അഭയാർത്ഥി ക്യാംപിൽ നിന്ന് ലോക ഹൃദയത്തിലേയ്ക്ക്; ലൂക്ക മോഡ്രിച്ച് എന്ന പോരാളിയുടെ കഥ

modric
SHARE

യുറോപ്പിലെ കുഞ്ഞൻ രാജ്യമായ ക്രോയേഷ്യ ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ലോകകപ്പിനു മുൻപ് ആരും പരിഗണിക്കാതിരുന്ന ടീം ലോകകപ്പിന്റെ ഫൈനലിൽ. ക്രൊയേഷ്യയുടെ വിജയങ്ങളുടെ നെടുംതുണായയത് ലൂക്ക മോഡ്രിച്ച് എന്ന സൂപ്പർ താരമാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ മധ്യനിര താരം സൂപ്പർതാരങ്ങളെ പിന്തളളി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു.

പ്രതിസന്ധികളിലൂടെയാണ് ലൂക്ക മോഡ്രിച്ച് സൂപ്പർതാര പദവിയിലേയ്ക്ക് നടന്നടുത്തത്. കഠിനമായ കുട്ടിക്കാലവും പ്രതിസന്ധി ഏറെ നിറഞ്ഞ കരിയറും പിന്നിലുളളതു കൊണ്ടാകും ലൂക്കയുടെ വാക്കിനും പ്രവൃത്തിക്കും ഇത്രയേറേ മൂർച്ചയുളളത്. ‘നിങ്ങളാദ്യം എതിരാളികളെ ബഹുമാനിക്കൂ..’ എന്ന് ഇംഗ്ലണ്ട് ടീമിന്റെയും മാധ്യമങ്ങളുടെയും മുഖത്ത് നോക്കി അയാൾക്ക് പറയാൻ സാധിക്കുന്നത് തന്നെ അനുഭവങ്ങളുടെ തീച്ചൂളയിൽ അയാൾ കുരുത്തത് കൊണ്ട് തന്നെയാണ്. 

mordich-real-madrid

ലോകകപ്പ് ഫൈനലിലേയ്ക്ക് തന്റെ രാജ്യത്തെ ചങ്കുറപ്പോടെ നയിച്ച് താരമാകുന്നതിന് മുൻപ് മോഡ്രിച്ചിന് അവിശ്വസനീയമായ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. 1991 ‍ഡിസംബറിൽ മോഡ്രിച്ചിന് ആറ് വയസ് ഉളളപ്പോൾ ബാൽക്കൻ യുദ്ധം നടക്കുകയായിരുന്നു. സെർബിയൻ പട ഡാല്‍ മേഷ്യയിലെ ക്രൊയേഷ്യന്‍ ഗ്രാമങ്ങളിൽ ക്രൂരമായ ആക്രമണം അഴിച്ചു വിട്ടു. നാട് വിടാത്ത കുടുംബങ്ങളെ അവർ തേടിപിടിച്ച് വേട്ടയാടി. ആ ക്രൂര ആക്രമണത്തെ അതിജീവിച്ചവരിൽ മോഡ്രിച്ചിന്റെ കുടുംബവും ഉണ്ടായിരുന്നു. 

താൻ ഏറെ ബഹുമാനിക്കുകയും നെഞ്ചോട് ചേർക്കുകയും ചെയ്യുന്ന മുത്തച്ഛനെ അക്രമികൾ കൺമുന്നിൽ വെടിവെച്ചു കൊല്ലുമ്പോൾ നിസഹായതയോടെ എല്ലാ വിഷമവും നെഞ്ചിലൊളിപ്പിച്ച് നിൽക്കേണ്ടി വന്നു ആറു വയസുകാരൻ മോഡ്രിച്ചിന്. ദരിദ്രമായ ഒരു കുടംബപശ്ചാത്തലമായിരുന്നു മോഡ്രിച്ചിനുണ്ടായിരുന്നത്. ദൂരെയുളള പട്ടണത്തിൽ തുന്നൽ വേല ചെയ്താണ് മോഡ്രിച്ചിനെ അച്ഛനും അമ്മയും വളർത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ മുത്തച്ഛൻ ലുക്ക മോഡ്രിച്ച് സീനിയറായിരുന്നു മോഡ്രിച്ചിന്റെ എല്ലാം. ലൂക്ക മോഡ്രിച്ച് സീനിയറിനോടോപ്പം അഞ്ച് പേരെയും സെർബിയൻ പട വെടിവെച്ചു വീഴ്ത്തി. ഗത്യന്തരമില്ലാതെ നാടുവിട്ട മോഡ്രിച്ചിന്റെ കുടുംബം എത്തിച്ചേർന്നത് ഒരു അഭയാർത്ഥി ക്യാമ്പിലാണ്. വെളളവും വൈദ്യുതിയും ഇല്ലാതെ ബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദത്തിലായിരുന്നു ബാല്യകാലം. ലൂക്കയ്ക്കും സഹോദരി ജാസ്മിനക്കും പ്രദേശത്ത് കൂടെ നടക്കണമെങ്കില്‍ നിലത്ത് മൈനുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമായിരുന്നു. 

modrich-croatia

ഇതിനൊന്നും മോഡ്രിച്ചിന്റെ ഫുട്ബോൾ പ്രേമത്തെ തകർക്കാൻ കഴിഞ്ഞിരുന്നില്ല. അയാൾ ഫുട്ബോളിനെ സ്നേഹിച്ചു. ഒരു കാലത്ത് താരമായി അവരോധിക്കപ്പെടുന്നത് സ്വപ്നം കണ്ട്. അഭയാർത്ഥി ക്യാമ്പിൽ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ കഷ്ടപ്പാടുകളും ദുരിതകളും പേറിയ ആ ബാലനാണ് ക്രോയേഷ്യയുടെ ഫുട്ബോൾ സ്വപ്നങ്ങളുടെ നെടുംതുൺ. 

‘സാമ്പത്തികമായി പിന്നാക്കമായിരുന്നു. ഹോട്ടലുകളിൽ വൃത്തിയില്ലാത്ത മുറികളിൽ വാടകയ്ക്ക് കുടുംബത്തിനൊപ്പം പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഞാൻ ഫുട്ബോളിനെ സ്നേഹിച്ചു. റൊണാൾഡോ ലൂയിസ് എന്ന ബ്രസീലിയൻ ഇതിഹാസതാരമാണ് ഏറ്റവുമധികം എന്നെ പ്രചോദിപ്പിച്ചിട്ടുളളത്. ഏറ്റവും അധികം എന്നെ മോഹിപ്പിട്ടുളളതും ആ ഇതിഹാസത്തിന്റെ കാൽചലനങ്ങളാകും. യുദ്ധം എന്നെ ശക്തനാക്കി. എന്റെ കുടുംബം എന്നോടോപ്പം ഏറെ നാൾ സഹിക്കുന്നത് എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല...’ മോഡ്രിച്ച് പറയുന്നു.  

luka-modric-croatia

ഒരു ഇഷ്ടക്കേടിന്‍റെ കഥ

ക്രോയേഷ്യൻ ആരാധകരുടെ ചങ്കിടിപ്പായിരുന്ന മോഡ്രിച്ചിനോട് ക്രോയേഷ്യക്കാർക്കൊരു ഇഷ്ടക്കേട് ഉണ്ട്. ആ ഇഷ്ടക്കേട് കഴുകികളയാൻ ലോകകപ്പ് ജയത്തേക്കാൾ കുറഞ്ഞതൊന്നും മോഡ്രിച്ച് ആഗ്രഹിക്കുന്നുണ്ടാകില്ല. ക്രൊയേഷ്യൻ ഫുട്ബോൾ രംഗത്തെ അതികായനായിരുന്ന സ്ദ്രാവ്കോ മാമിച്ചുമായുള്ള വഴിവിട്ട ബന്ധമാണു മോഡ്രിച്ചിനെ നാട്ടുകാർക്കു വെറുക്കപ്പെട്ടവനാക്കിയത്. ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റും ക്രൊയേഷ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഡൈനാമോ സാഗ്രെബിന്റെ ഡയറക്ടറുമായിരുന്നു മാമിച്ച്. ക്രൊയേഷ്യൻ ഫുട്ബോളിലെ അഴിമതിയുടെ പേരിൽ നാട്ടുകാർക്കിടയിൽ അവമതിപ്പുണ്ടായിരുന്ന മാമിച്ചിന് അനുകൂലമായി കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞതോടെയാണു ക്രൊയേഷ്യൻ ആരാധകർക്കു മോഡ്രിച്ചിനോടും ഇഷ്ടക്കേടു തുടങ്ങിയത്. സത്യവാങ്മൂലത്തിനു വിരുദ്ധമായി മൊഴിനൽകിയ മോഡ്രിച്ചിനെതിരെ കോടതി വഞ്ചനക്കുറ്റം ചുമത്തി. മോഡ്രിച്ചിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക ട്രോളുകളാണു പിന്നീടു പ്രചരിച്ചത്. ‘ഞാൻ ഓർക്കുന്നില്ല,’ എന്നു മോഡ്രിച്ച് കോടതിയിൽപ്പറഞ്ഞ വാക്കുകൾക്ക്, ‘ലൂക്കാ, എന്നെങ്കിലും നിങ്ങൾ ഇക്കാര്യം ഓർക്കും’ എന്നു ഫുട്ബോൾ പ്രേമികൾ ചുവരെഴുതി.

ലോകകപ്പിൽ ഇത് ചരിത്രമാണ് 20 –ാം റാങ്കിലുളള ഒരു ടീം ഫൈനൽ കളിക്കുക. അവിശ്വസനീയമായ കാഴ്ച. ഞായാറാഴ്ചത്തെ കളി മരണക്കളിയാണ്. 1998 ൽ ആദ്യ സെമി കളിച്ചപ്പോൾ അന്ന് വീണത് ഫ്രാൻസിനു മുൻപിലാണ്. അന്ന് ഫ്രാൻസിനെ നയിച്ച ദിദിയർ ദെഷാംസ് ഇന്ന് ഫ്രാ്‍സ് ടീമിന്റെ പരിശീലകനാണ്.  ക്രോയേഷ്യക്ക് ജയം കൂടിയേ തീരൂ. യുദ്ധവും ആഭ്യന്തരകലഹവും വീർപ്പുമുട്ടിച്ച ഒരു ജനത ലോകത്തിനു മുൻപിൽ തലയുയർത്തുകയാണ്. മോ‍ഡ്രിച്ച് ഈ ലോകകപ്പിൽ മുത്തമിടുന്നത് അയാൾ പലതവണ മനസിൽ കണ്ടുകഴിഞ്ഞു. പരാജയത്തിന് ആ പോരാളിയെ ഇനി തളർത്താനാകില്ല. വിജയം അയാളെ മത്തുപിടിപ്പിക്കുകയുമില്ല. ലോകം കാതോർക്കുകയാണ്. പരാജയങ്ങളിൽ തളരാത്ത ആ പോരാളി ലോകകപ്പിൽ മുത്തമിടുന്നത് കാണാൻ. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.