യുവന്റസ് ജേഴ്സിയില്‍ അവതരിച്ച് റൊണാള്‍ഡോ, മാ‍‍ഡ്രിഡിന് ആശങ്ക

ronaldo
SHARE

ഇറ്റാലിയന്‍ ക്ലബായ യുവന്റസ് ജേഴ്സിയില്‍ അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റലിയിലെ ടൂറിനില്‍  നടന്ന ചടങ്ങിലാണ് റൊണാള്‍ഡോയെ  ആരാധകര്‍ക്ക് മുന്നില്‍ യുവന്റസ് അവതരിപ്പിച്ചത്. അതേസമയം റൊണാള്‍ഡോയെ കൈവിട്ടതിലൂടെ  ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് റയല്‍ മഡ്രിഡ്. ലീഗിന്റെ പകിട്ട് കുറയുമെന്ന ആശങ്ക ലാ ലീഗയ്ക്കുമുണ്ട്.  

ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന് ഇത് ആഘോഷകാലമാണ്.  ക്ലബിന്റെ എക്കാലത്തേയും വിലകൂടിയ താരത്തെ കാണാന്‍ വമ്പന്‍ ആരാധകക്കൂട്ടമായിരുന്നു ടൂറിനില്‍. യുവന്റസിന് വേണ്ടി ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന്  കൂടി റൊണാള്‍ഡോ പറഞ്ഞതോടെ ആരാധകര്‍ക്ക് ഇരട്ടിമധുരം. യുവന്റസിലും ഏഴാം നമ്പര്‍ ജഴ്സി തന്നെ അണിയും സിആര്‍7. 33 വയസുകാരനായ റൊണാള്‍ഡോയെ വിട്ട് എംബാപ്പയെ പോലെ പുതിയ സെന്‍സേഷന്‍ യുവതാരങ്ങളെ സ്വന്തമാക്കിയാല്‍ അത് നേട്ടമാകുമെന്നാണ് റൊണാള്‍ഡോയെ വിട്ടുനല്‍കുമ്പോള്‍ റയല്‍ മഡ്രിഡ് കണക്കുകൂട്ടിയത്. 

പക്ഷെ തിരിച്ചടി കിട്ടിത്തുടങ്ങി. സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന കായികതാരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 330 ദശലക്ഷം പേര്‍  പിന്നാലെയുണ്ട്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും റൊണാള്‍ഡോയെ പിന്തുടരുന്നവരുടെ പകുതി പോലുമില്ല റയല്‍ മഡ്രിഡ് ക്ലബ്ലിന്.  ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി 24 മണിക്കൂറിനുള്ളില്‍ ഒരു മില്യണ്‍ ഫോളോവേഴ്സാണ് ട്വിറ്ററില്‍ റയല്‍ മഡ്രിഡിനെ കയ്യൊഴിഞ്ഞത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ റൊണാള്‍ഡോ എത്തിയതോടെ  യുവന്റസിന് പിന്നാലെ കൂടി. താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലൂടെ റയല്‍ മഡ്രിഡിന് കിട്ടിയിരുന്ന വരുമാനത്തിന്റെ നാല്‍പതു ശതമാനത്തിലധികവും റൊണാള്‍ഡോയിലൂടെയായിരുന്നു. അതും നിലച്ചു. 

ക്ലബ് ഫുട്ബോളില്‍ സ്പാനിഷ് ലാ ലീഗയെ പ്രിയങ്കരമാക്കിയത് ബാര്‍സ റയല്‍ പോരാട്ടത്തിനപ്പുറം മെസി – റൊണാള്‍ഡോ ഘടകമാണ്. ഏറ്റവുമധികം ആളുകള്‍ കാണുന്ന ക്ലബ് ഫുട്ബോള്‍ മല്‍സരമെന്ന റെക്കോര്‍ഡ് ബാര്‍സയും റയലും ഏറ്റുമുട്ടുന്ന എല്‍ക്ലാസിക്കോ സ്വന്തമാക്കിയതും മെസി – റൊണാള്‍ഡോ പോരിലൂടെയാണ്.  റഷ്യന്‍ ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ എന്നതായിരുന്നു ആദ്യ ചര്‍ച്ച. റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗിലേക്ക് പോയതോടെ സ്പാനിഷ് ലീഗിന്റെ ഗ്ലാമര്‍ കുറയുമെന്ന വിലയിരുത്തല്‍ തുടക്കം മുതലേ ഉണ്ട്. എതിരാളിയായി റൊണാള്‍ഡോ ഇല്ലെങ്കില്‍ പിന്നെന്തു മെസി എന്നതാണ് ഇപ്പോള്‍ ആരാധകരുടെ സംസാരം.  ഇതിനെല്ലാം പരിഹാരം കാണാന്‍ റൊണാള്‍ഡോയ്ക്ക് ഒപ്പംനിര്‍ത്താനും മാര്‍ക്കറ്റ് ചെയ്യാനും പറ്റിയ താരത്തെ സ്വന്തമാക്കുകയാണ് റയല്‍ മഡ്രിഡ് നേരിടുന്ന വെല്ലുവിളി. 

MORE IN SPORTS
SHOW MORE