ഫ്രാന്‍സിന് ഒപ്പമാണ്; പക്ഷെ ക്രൊയേഷ്യയ്ക്കായി പ്രാര്‍ത്ഥിക്കും: എന്തുകൊണ്ട് ഇങ്ങനെ..?

france-croatia
SHARE

കാല്‍പന്താട്ടത്തിന്റെ കലാശപ്പോരില്‍ നിറഞ്ഞാടാന്‍ ഫ്രാന്‍സിന്റെ യുവനിരയും ക്രൊയേഷ്യയുടെ സുവര്‍ണനിരയും മോസ്കോയിെല മൈതാനത്ത് അണിനിരക്കുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ആരാധകര്‍ക്ക് ആര്‍ക്കൊപ്പം നില്‍ക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഫുട്ബോള്‍ പ്രേമികള്‍ ആശയക്കുഴപ്പത്തിലാണ്. മറ്റൊന്നുമല്ല ഏതു ടീമിനുവേണ്ടി ആര്‍പ്പുവിളിക്കും എന്നതിലാണത്. ജര്‍മനിയും അര്‍ജന്റീനയും ബ്രസീലും സ്പെയിനും ബെല്‍ജിയവും ഇംഗ്ലണ്ടും പട്ടാഭിഷേകത്തിലേക്കുള്ള വഴിയില്‍ ഇടറി വീണപ്പോള്‍ ചരിത്രം കുറിച്ചാണ് ഫ്രാന്‍സും ക്രൊയേഷ്യയും പട്ടാഭിഷേകത്തിന് ഇറങ്ങുന്നത്. 

കളി മികവുകൊണ്ടും താരപ്പൊലിമകൊണ്ടും ഫുട്ബോള്‍ ആരാധകരുടെ മനസ് കീഴടക്കിയാണ് ഇരുടീമും കീരീടപ്പോരില്‍ നിറയുന്നത്. അതുകൊണ്ടുതന്നെ പലരും ‘ഫ്രാന്‍സിന് ഒപ്പമാണ്, പക്ഷെ ക്രൊയേഷ്യയ്ക്ക് വേണ്ടി പ്രാര്‍ഥിക്കും’എന്ന നിലപാടിലാണ്. 

പകരംവീട്ടുമോ?

1998ല്‍ ക്രൊയേഷ്യ ആദ്യമായി സെമിയിലെത്തുമ്പോള്‍ എതിരാളി ഫ്രാന്‍സായിരുന്നു. അന്ന് സിനദിന്‍ സിദാനെയും തിയറി ഒന്റിയെയും നയിച്ചെത്തിയ ദിദിയര്‍ ദെഷാംസ്, ക്രൊയേഷ്യയുടെ സുവര്‍ണകുമാരന്‍ ഡേവ് സൂക്കറെയും കൂട്ടരെയും തകര്‍ത്ത് കപ്പുയര്‍ത്തി. ദെഷാംസും സൂക്കറും വീണ്ടുമൊരു കിരീടപ്പോരിന് ഇറങ്ങുന്നു. ഇത്തവണ കളത്തിലല്ല, ഒരാള്‍ പരിശീലക വേഷത്തിലും മറ്റേയാള്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ വേഷത്തിലും.

എംബാപ്പെയെന്ന കൗമാരതാരം ഉള്‍പ്പെടുന്ന യുവനിരയെ പരിശീലിപ്പിച്ചെത്തുന്നത് 1998ലെ ക്യാപ്റ്റന്‍ ദെഷാംസാണ്. ലൂക്കാ മോഡ്രിച്ചും മരിയോ മന്‍സുകിച്ചും റാക്കിട്ടിച്ചും പെരിസിച്ചും ഉള്‍പ്പെടുന്ന ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നത് ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡേവ് സൂക്കറാണ്. ഫ്രാന്‍സ് ചരിത്രം ആവര്‍ത്തിക്കാന്‍ പാസുകള്‍ തീര്‍ക്കുമ്പോള്‍ ചരിത്രം മാറ്റിയെഴുതാനാണ് ക്രൊയേഷ്യയുടെ പാസുകള്‍.

യുവനിര Vs സുവര്‍ണനിര

ഗോള്‍കീപ്പര് ഹ്യൂഗോ ലോറിസ് നയിക്കുന്ന ടീമിലെ ഭൂരിഭാഗം കളിക്കാരും ക്രൊയേഷ്യ സ്വതന്ത്രമായശേഷം ജനിച്ചവരാണ്. കൈലിയന്‍ എംബാപ്പെയെന്ന കൗമാരക്കാന്‍ 1998ല്‍ ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ അമ്മയുടെ ഉദരത്തിലായിരുന്നു. ഗ്രീസ്മാന്റെ വേഗവും പോഗ്ബയുടെയും കാന്റെയുടെയും മധ്യനിരയിലെ ആസൂത്രണവും ഗോളടിച്ചില്ലെങ്കിലും വീറോടെ മുന്നില്‍ നില്‍ക്കുന്ന ജീറൂഡും ഗോളടിച്ചും പ്രതിരോധിച്ചും നില്‍ക്കുന്ന ഉംറ്റിറ്റിയും വരാനെയും പവാര്‍ഡും ചേര്ഡ‍ന്നാല്‍ ഫ്രാന്‍സിന്റ യുവരക്തമായി. ഡേവ് സ്യൂക്കറും സംഘവും 1998ലെ സെമിയില്‍ തോറ്റു മടങ്ങുമ്പോള്‍ ലൂക്കാ മോഡ്രിച്ചിന്റെയും മരിയോ മന്‍സുകിച്ചിന്റെയും നെഞ്ചില്‍ കോരിയിട്ട തീക്കനല്‍, ആളിപ്പടര്‍ത്തി ഫ്രാന്‍സിനെ വിഴുങ്ങാന്‍ മോസ്കോയില്‍ ഇറങ്ങുമ്പോള്‍ അവരുടെ പോരാട്ടവീര്യം ഫുട്ബോല്‍ ലോകം ഒന്നാകെ നെഞ്ചിലേറ്റും. 

MORE IN SPORTS
SHOW MORE