മൂന്നാം സ്ഥാനമുറപ്പിക്കാനൊരുങ്ങി ബെൽജിയം, പ്രതീക്ഷ ക്യാപ്റ്റൻ ഏദൻ ഹസാർഡിൽ

eden-hazard-belgium-captain
SHARE

സെമിഫൈനലിലെ തോല്‍വിക്ക് മൂന്നാംസ്ഥാനം കൊണ്ട് പരിഹാരം കാണാനാകും ബെല്‍ജിയം ശ്രമിക്കുക. ഫ്രാന്‍സിനെതിരെ മികച്ച പ്രകടനവുമായി കളം നിറഞ്ഞ ഏദന്‍ ഹസാര്‍ഡില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷകള്‍.

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസം ചെങ്കുപ്പായക്കാര്‍ക്ക് കരുത്ത് പകരും. സെമിയിലെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷുകാരേക്കാള്‍ മേല്‍ക്കൈ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയ്ക്കാണ്. മധ്യനിരയില്‍ തീപ്പൊരി ചിതറിക്കുന്ന ഏദന്‍ ഹസാര്‍ഡും ഡിബ്രൂയിനും ഫെല്ലൈനിയുമെല്ലാം ഇംഗ്ലീഷ് പ്രതിരോധത്തെ പലകുറി പരീക്ഷിക്കുമെന്നുറപ്പ്. സാന്‍ഡ്‌വിച്ച് പ്രതിരോധവുമായി ഫ്രാന്‍സ് രംഗത്തെത്തിയപ്പോഴും ഗോള്‍ മുഖത്തെത്താന്‍ ഏദന്‍ ഹസാര്‍ഡിന് കഴിഞ്ഞത് ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. 

വിന്‍സന്റ് കോംപനി നയിക്കുന്ന പ്രതിരോധവും മികച്ചതാണ്. ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്കുകളെ ഫലപ്രദമായി നേരിടാന്‍ കോംപനിക്കും സംഘത്തിനും കഴിഞ്ഞിരുന്നു. ഗോള്‍ കീപ്പര്‍ തിബോ കോര്‍ട്ട്വയും മികച്ച ഫോമിലാണ്. എങ്കിലും ഫ്രാന്‍സ് തീര്‍ത്ത പ്രതിരോധ മതില്‍ ഭേദിക്കാന്‍ കഴിയാതിരുന്നത് ടീമിന് തലവേദനയാണ്. ഫ്രാന്‍സിനെതിരെ ലുക്കാക്കു തീര്‍ത്തും മങ്ങിപ്പോയി. 

ലുക്കാക്കു കൂടി ഫോമിലായാല്‍ ലയണ്‍സിന്റെ ഗോള്‍മുഖം വിറകൊള്ളും. ഫ്രാന്‍സിനെതിരായ മല്‍സരത്തിന്റെ വെളിച്ചത്തില്‍ ഇംഗ്ലീഷ് പ്രതിരോധത്തെ നേരിടാന്‍ വ്യക്തമായ തന്ത്രങ്ങളൊരുക്കിയാകും ചെകുത്താന്‍മാര്‍ കളത്തിലിറങ്ങുക.

MORE IN SPORTS
SHOW MORE