'ആ' ഗോളിക്കു മുന്നിൽ അമ്പരന്ന് കാനറികൾ; ഒടുവിൽ കോസ്റ്റാറിക്കൻ കോട്ട തകർത്തു

Thumb Image
SHARE

ഒടുവിൽ ബ്രസീൽ ജയിച്ചു. ലോകകപ്പ് ഫുട്ബോളിൽ കോസ്റ്ററിക്കയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. 91-ാം മിനിറ്റിൽ കുടീഞ്ഞോ നേടിയ ഗോളിലാണ് ബ്രസീൽ സമനിലക്കുരുക്ക് അഴിച്ച് വിജയപാതയിലെത്തിയത്. 97-ാം മിനിറ്റിൽ നെയ്മറുംഗോൾ നേടി മികവുകാട്ടി. കോസ്റ്ററിക്കയുടെ ബസ് പാർക്കിങ് തന്ത്രത്തിനു മുന്നിൽ പരുങ്ങിനിന്ന ബ്രസീൽ അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ചാണ് വിജയം പിടിച്ചെടുത്തത്.


റഷ്യൻ ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ ജയമാണിത്. ആദ്യ മൽസരത്തിൽ മഞ്ഞപ്പട സ്വിറ്റ്സർലൻഡുമായി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ രണ്ടു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ മുന്നിലെത്തി. തുടർച്ചയായ രണ്ടാം തോൽവിയോടെ കോസ്റ്ററിക്ക പുറത്തേക്കും. 


തൊണ്ണൂറു മിനിറ്റും തുടര്‍ച്ചയായി ആക്രമിച്ച് മുന്നേറിയ ബ്രസീലിന് സ്കോര്‍ ബോര്‍ഡ് തുറക്കാന്‍ ഇന്‍ജുറി ടൈം വരെ വേണ്ടി വന്നു. കെയ്‍ലര്‍ നവാസെന്ന ലോകോത്തര ഗോളിയുടെ മിന്നല്‍ സേവുകള്‍ക്ക് മുന്നില്‍ അമ്പരന്നുപോയ ബ്രസീല്‍ ഗോള്‍രഹിത സമനിലയെന്ന ഭീഷണി കഷ്ടിച്ചു കടന്നുകൂടി. 


ആദ്യ പകുതിയില്‍ ഗബ്രിയേല്‍ ജീസസ് പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും ഓഫ് സൈഡായി. നവാസിന് തുണയായി ബസ് പാര്‍ക്കിങ് പ്രതിരോധം കൂടി തീര്‍ത്തതോടെ കോസ്റ്ററിക്കന്‍ പ്രതിരോധക്കോട്ട ബ്രസീലിന് മുന്നില്‍ വന്‍മതിലായി. ഇതിനിടയില്‍ പോസ്റ്റിനുള്ളില്‍ ഫൗള്‍ നേരിട്ടതായി അഭിനയിച്ച് നെയ്മര്‍ നേടിയ പെനല്‍റ്റി വീഡിയോ അസിസ്റ്റന്റ് റഫറിയിലൂടെ തിരുത്തിയത് സൂപ്പര്‍ താരത്തെ പരിഹാസ്യനാക്കി. 


എല്ലാ നാടകങ്ങള്‍ക്കുമൊടുവില്‍ ആറു മിനിറ്റിന്റെ ഇന്‍ജുറി ടൈമില്‍ കുട്ടീഞ്ഞോയിലൂടെ ആദ്യഗോള്‍. അവസാനമിനിറ്റില്‍ നെയ്മറുടെ വക രണ്ടാം ഗോള്‍. ഫൈനല്‍ വിസിലില്‍ അര്‍ഹിച്ച സമനില നഷ്ടമായ നിരാശ കോസ്റ്ററിക്കയ്ക്ക്. ജയത്തിന്റെ ആഘോഷത്തേക്കാള്‍ സമനില ഒഴിവായ ആശ്വാസമായിരുന്നു കാനറികള്‍ക്ക്. 

MORE IN SPORTS
SHOW MORE