പുടിന്‍ എന്ന ചാംപ്യന്‍; ഈ റഷ്യയെ ‘പണിതെടുത്ത’ വിചിത്ര നായകന്‍

putin-russia-worldcup
SHARE

ലോകകപ്പ് കാണാന്‍ റഷ്യയിലേക്കുപോകുന്ന ഇംഗ്ലണ്ട് ആരാധകരോട് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് വിരുദ്ധത ആളിക്കത്തിയേക്കാം. പ്രതികരിക്കരുത്. ഡബിള്‍ ഏജന്‍റ് സെര്‍ജി സ്ക്രിപാളിനും മകള്‍ക്കുമതിരെ ബ്രിട്ടനില്‍ നടന്ന വധശ്രമത്തിനു പിന്നില്‍‌ റഷ്യയാണെന്ന് ബ്രിട്ടന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ വധശ്രമം റഷ്യയുമായുണ്ടാക്കിയ സംഘര്‍ഷാന്തരീക്ഷവും പ്രതിഷേധവും തല്‍ക്കാലം മറന്നാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം റഷ്യയില്‍ ലോകകപ്പിനെത്തിയത്. ടീമിനൊപ്പം ഉദ്യോഗസ്ഥസംഘത്തെ അയച്ചില്ല. 

അതെന്തായാലും അത്തരം പ്രതിഷേധങ്ങളിലൊന്നും കുലുങ്ങുന്ന ആളല്ല വ്ലാഡ്മിര്‍ വ്ലാ‍ഡിനിറോവിച്ച് പുടിന്‍. രാഷ്ട്രീയത്തിലായാലും സ്പോര്‍ട്സിലായാലും ഒരു ചുവടും പിഴച്ച ചരിത്രമില്ല പുടിന്. ഉത്തേജകമരുന്നു വിവാദത്തില്‍പ്പെട്ട് റിയോ ഒളിംപിക്സില്‍ വിലക്കപ്പെട്ട റഷ്യന്‍താരങ്ങളോട് പുടിന്‍ പറഞ്ഞു. 'വിജയിക്കുക എന്നത് പ്രധാനം തന്നെ, പക്ഷേ അതിന് എളുപ്പവഴി തേടരുത് '. 

ബോറിസ് യെല്‍സിനില്‍നിന്ന് ഭരണം ഏറ്റുവാങ്ങുമ്പോള്‍ പുടിന്‍റെ വഴിയും ഒട്ടും എളുപ്പമായിരുന്നില്ല. ദാരിദ്ര്യം മുദ്രവച്ച രാജ്യം. താറുമാറായ സമ്പദ്്വ്യവസ്ഥ. അവിടെനിന്നാണ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളിലൊരാളായി പുടിന്‍ മാറിയത്. എതിര്‍ക്കുന്നവരെയെല്ലാം മലര്‍ത്തിയടിച്ചാണ് മുന്‍ ജൂഡോ ചാംപ്യന് ശീലം. തോല്‍വിയറിയാത്ത ആ മല്‍സരങ്ങള്‍പോലെതന്നെ ഭരണവും. 

കാര്‍ റേസിങ് ഇഷ്ടമാണ് പുടിന്. മുന്തിയ സ്പോര്‍ട്സ് കാറുകളില്‍ പറക്കും അദ്ദേഹം. അതേ വേഗത്തിലാണ് ലോകസാമ്പത്തിക ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമായിപ്പോയിരുന്ന റഷ്യയെ തിരികെ കൊണ്ടുവന്നതും. 

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് ലോകത്തെ ഞെട്ടിച്ചതിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെവരെ സ്വാധീനിച്ചുവെന്നും ആരോപണം. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും കാട്ടാറില്ല പുടിന്‍. ഏകാധിപതിയെന്ന പ്രതിച്ഛായയിലും റഷ്യയിലെ ഭൂരിഭാഗം ശതമാനം ജനങ്ങളും പുടിനെ അനുകൂലിക്കുന്നതിനുകാരണമായി പറയുന്നത്് രാജ്യത്തിന്റെ അഭിവൃദ്ധിയും. ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണസംവിധാനങ്ങളിലൊന്ന്. അതിസമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന  മോസ്കോ.  വെറുംസാധാരണക്കാരനില്‍നിന്നും റഷ്യന്‍ പ്രസിഡന്‍റ് പദവിയിലേക്കും  അതിസമ്പന്നനുമായി മാറിയ പുടിന്‍. ഏതായാലും സോഷ്യലിസവും കമ്യൂണിസവുമൊക്കെ പ്രസംഗിച്ച നാട്ടില്‍ പക്ഷെ ഇതാദ്യ ഫുട്ബോള്‍‍ ലോകകപ്പാണ്. യു.എസ്.എസ്.ആറിനെ മറക്കാം. പക്ഷെ റഷ്യ എന്ന ഇരുപത്തിയാറ് വയസുമാത്രം പ്രായമുള്ള സോഷ്യലിസ്റ്റ് സ്വതന്ത്രരാജ്യത്തിനും ജനതയ്ക്കും ഇത് ആദ്യാനുഭവമാണ്.  

modi-putin

റഷ്യന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ മാത്രമല്ല പുടിനെ ലോകമറിയുന്നത്.  കലാസ്നേഹിയും കായികതാരവും. ജൂഡോ മാത്രമല്ല. നീന്തല്‍, ഐസ് ഹോക്കി, കാര്‍ റേസിങ്, തുടങ്ങി സാഹസികമായ എന്തും ഇഷ്ടം. ഉറ്റമിത്രം അമേരിക്കന്‍ ആയോധനതാരവും നടനുമായ സ്റ്റീവന്‍ സെഗാളിന് റഷ്യന്‍ പൗരത്വം കൊടുക്കാന്‍ രണ്ടാമതൊന്നാലോചിച്ചില്ല. പീഡനക്കേസുള്‍പ്പെടെ ഒട്ടേറക്കേസുകളില്‍ പ്രതിയായ സ്റ്റീവനെ അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രചര്‍ച്ചകളുടെ ഇടനിലക്കാരനാക്കണമെന്ന് ഒബാമയോട് ആവശ്യപ്പെടുകപോലും ചെയ്തത്രെ. സ്റ്റീവന്‍റെ ചരിത്രം നന്നായറിയുന്ന ഒബാമ ആ നിര്‍ദേശം കണക്കിെലടുത്തുകൂടിയില്ല. 

വാല്‍ക്കഷണം: രസകരമായ ഒരു സ്വഭാവമുണ്ട് പുടിന്. റഷ്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിവിഐപികള്‍ക്ക് പ്രസിഡന്‍റിനെ കാണാന്‍ കാത്തിരിക്കേണ്ടിവരും. എലിസബത്ത് രാജ്ഞിക്ക് ഒരു മണിക്കൂറും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് രണ്ടുമണിക്കൂറും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ കെറിക്ക് മൂന്നുമണിക്കൂറും പുടിനെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. വിദേശപ്രതിനിധികള്‍ പങ്കെടുക്കുന്ന ഒൗദ്യോഗിക യോഗങ്ങളില്‍ വളര്‍ത്തുനായ്ക്കളെയുമായി വരുന്നതും മറ്റൊരു വിനോദം. ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കലിനെ അങ്ങനെ പേടിപ്പിച്ചതിന് തെളിവായ വിഡിയോ ഇന്നും യുട്യൂബില്‍ വൈറലാണ്. 

putin
MORE IN SPORTS
SHOW MORE