റൊണാള്‍ഡോ പശ്ചാത്തപിക്കേണ്ടി വരും; റയല്‍ വിട്ടതിന് മുന്നറിയിപ്പുമായി പനൂച്ചി

ronaldo-panucci
SHARE

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ വിടാനുളള തീരുമാനത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മുൻ റയൽ താരം ക്രിസ്റ്റ്യൻ പനൂച്ചി രംഗത്ത്. യുവന്റസില്‍ ചേരാൻ വേണ്ടി റയൽ വിടാനുളള തീരുമാനത്തിൽ റൊണാൾഡോ പശ്ചാത്തപിക്കേണ്ടി വരുമെന്ന് പനൂച്ചി മുന്നറിയിപ്പ് നൽകി. റയൽ വിടാനുളള തീരുമാനം തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്നും പനൂച്ചി പറയുന്നു. സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ. 

എവിടെയെ ആയിരുന്നാലും മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് കഴിയും. മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് അദ്ദേഹത്തിന്റെ ശൈലിയാണ്. ക്രിസ്റ്റ്യൻ പനൂച്ചി പറഞ്ഞു. ഇറ്റാലിയൻ ലീഗിലേയ്ക്കുളള റൊണാൾഡോയുടെ വരവ് മറ്റ് പ്രശസ്തരായ താരങ്ങൾക്ക് ഇറ്റലിയിലേയ്ക്ക് വരാൻ വഴിയൊരുക്കുമെന്നും എന്നാൽ റയൽ പരിശീലകൻ സിനദിന്‍ സിദാൻ റയൽ വിട്ടത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

റയൽ വിടാനുളള തീരുമാനം ഏറെ ആലോചിച്ചെടുത്ത ഒന്നായിരുന്നുവെന്നാണ്  ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കംഫർട്ട് സോണിൽ മാത്രം നിന്ന് കളിക്കുന്നയാളല്ല ഞാൻ. യുവന്റ്സിലെത്തിയത് ഭാഗ്യമായി കരുതുന്നതെന്നും ടീമിന്റെ ലക്കിസ്റ്റാർ ആകാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റൊണാൾഡോ പറഞ്ഞു. 

ടൂറിനിലെ ഒാള്‍ഡ് ലേഡി മൈതാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ഇവതുവരെ പന്തുതട്ടിയിട്ടില്ലെങ്കിലും  യുവന്റസിന്റെ ഭാഗ്യനക്ഷത്രമായിരിക്കുകയാണ് റൊണാൾഡോ. റയലില്‍ നിന്ന് 820 കോടി മുടക്കിയാണ് യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയത് . ചെലവഴിച്ച തുകയുടെ പകുതി പരസ്യത്തില്‍ നിന്നും റൊണാള്‍ഡോയുടെ ജഴ്സി വില്‍പനയില്‍ നിന്നും യുവന്റസ് ഇതിനോടകം തിരിച്ചുപിടിച്ചു.

റൊണാള്‍ഡോയുമായി കരാര്‍ ഒപ്പിട്ടതിന്റെ ആദ്യദിനം അഞ്ചുലക്ഷത്തി ഇരുപതിനായിരം ജഴ്സിയാണ് വിറ്റുപോയത്. ഇരുപതിനായിരം ജഴ്സി ടൂറിനിലെ അഡിഡാസിന്റെ ഒൗദ്യോഗിക ഷോറൂമില്‍ നിന്ന് വിറ്റഴിച്ചപ്പോള്‍  അഞ്ചുലക്ഷം ജഴ്സി ഒാണ്‍ലൈന്‍ വഴി ആരാധകര്‍ സ്വന്തമാക്കി. കഴിഞ്ഞ ‍സീസണില്‍ യുവന്റസിന്റെ വിറ്റുപോയ ആകെ ജഴ്സികളുടെ എണ്ണം എട്ടുലക്ഷത്തി അന്‍പതിനായിരം മാത്രമാണ്. റൊണാള്‍ഡോ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍  യൂ ട്യൂബ് ചാനല്‍ എന്നിവയില്‍ യുവന്റസിനെ  പിന്തുടരുന്നവരുടെ എണ്ണം നാലുകോടി വരെ വര്‍ധിച്ചിരുന്നു.

MORE IN SPORTS
SHOW MORE