അട്ടിമറിച്ച് ജപ്പാൻ തുടങ്ങി; കൊളംബിയയുടെ വിധിയെഴുതി ചുവപ്പ് കാർഡ്; വല നിറച്ച് ജപ്പാൻ അശ്വമേധം

world-cup-japan
SHARE

കറുത്ത കുതിരകളാണ് ജപ്പാൻ തങ്ങളുടേതായ ദിനത്തിൽ ഏത് വൻകിട ടീമിനെയും കടപുഴുക്കാൻ ശേഷിയുളളവർ. ലാറ്റിനമേരിക്കൻ പ്രതാപവും പേറി ലോകകപ്പിനെത്തിയ കൊളംബിയയുടെ ഹൃദയം തകർത്ത് വല നിറച്ച് ജപ്പാൻ തുടങ്ങി. ആരും കൊതിക്കുന്ന മാസ്മരിക വിജയം. മൽസരം തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ 10 പേരായി ചുരുങ്ങിയിട്ടും ജപ്പാനെതിരെ പൊരുതിനിന്ന കൊളംബിയയ്ക്ക് തോൽവിയോടെ മടങ്ങാനായിരുന്നു വിധി. മൂന്നാം മിനിറ്റിൽ സ്വന്തം ബോക്സിനുള്ളിൽ പന്തു കൈകൊണ്ടു തടുത്ത കാർലോസ് സാഞ്ചസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെയാണ് കൊളംബിയ 10 പേരായി ചുരുങ്ങിയത്. ഇതിനു പകരമായി ലഭിച്ച പെനൽറ്റിയാണ് ആറാം മിനിറ്റിൽ ഷിൻജി കവാഗ ലക്ഷ്യത്തിലെത്തിച്ചത്.

ലോകകപ്പ് ചരിത്രത്തിൽ ഒരു ലാറ്റിൻ അമേരിക്കൻ ടീമിനെ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന റെക്കോർഡ് ഇനി ജപ്പാന് സ്വന്തം. ഒസാക്കയുടെ ഹെഡറിലൂടെ രണ്ടാം ഗോളിലൂടെ കളിമികവിന്റെ കെട്ടഴിച്ച് വിജയം പിടിച്ചുവാങ്ങുകയായിരുന്നു ജപ്പാൻ. കൊളംബിയയുടെ ആശ്വാസ ഗോൾ യുവാൻ ക്വിന്റേറോ നേടി.

ലീഡു വഴങ്ങിയിട്ടും 10 പേരുമായി പൊരുതിനിന്ന കൊളംബിയ 39–ാം മിനിറ്റിൽ തിരിച്ചടിച്ചു. നിലംപറ്റെയുള്ള ഫ്രീകിക്കിലൂടെ യുവാൻ ക്വിന്റേറോയാണ് ഗോൾ നേടിയത്. ക്വിന്റേറോയുടെ ഷോട്ട് ജപ്പാൻ ഗോളി തടുത്തെങ്കിലും അതിനുമുൻപേ പന്ത് ഗോൾവര കടന്നിരുന്നു. പിന്നീട് വർധിത വീര്യത്തോടെ പൊരുതിയ കൊളംബിയ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും 73–ാം മിനിറ്റിൽ യൂയ ഒസാക്കയുടെ ഹെഡർ ഗോളിലൂടെ ജപ്പാൻ മൽസരം സ്വന്തമാക്കി. 

പരിക്ക് മൂലം ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന സൂപ്പര്‍ താരം ഹാമിസ് റോഡ്രിഗസിനെ കളത്തിലിറക്കിയെങ്കിലും കൊളംബിയയ്ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ആദ്യ മത്സരത്തില്‍ തന്നെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി ജപ്പാന്‍ റഷ്യ ലോകകപ്പിലെ പ്രതീക്ഷ വര്‍ധിപ്പിച്ചു. പോളണ്ട് സെനഗല്‍ എന്നിവരാണ് ഗ്രൂപ്പിലെ ബാക്കിയുള്ള ടീമുകള്‍.

MORE IN SPORTS
SHOW MORE