പൂജ്യത്തിന് പുറത്തായി; വിഷാദഘട്ടം മറികടക്കാൻ കോഹ്‌ലിയും അനുഷ്കയും തുണച്ചു: രാഹുൽ

rahul-virushka
SHARE

അരങ്ങേറ്റമത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്നിട്ടും പിന്നീടുയർന്നുവന്ന നിരവധി താരങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്. അത്തരം താരങ്ങളിലൊരാളാണ് ലോകേഷ് രാഹുൽ. അരങ്ങേറ്റമത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതിന്റെ അനുഭവം പങ്കുവെക്കുകയാണ് രാഹുൽ.

2014ൽ മെൽബണിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു രാഹുലിൻറെ അരങ്ങേറ്റം. എന്നാല്‍ പൂജ്യം റൺസിന് പുറത്താകാനായിരുന്നു വിധി. കടുത്ത നിരാശയിലായ തന്നെ ആശ്വസിപ്പിക്കാനെത്തിയത് ക്യാപ്റ്റൻ വിരാട് കോലിയും അനുഷ്ക ശർമയും ആണെന്ന് രാഹുൽ പറയുന്നു. ''വളരെ നന്നായാണ് വിരാടും അനുഷ്കയും പെരുമാറിയത്. മെൽബണിലെ മത്സരം കാണാൻ അനുഷ്കയും എത്തിയിരുന്നു. വ്യക്തിഗത പ്രകടനത്തിൽ തിളങ്ങാൻ കഴിയാത്തതിൽ ഞാൻ നിരാശനാണെന്ന് അനുഷ്കക്ക് മനസ്സിലായി. മത്സരശേഷം അവരെൻറെ മുറിയിൽ വന്നു. ഒറ്റക്കിരുന്ന് വിഷമിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. ശേഷം അനുഷ്കയും വിരാടും ചേർന്ന് എന്നെ പുറത്തുകൊണ്ടുപോയി.'', രാഹുൽ പറഞ്ഞു.

''കരിയറിൽ തോൽവിയറിയുന്ന ആദ്യത്തെയാളല്ല എന്നുപറഞ്ഞ് അവരെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇരുവരുടെയും അനുഭവങ്ങൾ പങ്കുവെച്ചു. വിഷമിച്ചിരുന്ന തനിക്ക് ആ വാക്കുകൾ നൽകിയ ആശ്വാസം ചെറുതല്ല. ''

''അടുത്ത മത്സരത്തിന് മുൻപ് ഒരാഴ്ചത്തെ ഇടവേളയുണ്ടായിരുന്നു. ആ സമയത്തെല്ലാം അവർ പുറത്തുപോകുമ്പോൾ എന്നെയും ഒപ്പം കൂട്ടി. ‌ദമ്പതികളെന്ന നിലയില്‍ ഇരുവരും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.'' 

''എൻറെ വിഷമവും നിരാശയും അനുഷ്കക്ക് എങ്ങനെ മനസ്സിലായി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇപ്പോഴും അവർ ഇടക്ക് വിളിക്കും, മെസേജുകൾ അയക്കും.''

വിരാടും അനുഷ്കയും നൽകിയ പിന്തുണക്ക് രാഹുൽ നന്ദി പറഞ്ഞു, സിഡ്നിയിൽ നടന്ന നാലാം ടെസ്റ്റിൽ നൂറടിച്ച്. 

MORE IN SPORTS
SHOW MORE