ബെക്കാം ബുക്കുമായി ഇംഗ്ലണ്ട്; മുന്നേറ്റം സെറ്റ് പീസ് മികവില്‍; ത്രീ ലയണ്‍സിനെ പഠിപ്പിക്കുന്നതാര്?

england
SHARE

സെറ്റ് പീസ് ഗോള്‍ ഈ ലോകകപ്പിന്റെ ഹരമാകുമ്പോള്‍ ഹാരി കെയ്ന്റെ ഇംഗ്ലണ്ടാണ് സെറ്റ് പീസ് ഗോള്‍ അടിക്കുന്നതില്‍ മിടുക്കര്‍. ഗ്രൂപ്പിലെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് നേടിയ എട്ടുഗോളുകളില്‍ ആറും സെറ്റ് പീസ് ഗോളുകളായിരുന്നു. 2014ലെ ലോകകപ്പില്‍ ഒരു സെറ്റ് പീസ് ഗോള്‍ പോലും നേടാതിരുന്ന ഇംഗ്ലീഷ് പടയാണ് റഷ്യയില്‍ വിസ്മയം തീര്‍ക്കുന്നത്. കോച്ച് സൗത്ത്ഗേറ്റിനൊപ്പമുള്ള സംഘമാണ് ത്രീ ലയണ്‍സിനെ സെറ്റ് പീസുകളുടെ രാജാക്കന്മാരാക്കുന്നത്.

ഗ്രൂപ്പ് ചാംപ്യന്‍ പട്ടം സ്വന്തമാക്കാ ഇംഗ്ലണ്ട് ഇന്ന് ബെല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോള്‍ ചില ചിന്തകള്‍.

ത്രീ ലയണ്‍സിനെ പഠിപ്പിക്കുന്നതാര്?

മുഖ്യപരിശീലകന്‍ സൗത്ത് ഗേറ്റ്. പ്രതിരോധനിരതാരം, മധ്യനിരതാരം, പ്രീമീയര്‍ ലീഗിലെ മല്‍സര പരിചയം, ക്യാപ്റ്റന്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള 47കാരനായ സൗത്ത് ഗേറ്റ് ത്രീ ലയണ്‍സിന്റെ ചുമതലയേറ്റശേഷം ടീമിന്റെ കളി ശൈലിയില്‍ കാതലായ മാറ്റം വരുത്തി. ലോകകപ്പിന് തിരഞ്ഞെടുത്ത 23കളിക്കാരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവര്‍. വായുവിലൂടെയുള്ള നീക്കങ്ങള്‍ക്ക് (എയര്‍ ബോളുകള്‍) വലിയ പ്രാധാന്യം കല്‍പിക്കുന്നില്ല. എല്ലാ വിഭാഗത്തിലും സ്പെഷല്‍ കോച്ചിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഗോള്‍കീപ്പിങ് കോച്ചായി മാര്‍ട്ടിന്‍ മാര്‍ഗെസ്റ്റന്‍. ഇത് മിക്ക ടീമുകളിലും കാണുന്നതാണ്. മറ്റു ടീമുകളില്‍ നിന്ന് വിഭിന്നമായി സ്ട്രൈക്കര്‍മാര്‍ക്ക് മാത്രമായി ഒരു സഹപരിശീലകനെ സൗത്ത്ഗേറ്റ് ടീമിനൊപ്പം ചേര്‍ത്തു. അലന്‍ റസല്‍ എന്ന സ്കോട്ട്്ലന്‍‍ഡിന്റെ മുന്‍ മുന്നേറ്റ നിര താരത്തെയാണ് ആ ചുമതല ഏല്‍പിച്ചത്.  സ്റ്റീവ് ഹോളണ്ടും സമി ലീയും സഹപരിശീലകരായി കൂടെക്കൂട്ടി. ഇവര്‍ക്ക് പുറമെ മൂന്ന് ഫിസിയോമാരും. ഡേവി‍ഡ് ടൈവിയെന്ന ഫിസിക്കല്‍ പെര്‍ഫോമന്‍സ് കോച്ച്. സാം എറിത്ത് എന്ന ഫെര്‍മോന്‍സ് കോച്ച്. സാം ആണ് ടീമിന്റെ സ്പോര്‍ട്സ് മെ‍ഡിസിന്‍ വിഭാഗവും സ്പോര്‍ട്സ് സൈക്കോളജി വിഭാഗവും കൈകാര്യം ചെയ്യുന്നത്. ടീം ഡോക്ടറായി റോബ് ചക്രബര്‍ത്തിയുണ്ട്. 

സെറ്റ് പീസ് കോച്ച് എന്തിന്?

ഈ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം ഉപയോഗിക്കുമ്പോള്‍ പെനല്‍റ്റിയും ഫ്രീ കിക്കും ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടാണ് ഇംഗ്ലണ്ട് ഒരു സ്പെഷലിസ്റ്റ് സ്ട്രൈക്കര്‍ കോച്ചിനെ നിയമിച്ചത്. അലന്‍ റസല്‍ എന്ന സ്കോട്ട്ലന്‍ഡുകാരനാണ് ഈ ചുമതല ലഭിച്ചത്. ലോകത്തെ ആദ്യത്തെ സ്ട്രൈക്കര്‍ പരിശീലകന്‍ എന്നാണ് അലന്‍ സ്വയം വിശേഷിപ്പിക്കുന്നത്. പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബുകളിലെ സ്ട്രൈക്കര്‍മാര്‍ അലന്‍ റസലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകകപ്പിന് പുറപ്പെടും മുമ്പ് കീറന്‍ ട്രൈപ്പിയറിനും ഹാരി കെയ്്നും ആണ്  അലന്‍ റസല്‍ സെറ്റ് പീസുകള്‍ക്കായി കൂടുതല്‍ പരിശീലനം കൊടുത്തത്. അതിന്റെ ഫലമാണ് പാനമയ്ക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ലോകത്തെ കാണിച്ചത്. കിക്കെടുക്കുന്ന രീതി മുതല്‍ അത് ഗോളിലേക്ക് തിരിച്ചുവിടുന്നവരുടെ സ്ഥാനം വരെ കൃത്യമായി ആസൂത്രണം ചെയ്ത് നല്‍കുന്നത് അലന്‍ റസല്‍ ആണ്. 

ആരുംകൊതിക്കും ട്രൈപ്പിയറിന്റെ സെറ്റ് പീസുകള്‍

പാനമയ്ക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട് നേടിയ നാലാമത്തെ ഗോള്‍ മാത്രം മതി കീറന്‍ ട്രൈപ്പിയര്‍ എന്ന കളിക്കാരന്റെ മികവും അലന്‍ റസല്‍ നല്‍കിയ പരിശീലനവും മനസിലാക്കാന്‍. ഫ്രീ കിക്കില്‍ നിന്നായിരുന്നു ഈ നാലാം ഗോളിന്റെ തുടക്കം. ഇതെടുക്കും മുമ്പ് മൈതാനത്ത് ചെറിയ ഒരു കൂടിയാലോചന നടന്നിരുന്നു. ട്രൈപ്പിയര്‍ എടുത്ത കിക്ക് ഹെന്‍ഡേഴ്സണ് കിട്ടുന്നു ഹെന്‍ഡ‍േഴ്സണ്‍ അത് ഹാരി കെയ്ന് ഹെഡ് ചെയ്യാന്‍ പാകത്തിന് ക്രോസ്  നല്‍കുന്നു കെയ്ന്‍ അത് സ്റ്റെര്‍ലിങ്ങിന് മറിച്ചുകൊടുക്കുന്നു. സ്റ്റെര്‍ലിങ്ങിന്റെ ഷോട്ട് ഗോളി തടുത്തെങ്കിലും സ്റ്റോണ്‍സ് അത് ഗോളാക്കി മാറ്റുന്നു. ടോട്ടനം ഹോട്്സ്പര്‍ താരമായ ട്രൈപ്പിയറിന് കളിക്കാനുള്ള അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു. എന്നാല്‍ കോച്ച് സൗത്ത് ഗേറ്റ് കൈല്‍ വാക്കറെ പ്രതിരോധത്തിലേക്ക് ഇറക്കി ട്രൈപ്പറെ മധ്യനിരയിലെത്തിക്കുകയായിരുന്നു. ഗോളിലേക്കുള്ള കിടിലന്‍ പാസുകളും ക്രോസുകളുമാണ് ട്രൈപ്പിയറുടേത്. രണ്ടുമല്‍സരങ്ങളില്‍ നിന്ന് ഏഴ് അസിസ്റ്റാണ് ട്രൈപ്പിയര്‍ നടത്തിയത്.  

സൗത്ത്ഗേറ്റ് ഈ ലോകകപ്പിന്റെ കോച്ച്?

സ്പെഷലിസ്റ്റ് കോച്ചിങ്ങിന്റെ ആരാധകനാണ് സൗത്ത്ഗേറ്റ്. അതുകൊണ്ടാണ് 2016ല്‍ ടീമിന്റെ ചുമതലയേറ്റപ്പോള്‍ പരിശീലക സംഘത്തിലേക്ക് അലന്‍ റസലും സ്റ്റീവ് ഹോളണ്ടും മാര്‍ട്ടിന്‍‌ മാര്‍ഗെസ്റ്റെനുമെല്ലാം എത്തിയത്. പ്രതിരോധത്തിലും ആക്രമണത്തിലും സാധ്യമായ എല്ലാ തന്ത്രങ്ങളും ടീമിനെ പഠിപ്പിക്കാന്‍ ശ്രദ്ധിക്കുന്നു. കളിക്കാര്‍ക്ക് ചില ചെപ്പടി വിദ്യകള്‍ പഠിപ്പിചുവിടാനും സൗത്ത്ഗേറ്റ് ശ്രമിക്കുന്നു. അമേരിക്കയിലെ നാഷ്നല്‍ ഫുട്ബോള്‍ ലീഗിന്റെ കടുത്ത ആരാധകനായ സൗത്ത്ഗേറ്റ്  അവിടെ കളിക്കുന്ന ടീമുകളുടെ തന്ത്രങ്ങള്‍ പലതും സ്വായത്തമാക്കിയാണ് ത്രീ ലയണ്‍സിന്റെ പരിശീലക കുപ്പായത്തിലേക്ക് ഇറങ്ങിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.