ലാ ലിഗാ ആവേശം കൊച്ചിയിലേക്ക്

laliga-world-1
SHARE

രാജ്യാന്തര ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റായ ലാലിഗ വേള്‍ഡ് കൊച്ചിയിലേയ്ക്ക്. സ്പാനിഷ് ക്ലബ് ജിറോണ എഫ്.സി, ഓസീസ് ക്ലബ് മെല്‍ബണ്‍ സിറ്റി എഫ്.സി എന്നിവര്‍ക്കൊപ്പം കേരളാ ബ്ലാസ്റ്റേഴ്സും പന്തുതട്ടും. ജൂലൈ 24ന് ആരംഭിക്കുന്ന ക്ലബ് പോരാട്ടം 28ന് സമാപിക്കും

മൂന്ന് ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള കാല്‍പന്ത് പോരാട്ടത്തിനാണ് കൊച്ചി വേദിയാകുന്നത്. രാജ്യത്തെ പ്രഥമ രാജ്യാന്തര പ്രീ–സീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മൂന്നു ടീമുകളാണ് ഏറ്റുമുട്ടുക. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സ്, ഓസീസ് ലീഗായ എ–ലീഗിലെ കരുത്തരായ മെല്‍ബണ്‍ എഫ്സിയുമായി നേര്‍ക്കുനേര്‍ വരും. രണ്ടാംമല്‍സരം ജൂലൈ 27ന് മെല്‍ബണ്‍ എഫ്സിയും ജിറോണ എഫ്.സിയും തമ്മിലാണ്. സമാപന മല്‍സരത്തില്‍ ജിറോണയും ബ്ലാസ്റ്റേഴ്സും തമ്മില്‍ കൊമ്പുകോര്‍ക്കും. 

ലാലിഗയിലെ കഴിഞ്ഞ സീസണില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച കരുത്തുമായാണ് ജിറോണ എഫ്.സി കൊച്ചിയിലേയ്ക്കെത്തുന്നത്. ക്ലബിന്റെ 88 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി  ലാലിഗ ഒന്നാം ഡിവിഷനില്‍ കളിച്ച ജിറോണ എഫ്.സി 10ാം സ്ഥാനത്തോടെയാണ് സീസണ്‍ അവസാനിപ്പിച്ചത്. ടൊയോട്ട യാരിസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ വരുന്ന സീസണുകളില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാണ് പദ്ധതി.

ലാലിഗ അംബാസിഡറും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരവുമായ ഫെര്‍ണാണ്ടോ മോറിന്റസ് ടൂര്‍ണമെന്റ് ട്രോഫി അനാവരണം ചെയ്തു. ജിറോണ എഫ്സി പ്രസി‍ഡന്റ് ഡെല്‍ഫി ഗെലി, കേരളാ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ ത്രിപുരനേനി, മെല്‍ബണ്‍ സിറ്റി എഫ്.സി സിഇഒ സ്കോട്ട് മൂന്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

MORE IN SPORTS
SHOW MORE