ഡ്രസിങ് റൂമിൽ ഞാനും മെസിയും തമ്മിൽ ഏറ്റുമുട്ടി; വെളിപ്പെടുത്തലുമായി സഹതാരം

messi-nicolas-burdisso
SHARE

ലോകഫുട്ബോളിന്റെ മിശിഹയാണ് ആരാധകർക്ക് ഈ മനുഷ്യന്‍. തോൽവിയിലും തലയെടുപ്പോടെ കളിക്കളം വിടുന്ന അപൂർവ്വം കളിക്കാരിൽ ഒരാൾ. ലോകകപ്പ് വിജയമെന്ന സ്വപ്നം സഫലമാകാതെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്ന് ചങ്കുറ്റത്തോടെ വിളിച്ചു പറഞ്ഞ പ്രതിഭ. കളിക്കളത്തിലും പുറത്ത് തികച്ചും ശാന്തനായി പെരുമാറുന്ന മാന്യനായ കളിക്കാരന്‍. 

എന്നാൽ മെസിയെ കുറിച്ച് ലോകത്തിനുളള ധാരണകളെ അപ്പാടെ പൊളിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് അർജന്റീനിയൻ പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബുർദീസോ. ലോകകപ്പിലെ അർജന്റീനയുടെ ദയനീയ പ്രകടനത്തിനു ശേഷം അർജന്റീനിയൻ മാധ്യമമായ ടെലിഫെക്കു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. 

ഡ്രസിങ് റൂമിലേയ്ക്ക് നീണ്ട കയ്യാകളിയെ കുറിച്ചായിരുന്നു ബുർദീസോയുടെ തുറന്നുപറച്ചിൽ. മത്സരത്തിനിടെ കളിക്കളത്തിൽ വച്ച് മെസിയുമായി കൊമ്പു കോർത്തിരുന്നു. മെസി ആവശ്യപ്പെട്ട പ്രകാരം കൃത്യമായി പാസ് നൽകാൻ എനിക്കു സാധിച്ചില്ല. കൃത്യമായ ഏകോപനം ആ സമയത്ത് സാധ്യമായില്ല. മെസി പെട്ടെന്ന് ദേഷ്യത്തിലായി. തന്റെ പിഴവാണെന്ന് നിരന്തരം കുറ്റപ്പെടുത്തി. അതെന്നെ പ്രകോപിതനാക്കി.

മത്സരത്തിനു ശേഷം മെസി താൻ ഡ്രസിങ് റൂമിലെത്താൻ കാത്തിരിക്കുകയായിരുന്നു. അതിനു ശേഷം ഗംഭീര വഴക്ക് ഉണ്ടായെന്നും ഇരുവരെയും സഹതാരങ്ങൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ബുർദീസോ അഭിമുഖത്തിൽ പറഞ്ഞു. ഫുട്ബോളിൽ ഇതെല്ലാം സാധാരണമാണ് കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണ് മെസി– ബുർദീസോ പറഞ്ഞു. അർജന്റീനയ്ക്ക് വേണ്ടി നാൽപത്തിയൊൻപതു മത്സരങ്ങൾ കളിച്ചിട്ടുണ്ട് ബുർദീസോ. ഇൻറർമിലാൻ, റോമ, ജെനോവ, ടോറിനോ എന്നീ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. 

മെസിയ്ക്കെതിരെ ആരോപണവുമായി ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. കളിക്കളത്തിൽ തന്നോട് വളരെ മോശമായി മെസി പെരുമാറിയെന്ന് ഇവാൻ റാക്കിട്ടിച്ച് തുറന്നടിച്ചു. 

MORE IN SPORTS
SHOW MORE