ഇഷ്ടമുള്ള ടീമിന്റെ ജേഴ്സി അണിഞ്ഞു വരാൻ കുട്ടികളോട് അധ്യാപകൻ; ആവേശം വാനോളം

tcr school
SHARE

മൂവായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന തൃശൂര്‍ കാല്‍ഡിയന്‍ സ്കൂളില്‍ ലോകകപ്പ് പ്രമാണിച്ച് ഇഷ്ടമുള്ള ടീമിന്റെ ജഴ്സിയണിഞ്ഞു വരാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചു. രണ്ടായിരം പേരും ജഴ്സിയണിഞ്ഞെത്തി. ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ജഴ്സികളായിരുന്നു അധികവും. 

തൃശൂര്‍ കാല്‍ഡിയന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ഈ വേറിട്ട ആഘോഷം. ലോകകപ്പ് പ്രമാണിച്ച് ഒരു ദിവസം ഫുട്ബോള്‍ ആഘോഷത്തിനായി മാറ്റിവച്ചു. ഈ ദിവസം സ്കൂള്‍ യൂണിഫോം ഒഴിവാക്കി. പകരം, ഇഷ്ടമുള്ള ടീമിന്റെ ജഴ്സിയണിഞ്ഞ് വിദ്യാര്‍ഥികള്‍ എത്തി. ഏതു ടീമിനാണ് കൂടുതല്‍ ആരാധകരെന്ന് എണ്ണിയപ്പോള്‍ ബ്രസീലും അര്‍ജന്റീനയും ബലാബലം. ഫുട്ബോള്‍ മല്‍സരമല്ലാത്തതിനാല്‍ പെനല്‍റ്റിയിലൂടെ വിജയ ടീമിനെ കണ്ടെത്താനായില്ല. സാക്ഷാല്‍ പെലെ ഒപ്പു ചാര്‍ത്തിയ ബ്രസീലിന്റെ നിറമുള്ള ജഴ്സി സ്കൂളിന്റെ ശേഖരത്തിലുണ്ട്. പെലെ പണ്ടു കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ആര്‍ച്ച് ബിഷപ് ഡോ.മാര്‍ അപ്രേമിന് ലഭിച്ച അസുലഭമായ സമ്മാനമാണിത്. ഫുട്ബോള്‍ ഇതിഹാസം മറഡോണ ഒപ്പിട്ട ഫുട്ബോളും സ്കൂളിന്റെ കൈവശമുണ്ട്. ഇതു രണ്ടും പ്രദര്‍ശിപ്പിച്ചതോടെ ആവേശമായി.

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് കളിച്ച ഏകമലയാളി കെ.പി.രാഹുലും  ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ്ട്രോഫി കേരളത്തില്‍ എത്തിച്ച ടീം ക്യാപ്റ്റന്‍ രാഹുല്‍ വി രാജും വിദ്യാര്‍ഥികള്‍ക്കൊപ്പം അണിനിരന്നു. ലോകകപ്പിന്റെ മോഡലുമായി വിദ്യാര്‍ഥികള്‍ വിദ്യാലയമുറ്റം വലംവച്ചു.ഫുട്ബോള്‍ ക്വിസ് ഉള്‍പ്പെടെ വ്യത്യസ്തയിനം മല്‍സരങ്ങള്‍ നടത്തി ഒരു ദിവസം മുഴുവന്‍ ലോകകപ്പിന് സമര്‍പ്പിച്ചു ഈ വിദ്യാലയം.

MORE IN SPORTS
SHOW MORE