ലോകകപ്പ് നേടിയില്ലെങ്കിലും സൗത്ത്ഗേറ്റിന്റെ ‘കണ്ടം വച്ച’കോട്ട് ലോകം കീഴടക്കി

gareth-southgate
SHARE

ത്രീ ലയണ്‍സ് നന്നായി പൊരുതി, ഭാവിയിലേക്ക് ഒരുപിടി താരങ്ങളെ ലോക ഫുട്ബോളിന് അണിനിരത്തി. ഒപ്പം ഒരു പരിശീലകന്റെ ഉദയവും ഫുട്ബോള്‍ ലോകം കണ്ടു. പരിശീലകന്‍ എന്ന നിലയിലും വേഷവിധാനങ്ങള്‍ കൊണ്ടും ഗരേത്ത് സൗത്ത്ഗേറ്റ് അങ്ങനെ ഈ ലോകകപ്പിന്റെ കോച്ചായി.  പ്രീമിയര്‍ ലീഗിലെ യുവതാരങ്ങളെ കണ്ടെത്തി സ്പെഷലിസ്റ്റ് പരിശീലകരെ വച്ച് ടീമിനെ ഒരുക്കിയ ഗരേത്ത് സൗത്ത്ഗേറ്റ് പുതുചരിത്രം കുറിക്കാനാണ് ഇംഗ്ലണ്ടിനെ റഷ്യയിലേക്ക് എത്തിച്ചത്. 28വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടിനെ ലോകകപ്പിന്റെ സെമിയിലെത്തിച്ചു. 

സെമിയില്‍ തോറ്റെങ്കിലും ഇംഗ്ലണ്ട് പരിശീലകന്‍ ഗരേത്ത് സൗത്ത്ഗേറ്റിന്റെ വെയ്സ്റ്റ് കോട്ട് നാട്ടിലെങ്ങും തരംഗമായി. റഷ്യന്‍ മൈതാനങ്ങളില്‍ ടീം പന്താട്ടം നടത്തുമ്പോള്‍ ഡഗൗട്ടില്‍ കടുംനിറങ്ങളുടെ വെയ്സ്റ്റ്കോട്ട് ഇട്ട് ശാന്തനായിട്ടാണ് തന്ത്രങ്ങള്‍ മെനഞ്ഞത്. ടീം ജയിച്ചുകയറുന്നതിനൊപ്പം സൗത്ത്ഗേറ്റിന്റെ വെയ്സ്റ്റ് കോട്ടിനും ആവശ്യക്കാരേറി. ജന്മനാടായ ഫ്യൂസ്റ്റണില്‍ നിന്ന് പത്ത് മൈല്‍ അകലെയുള്ള ഹരോഗേറ്റിലെ കടയില്‍ സ്യൂട്ട് തയിപ്പിച്ച് ലോകകപ്പിനിറങ്ങിയ സൗത്ത്ഗേറ്റ് ഇങ്ങനൊരു തരംഗം പ്രതീക്ഷിച്ചില്ല. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റിഷൂട്ടൗട്ടില്‍ തോല്‍പിച്ചതോടെയാണ് സൗത്ത്ഗേറ്റിന്റെ കോട്ടും തരംഗമായത്. 

ലോകകപ്പില്‍ ഇതുവരെ പെനല്‍റ്റിഷൂട്ടൗട്ടില്‍ വിജയിച്ചിട്ടില്ലെന്ന ശാപമാണ് സൗത്ത്ഗേറ്റ് മാറ്റിയെഴുതിയത്. 2016ല്‍ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ചുമതലയേറ്റപ്പോഴാണ് സൗത്ത്ഗേറ്റിന് തന്റെ വസ്ത്രധാരണത്തെനെപ്പറ്റി ചിന്തയേറിയത്. അങ്ങനെയാണ് നാട്ടിലെ തയ്യല്‍ക്കാരന്റെ അടുത്തെത്തിയത്. നീലനിറത്തോടാണ് സൗത്ത്ഗേറ്റിന് ഇഷ്ടം. കടുനീല നിറത്തിലുള്ള വെയ്സ്റ്റ്കോട്ടിന്റെ മുഴുവന്‍ പ്രൗഢിയും ലഭിക്കുന്ന വിധത്തിലായിരുന്നു ഷര്‍ട്ടുകളുടെ തിരഞ്ഞെടുപ്പും. കടുംനിറത്തിലെ കോട്ടുകളില്‍ ചെലപ്പോള്‍ വരകളും ഇടം നേടി. 

ഡഗൗട്ടില്‍ ശാന്തനായി നിന്ന സൗത്ത്്ഗേറ്റിനെക്കാള്‍ അദ്ദേഹത്തിന്‍റെ വേഷവിധാനത്തിന്റെ ഭാംഗിയിലേക്ക് ക്യാമറക്കണ്ണുകള്‍ എത്തിയതോടെയാണ് ലോകം അതിന്റെ ഗാംഭീര്യം തിരിച്ചറിഞ്ഞത്. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സറിന്റെ ഔട്ട്്ലെറ്റുകളില്‍ വെയ്സ്റ്റ് കോട്ടുകളുടെ വില്‍പന 35ശതമാനം വര്‍ധിച്ചു. ഓണ്‍ലൈന്‍ വില്‍പനയിലും പുരോഗതിയുണ്ടായെന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ റീട്ടെയ്്‌ലര്‍മാരായ മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സര്‍ സാക്ഷ്യപ്പെടുത്തുന്നു. 

1997ല്‍ തന്റെ വിവാഹത്തിന് സൗത്ത്ഗേറ്റ് ധരിച്ച ഇളംനിറത്തിലെ കോട്ട് സൗത്ത്ഗേറ്റിന് ഒട്ടും ചേര്‍ന്നതായിരുന്നില്ല. എന്നാല്‍ നാലുവര്‍ഷം മുമ്പ് ജന്മനാട്ടിെല ഹരോഗേറ്റിലെ വില്യം ഹണ്ടിന് അടുത്തെത്തിയപ്പോഴാണ് സൗത്ത്ഗേറ്റിന്റെ വെയ്സ്റ്റ് കോട്ടിന് ഇത്രയം സൗന്ദര്യംവച്ചത്. വളരെ ശാന്തനായ മനുഷ്യന്‍, അദ്ദേഹമാണ് തുണിയും നിറവും നിശ്ചയിക്കുന്നതെന്ന് വില്യം പറയുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.