ബെല്‍ജിയത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഫ്രാന്‍സ്‍‌ മധ്യനിര

french-midfield-t
SHARE

സെമി ഫൈനലില്‍ ബെല്‍ജിയത്തിന് വെല്ലുവിളി ഉയര്‍ത്തുക ഫ്രാന്‍സിന്റെ മധ്യനിരയാകും. പോഗ്ബയും ഗ്രീസ്മാനുമടങ്ങുന്ന മധ്യനിരയ്ക്കൊപ്പം മുന്നേറ്റത്തില്‍ കൈലിയന്‍ എംബാപ്പയും ചേരുമ്പോള്‍ ബെല്‍ജിയം പ്രതിരോധം വിയര്‍ക്കും. എന്നാല്‍  ഈ മൂന്ന് താരങ്ങളെ മാത്രം കേന്ദ്രീകരിച്ച് ബെല്‍ജിയം പരിശീലകന്‍ തന്ത്രങ്ങള്‍ മെനഞ്ഞാല്‍ അവരുടെ ലോകകപ്പ് സ്വപ്നങ്ങള്‍ സെമിഫൈനലില്‍ അവസാനിക്കും

സിനദിന്‍ സിദാന്‍, തിയറി ഹെന്റ്രി, കരിം ബെന്‍സേമ, ഓരോ കാലഘട്ടത്തിലേയും ഫ്രഞ്ച് പടയിലെ നായകന്‍മാര്‍. 98ല്‍ കിരീടം നേടിയ സിദാന്‍ 2006 ഫൈനലില്‍ ഇടിച്ചിട്ടത് ഫ്രാന്‍സിന്റെ രണ്ടാം കിരീട മോഹങ്ങള്‍. പക്ഷെ സീസു അവര്‍ക്കിന്നും നായകനാണ്. തോറ്റുപോയവനാണെങ്കിലും ബെന്‍സേമയും നെപ്പോളിയന്റെ നാട്ടുകാര്‍ക്ക് ഹീറോ തന്നെ.

98ലെ കിരീട നേട്ടത്തിന് ശേഷം റഷ്യയില്‍ പാരിസ് വീണ്ടും കനകക്കിരീടം സ്വപ്നം കാണുമ്പോള്‍ പ്രതീക്ഷകള്‍ കൈലിയന്‍ എംബാപ്പയിലും ആന്റോയിന്‍ ഗ്രീസ്മാനിലും പോഗ്ബയിലുമാണ്.

ഫ്രഞ്ച് സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനാഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രതീക്ഷകൂടിയാണ് എംബാപ്പെ. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തകര്‍ത്തത് എംബാപ്പയുടെ മികവില്‍. ഈ യുവതാരത്തിന്റെ വേഗതയ്ക്കും ഡ്രിബ്ളിങിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നീലപ്പടയ്ക്കായില്ല. ലോകകപ്പിലിതുവരെ മൂന്ന് ഗോളടിച്ച താരം ഫ്രാന്‍സിനായി വിശ്വമേളയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്

ഫ്രഞ്ച് നിരയിലെ നിശബ്ദകൊലയാളിയാണ് ഗ്രീസ്മാന്‍. സെറ്റ്പീസുകളിലെ വൈദഗ്ദ്യവും ബോക്സ് ടു ബോക്സ് പ്ലേയും ഗ്രീസ്മാനെ അപകടകാരിയാക്കുന്നു. വ്യത്യസ്ഥ പൊസിഷനുകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കളിക്കാരന്‍ കൂടിയാണ് ഗ്രീസ്മാന്‍ . ബെല്‍ജിയത്തിന്റെ ഡിബ്രൂയിനെയുടെ വെര്‍സറ്റാലിറ്റിയും  ഹസാര്‍ഡിന്റെ   ബ്രില്യന്‍സും ഒരുപോലെ ചേര്‍ന്ന താരം.

മൗറീഞ്ഞോയുടെ വാക്കുകള്‍ കടമെടുത്താല്‍ നീളം കാലുകളില്‍ അല്‍ഭുതമൊളിപ്പിച്ച് നിമിഷാര്‍ധത്തില്‍ കളിയുടെ ഗതി മാറ്റാന്‍ മിടുക്കുള്ളവനാണ് പോഗ്ബ. കഴിഞ്ഞ ലോകകപ്പില്‍ മികച്ച യുവതാരമായ പോഗബയുടെ വേഗതയും സ്കില്ലും ഉയരവും ചെമ്പടയുടെ നെഞ്ചിടിപ്പേറ്റും. പ്രതിരോധത്തില്‍ ഉംറ്റിറ്റിയും ലെസ് ബ്ലൂസിന് നിര്‍ണായകമാകും. പ്രതിരോധത്തില്‍ രണ്ടുകല്‍പ്പിച്ചുകളിക്കുന്ന താരമാണ് ഉംറ്റിറ്റി. ലുക്കാകുവിന് സമാനമായ വേഗതയും ശാരീരിക മികവും സെമിയില്‍ ദെഷാംസ് വേണ്ട രീതിയില്‍ ഉപയോഗിക്കുമെന്നതില്‍ സംശയമില്ല

MORE IN SPORTS
SHOW MORE