‘എതിരാളിയെ ബഹുമാനിക്കാന്‍ പഠിക്കണം’ ഇംഗ്ലണ്ടിനോട് ലൂക്കാ മോഡ്രിച്ച്

luka-modric-1
SHARE

ഒരു ഗോളില്‍ അടിച്ചമര്‍ത്താമെന്ന ഇംഗ്ലീഷ്കാരുടെ അതിമോഹമാണ് ക്രൊയേഷ്യ തകര്‍ത്തെറിഞ്ഞത്. പിന്നില്‍ നിന്ന് ഓടിക്കയറുന്നവര്‍, പുറമെ ശാന്തര്‍, വംശീയകൊലവെറിയുടെ ശേഷിപ്പ് പേറുന്നവര്‍, അതിനാ‍ല്‍ പോരാട്ടം ക്രോട്ടുകളെ പഠിപ്പിക്കേണ്ടതില്ല. 1991ല്‍ രൂപീകൃതമായ ക്രൊയേഷ്യ  ഏഴുവര്‍ഷത്തിനുശേഷം 1998ല്‍ ആദ്യ ലോകകപ്പിനെത്തി. ആദ്യലോകകപ്പില്‍ തന്നെ സെമിയിലെത്തി മൂന്നാംസ്ഥാനവുമായി മടങ്ങി. 

എതിരാളികളെ ബഹുമാനിക്കണം

ലോക റാങ്കിങ്ങില്‍ 20ാം സ്ഥാനത്ത് ഉള്ള ക്രൊയേഷ്യ, പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും അധികസമയവും പെനല്‍റ്റി ഷൂട്ടൗട്ടും കഴിഞ്ഞെത്തിയവര്‍. യുവനിരയല്ല, പരിചയസമ്പന്നരുടെ നിര. എന്നാല്‍ 30കളിലേക്ക് എത്തിയവര്‍. സെമിയിലേക്കെത്തുമ്പോള്‍ ക്രൊയേഷ്യയ്ക്കെതിരെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ വിലയിരുത്തല്‍ ഇതായിരുന്നു. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെ തോല്‍പിച്ച് ചരിത്ര ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ നായകന്‍ ലൂക്കാ മോഡ്രിച്ച് പറഞ്ഞത് ‘നിങ്ങളാദ്യം എതിരാളികളെ ബഹുമാനിക്കൂ’ എന്ന്. എതിരാളികളെ ഒരിക്കലും ദുര്‍ബലരായി കാണരുതെന്നും ഇംഗ്ലണ്ടിനോടുള്ള ഉപദേശത്തില്‍ മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു. കോച്ച് സ്ലാട്ട്ക്കോ ദാലിച്ചും നായകന്റെ വാക്കുകള്‍ക്കൊപ്പം നിന്നു. ഇംഗ്ലണ്ടുകാര്‍ എതിരാളികളെ ബഹുമാനിച്ചില്ലെന്ന് പറയാന്‍ ദാലിച്ചും മടിച്ചില്ല.

ആത്മസമര്‍പ്പണത്തിന്റെ ജയം

കളിയുടെ അഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡെടുത്തപ്പോള്‍ എല്ലാം തീര്‍ന്നുവെന്ന് ക്രൊയേഷ്യ കരുതിയില്ല. മറിച്ച് അന്ത്യംവരെ പോരാടാന്‍ ഉറച്ചു. ഒന്ന് അടിച്ചമര്‍ത്തിക്കഴിഞ്ഞാല്‍ അവര്‍ എന്നും കാല്‍ക്കീഴില്‍ കിടക്കുമെന്ന കഥകേട്ട് വളര്‍ന്ന  ഇംഗ്ലണ്ടിന്റെ യുവനിരക്ക് തെറ്റി. സ്വാതന്ത്ര്യത്തിനുവേണ്ടി അവസാന ശ്വാസംവരെയും പൊരുതണമെന്നാണ് ക്രോട്ടുകളെ അവരുടെ മുത്തച്ഛന്മാര്‍ പഠിപ്പിച്ചത്. ഈ പോരാട്ടം പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നപ്പോഴും ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയ്ക്കെതിരെ പിന്നില്‍ നിന്നപ്പോഴും അവര്‍ ലോകത്തെ കാണിച്ചതാണ്. അതൊന്നും ഇംഗ്ലീഷുകാര്‍ കണ്ടില്ലെന്ന് തോന്നി. 

പെരിസിച്ചിലൂടെ സമനിലയും മരിയോ മന്‍സുകിച്ചിലൂടെ വിജയവും തീര്‍ത്ത് അവര്‍ കീരിടപോരാട്ടത്തിന് അര്‍ഹരായി. ക്രൊയേഷ്യന്‍ ഫുട്ബോളിന്റെ സുവര്‍ണതലമുറയാണ് റഷ്യയുടെ വിപ്ലവമണ്ണില്‍ വിപ്ലവം തീര്‍ത്തിരിക്കുന്നത്. ലൂക്കാ മോഡ്രിച്ചും റാക്കിട്ടിച്ചും  പെരിസിച്ചും മന്‍സുകിച്ചും സുബാസിച്ചും വിയര്‍പ്പൊഴുക്കി നേടിയ വിജയം. എട്ടോളം കളിക്കാരെ ദീര്‍ഘസമയം കളിച്ചതിന്റെ ക്ഷീണം അലട്ടുന്നുണ്ടായിരുന്നു. പക്ഷെ അവരാരും അതെക്കുറിച്ച് പറഞ്ഞില്ലെന്നും, സെമിയില്‍ വിജയത്തിനായി പോരാടുമെന്ന് നെഞ്ചില്‍തൊട്ടവര്‍ പറഞ്ഞെന്ന് കോച്ച് ദാലിച്ച് മല്‍സരശേഷം പറഞ്ഞു. 

england-croatia-2

പട്ടാഭിഷേകത്തിന് തയാര്‍

ഞായറാഴ്ച ഫ്രാന്‍സിനെതിരെ ബൂട്ടുകെട്ടുമ്പോള്‍ ക്രൊയേഷ്യയ്ക്ക്  കണക്ക് തീര്‍ക്കാനുണ്ട്, പകരം വീട്ടാനുണ്ട്. 1998ല്‍ ആദ്യ സെമി കളിച്ചപ്പോള്‍ ഫ്രാന്‍സായിരുന്നു എതിരാളി, അന്ന് 2–1നാണ് തോറ്റത്, അന്ന് ടീമിനെ നയിച്ചത് ദിദിയര്‍ ദെഷാംസ് ആയിരുന്നു. ആ ദെഷാംസ് ഇപ്പോള്‍ ഫ്രാന്‍സിന്റെ യുവസുന്ദരന്മാരെ പരിശീലിപ്പിച്ച് ഫൈനലിലെത്തി നില്‍ക്കുന്നു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമാണ് 20റാങ്കിലുള്ള ടീം ഫൈനലിലെത്തുന്നത്. തോല്‍ക്കാതെ മുന്നേറിയ രണ്ടു ടീമുകളാണ് ഫ്രാന്‍സും ക്രൊയേഷ്യയും. ഒന്നിന് യുവനിരയുടെ കരുത്തും മറ്റൊന്നിന് സുവര്‍ണതലമുറയുടെ പോരാട്ടവീര്യവും. ഒരു ജയം അകലെ ചരിത്രം നില്‍ക്കുമ്പോള്‍ ക്രോട്ടുകള്‍ ഫ്രഞ്ച് പടയ്ക്കെതിരെ വര്‍ധിതവീര്യത്തോടെ പൊരുതും. 

MORE IN SPORTS
SHOW MORE