ബോളിങ്ങിൽ തിളങ്ങി; ബാറ്റിങ്ങിൽ പൂജ്യം; നിരാശപ്പെടുത്തി സച്ചിന്‍റെ മകന്‍, വിഡിയോ

arjun-tendulkar
SHARE

ശ്രീലങ്കയ്ക്കെതിരെ കൊളംബോയിൽ നടക്കുന്ന ഒന്നാം യൂത്ത് ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ അർജുൻ ടെന്‍ഡുല്‍ക്കര്‍ക്ക് നിരാശജനകമായ തുടക്കം  11 പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ അർജുൻ പൂജ്യത്തിന് പുറത്ത്. ലങ്കന്‍ താരം ദുല്‍ഷന്റെ പന്തില്‍ സൂര്യ ബന്ദ്ര പിടിച്ചാണ് അര്‍ജുന്‍ പുറത്തായത്. ഇതോടെ ഓള്‍ റൗണ്ടറെന്ന നിലയില്‍ പേരെടുത്ത താരത്തിന് ബാറ്റിങ്ങിൽ അരങ്ങേറ്റം പിഴച്ചു.

അതേസമയം, സാക്ഷാൽ സച്ചിനും രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റത്തിൽ പൂജ്യത്തിനു പുറത്തായിരുന്നു. 1989 പാക്കിസ്ഥാനെതിരെയാണ് സച്ചിൻ ഏകദിന അരങ്ങേറ്റം കുറിച്ചത്. പക്ഷേ പൂജ്യത്തിനു പുറത്തായി.

അതേസമയം, ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അർജുൻ ബോൾ ചെയ്ത രണ്ടാം ഓവറിൽ വിക്കറ്റു നേടിയാണ് വരവറിയിച്ചത്. ശ്രീലങ്കയുടെ ഓപ്പണർ കമിൽ മിഷാരയെ ലെഗ്ബിഫോറിൽ കുടുക്കുകയായിരുന്നു ഇടംകയ്യൻ പേസ് ബോളറായ അർജുൻ. ഒൻപതു റൺസായിരുന്നു മിഷാരയുടെ സമ്പാദ്യം. ഇന്നിങ്സിലാകെ 11 ഓവർ ബോൾ ചെയ്ത അർജുൻ, 33 റൺസ് വഴങ്ങിയ ഒരു വിക്കറ്റാണ് നേടിയത്. രണ്ട് മെയ്ഡൻ ഓവർ ഉൾപ്പെടെയാണിത്.

ഒന്നാം ഇന്നിങ്സിൽ ശ്രീലങ്കൻ യുവനിരയെ 244 റൺസിന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ നേടിയത് 589 റൺസ്! സെഞ്ചുറി നേടിയ ഓപ്പണർ അഥർവ തായ്ഡെ (160 പന്തിൽ 113), ആയുഷ് ബാദോനി (205 പന്തിൽ പുറത്താകാതെ 185)  എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി കൽഹാര സേനാരത്‌നെ 170 റൺസ് വഴങ്ങി ആറു വിക്കറ്റ് നേടി. കൂച്ച് ബിഹാർ ട്രോഫിയിൽ അണ്ടർ 19 ടീമിൽ മുംബൈക്കു വേണ്ടി രണ്ടു തവണ അഞ്ചുവിക്കറ്റ് വീതം വീഴ്ത്തിയാണ് അർജുൻ ദേശീയ ടീമിലെത്തുന്നത്.മുംബൈക്കു വേണ്ടി 18 വിക്കറ്റുകളെടുത്തിരുന്നു.അർജുന് ആശംസയുമായി വിരാട് കോഹ്‍ലിയും വിനോദ് കാംബ്ലിയും ട്വീറ്റ് ചെയ്തിരുന്നു.

MORE IN SPORTS
SHOW MORE