അംപയറിൽ നിന്ന് പന്തുവാങ്ങി ധോണി; അവസാനമത്സരമോ? വിരമിക്കൽ സൂചന; വിഡിയോ

dhoni-retirement
SHARE

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം മഹേന്ദ്രസിങ് ധോണി വിരമിക്കുമോ? ഇക്കഴിഞ്ഞത് ധോണിയുടെ അവസാനമത്സരമായിരുന്നോ? ആരാധകർ പരസ്പരം ചോദിക്കുകയാണ്. അങ്ങനെ ചോദിക്കാൻ അവർക്കൊരു കാരണവുമുണ്ട്. 

അവസാനമത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് ധോണിയുടെ വിരമിക്കൽ ചർച്ചകളും സജീവമായത്. മത്സരശേഷം ടീമംഗങ്ങൾ ഡ്രസിങ് റൂമിലേക്ക് നടന്നപ്പോൾ ധോണി അംപയറുടെ കയ്യിൽ നിന്ന് പന്തുവാങ്ങി. ഈ ദൃശ്യങ്ങൾ ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതുകണ്ട ആരാധകർ ടെൻഷനിലായി.

2014ൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷ‌ം ധോണി ഗ്രൗണ്ടിൽ നിന്ന് സ്റ്റംപുകളെടുത്തിരുന്നു. അവസാനമത്സരത്തിന്റെ ഓർമ്മക്കായാണ് ധോണി അങ്ങനെ ചെയ്തത്. തൊട്ടുപിന്നാലെ താരം ടെസ്റ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. 

അംപയറിൽ നിന്ന് പന്തുവാങ്ങിയ ധോണിയുടെ അവസാന ഏകദിനമത്സരമായിരുന്നോ ഇംഗ്ലണ്ടിനെതിരായത് എന്നാണിപ്പോൾ ആരാധകർ സംശയിക്കുന്നത്. 

പരമ്പരയിലുടനീളം മോശം പ്രകടനത്തിന് ധോണി ഏറെ പഴി കേട്ടിരുന്നു. രണ്ടാം മത്സരത്തിൽ 37 റൺസും മൂന്നാം മത്സരത്തിൽ 42 റൺസുമാണ് താരം നേടിയത്. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ലോർഡ്സിൽ ധോണിയെ ആരാധകർ കൂവി പരിഹസിച്ചിരുന്നു. അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ധോണി യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. 

ആഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ്. അതിനുശേഷമാകും വിരമിക്കൽ പ്രഖ്യാപനമെന്ന തരത്തിലാണ് ചർച്ചകള്‍. 

MORE IN SPORTS
SHOW MORE