസം സാഹയെ ഇംഗ്ലണ്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. ഈ വർഷം ഒടുവിൽ നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കു പോലും ടീമിലേക്കു തിരിച്ചെത്താൻ സാഹയ്ക്കു കഴിയില്ല.

‘‘ വിരലിലെ പരുക്കിനുള്ള ചികിൽസ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ അശ്രദ്ധമായാണു കൈകാര്യം ചെയ്തത്. ഫിസിയോ ഇക്കാര്യത്തിൽ അലംഭാവം കാട്ടി. ഇനി ശസ്ത്രക്രിയയിലൂടെയേ പരിഹാരം കാണാനാവൂ. രണ്ടു മാസം ബാറ്റ് തൊടാൻ പോലും കഴിയില്ല. അതിനു ശേഷം വേണം തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്താൻ’’– സീനിയർ ബിസിസിഐ അംഗം പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരത്തിനിടെയാണു സാഹയ്ക്കു പരുക്കേറ്റത്. തുടർന്ന് ഇന്ത്യൻ ടീമിനൊപ്പമുള്ള മൽസരങ്ങളിൽ നിന്നു വിട്ടുനിന്നു. ഏറെ വൈകാതെ തിരിച്ചെത്താമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് എന്നു തിരിച്ചുവരാൻ കഴിയുമെന്നുറപ്പിക്കാൻ പോലും കഴിയാത്ത വിധം പരുക്ക് ചികിൽസിച്ചു വഷളാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും സാഹയെ ഉൾപ്പെടുത്തിയിരുന്നില്ല.

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ ക്യാച്ചെടുക്കുമ്പോൾ സാഹയുടെ തോളിനു പരുക്കേറ്റിരുന്നു. പക്ഷേ, ഏറെയൊന്നും വിഷമിപ്പിച്ചില്ല. എന്നാൽ പേശീവലിവിനെത്തുടർന്നു സാഹയ്ക്ക് പരമ്പരയ്ക്കിടെ മടങ്ങേണ്ടി വന്നു. ഐപിഎല്ലിൽ പരുക്കോടെയാണു സാഹ കളിച്ചത്. അപ്പോഴും വേദന തുടർന്നതുകൊണ്ട് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിസിയോയുടെ കീഴിലുള്ള പ്രത്യേക പരിശീലനത്തിലൂടെ ഇംഗ്ലണ്ട് പര്യടനത്തിനു ടീമിൽ തിരിച്ചെത്താമെന്നായിരുന്നു സാഹയുടെ പ്രതീക്ഷ. എന്നാൽ ഈ നീക്കം ഫിസിയോയുടെ പിടിപ്പുകേടു കൊണ്ട് തിരിച്ചടിച്ചു.

ടീം ഇന്ത്യയുടെ മുൻ സപ്പോർട്ട് സ്റ്റാഫിൽ ഉൾപ്പെട്ട ഫിസിയോ, സാഹയുടെ പരുക്കിന്റെ ഗൗരവം സംബന്ധിച്ചു കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവോയെന്ന സംശയവും ഉയരുന്നുണ്ട്. സിലക്‌ഷൻ കമ്മിറ്റി യോഗങ്ങൾക്കു മുന്നേ ടീമംഗങ്ങളുടെ കായികക്ഷമത സംബന്ധിച്ച റിപ്പോർട്ട് സിലക്‌ഷൻ കമ്മിറ്റി കൺവീനർക്കു സമർപ്പിക്കണമെന്നാണു ചട്ടം. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതായും കണക്കാക്കപ്പെടുന്നു. 

MORE IN SPORTS
SHOW MORE