ഹൃദയത്തില്‍ ഉരുളുന്ന പന്ത്: മെസിക്കും നെയ്മറിനും കേരളം എഴുതിയ കത്ത്

messi-letter
SHARE

നിങ്ങള്‍ക്കറിയാത്തൊരു ഭാഷയിലെഴുതിയ കത്തില്‍ മുഴുവന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകളായിരുന്നു. ബ്രസീലിലെ അന്നത്തെ തിരക്കുകള്‍ക്കിടയിലും നിങ്ങളത് വായിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം. ദാ ആ പന്ത് നിങ്ങളുടെ കാല്‍ച്ചുവട്ടിലേക്കും ഞങ്ങളുടെ ഹൃദയത്തിലേക്കും ഉരുണ്ടുരുണ്ട് വരുന്നുണ്ട്. ‌പിന്നെ ഇക്കുറിയും ഇവിടെ നല്ല മഴയാണ് കേട്ടോ. കാല്‍പന്ത് കമ്പക്കാരുടെ സ്വന്തം മലയാളനാട് ആ താരങ്ങളോട് പറയുന്നു

പ്രിയപ്പെട്ട നെയ്മര്‍, ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റോണാള്‍ഡോ.

മുന്‍പൊരു ജൂണ്‍മാസത്തില്‍ നിങ്ങള്‍ക്ക് ഇതുപോലൊരു കത്തയച്ചിരുന്നു.

നിങ്ങള്‍ക്കറിയാത്തൊരു ഭാഷയിലെഴുതിയ കത്തില്‍ മുഴുവന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകളായിരുന്നു.

ബ്രസീലിലെ അന്നത്തെ തിരക്കുകള്‍ക്കിടയിലും നിങ്ങളത് വായിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം.

messi-football

ദാ ആ പന്ത് നിങ്ങളുടെ കാല്‍ച്ചുവട്ടിലേക്കും ഞങ്ങളുടെ ഹൃദയത്തിലേക്കും ഉരുണ്ടുരുണ്ട് വരുന്നുണ്ട്. ‌

പിന്നെ ഇക്കുറിയും ഇവിടെ നല്ല മഴയാണ് കേട്ടോ. 

പതിവു പോലെ തന്നെ ഞങ്ങളോരോരുത്തരും നിങ്ങളുടെ രാജ്യങ്ങളായി മാറിക്കഴിഞ്ഞു.

എന്റെ വീടിന്റെ തൊട്ടുത്തുള്ള ചായക്കടയില്‍ മിക്ക ദിവസവും വൈകുന്നേരങ്ങളില്‍ നിങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്.

പറമ്പുകളിലും വയലുകളിലും നിങ്ങളുടെ പാതകകളും കട്ടൗട്ടുകളും കൊണ്ട് ഒരു രക്ഷയുമില്ലാത്ത അവസ്ഥ.

skysports-neymar-brazil-croatia

ഇതൊക്കെ ഏതെങ്കിലും കാലത്ത് നിങ്ങളറിയുമോ. 

അവിടെ സാവോ പോളോയിലും, റിയോഡി ജനീറോയിലും, ലിസ്ബണിലുമൊക്കെ ഇങ്ങനെയൊക്കെത്തന്നെയാണോ?

റിയോയ്ക്കും മോസ്കോയ്ക്കും ഇടയ്ക്കുള്ള നാലുവര്‍ഷവും ഞങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുകയായിരുന്നു കേട്ടോ.

ലോകകപ്പില്‍ പോരടിച്ച നിങ്ങള്‍ ക്ലബുകളില്‍ ഇടകലര്‍ന്നു കളിക്കുന്ന് എന്തൊരിമ്പമുള്ള കാഴ്ചയാണെന്നോ.

അതിനിടെ ഇവിടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗെന്ന സംഭവം വന്നിരുന്നു.

പെരുങ്കളിയാട്ടത്തില്‍ കളിച്ചവരില്‍ ചിലര്‍ ഞങ്ങളുടെ മണ്ണിലും വന്ന് പന്ത് തട്ടിപ്പോയി.

നിങ്ങളുടെ മുന്‍ഗാമികളെയും പിന്‍ഗാമികളെയും കാണാന്‍ ഇവിടുത്തെ ഗാലറിയിലൊക്കെ എന്തൊരു തിരക്കായിരുന്നു.

നിങ്ങളും പിന്നെ ലീഗുകളുടെ തിരക്കിലായിരുന്നല്ലോ. ട്രാന്‍സ്ഫര്‍ തുകകളും ഊഹാപോഹങ്ങളും കൂടുമാറ്റങ്ങളുമൊക്കെ കേട്ട് കണ്ണ് തള്ളിപ്പോയിട്ടുണ്ട്. 

കോപ്പയിലാണ് പക്ഷെ ഞങ്ങള്‍ കരഞ്ഞു പോയത്.

ronaldo-messi

പ്രിയപ്പെട്ട മെസ്സി, ചിലെക്കെതിരായ കലാശക്കളിയില്‍ നിങ്ങള്‍ പുറത്തടിച്ചു കളഞ്ഞത് ഒരു പെനാല്‍റ്റി കിക്ക് മാത്രമായിരുന്നില്ല, ഞങ്ങളുടെ ഹൃദയങ്ങള്‍കൂടിയാണ്.

ഇതുവരെ ആ പന്ത് തിരിച്ചെത്തിയിട്ടില്ല. 

നിങ്ങള്‍ കളി നിര്‍ത്തി എന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇനി  കളി കാണില്ലെന്ന് ശപഥം ചെയ്തവരുണ്ട് ഈ നാട്ടില്‍. 

തിരിച്ചുവരാന്‍ നേര്‍ച്ചകള്‍ നേര്‍ന്നവരുണ്ട് എന്നറിയാമോ. അന്നങ്ങനെ മനമുരുകി പ്രാര്‍ഥിച്ചത് കൊണ്ടാണ് നിങ്ങള്‍ തീരുമാനം മാറ്റിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ചിലരുണ്ട്.

റഷ്യയിലേക്ക് പോകാനുള്ള തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലൊക്കെ ഞങ്ങള്‍ക്ക് എന്തോരം ചങ്കിടിച്ചെന്നോ.

പിന്നെ ലോകത്തിലെ ഏറ്റവും ഉന്നതമായൊരിടത്ത് വെച്ചാണല്ലോ നമ്മുടെ സ്വപ്നങ്ങള്‍ വീണ്ടും തളിര്‍ത്തത്. 

messi-ronaldo

സമുദ്രനിരപ്പില്‍ 2900 മീറ്റര്‍ ഉയരത്തിലുള്ള ഇക്വഡോറിലെ കളിമൈതാനങ്ങളിലൊന്നില്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടി നിങ്ങള്‍ കളി മെനഞ്ഞപ്പോള്‍ ഞങ്ങളും ഏറെക്കുറെ അവിടെത്തന്നെയായിരുന്നു. 

പത്താം ക്ലാസ് ജസ്റ്റ് പാസായിട്ടാണ് ഇത്തവണ നമ്മള്‍ റഷ്യയില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ പോകുന്നത്. 

ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ലെങ്കില്‍ പോലും മെസ്സീ നിങ്ങള്‍ ചങ്കല്ല ചങ്കിടിപ്പ് തന്നെയായിരിക്കും.

പ്രിയപ്പെട്ട നെയ്മര്‍, കൊളംബിയക്കാരനായ സുനിഗയോട് നിങ്ങള്‍ പിന്നെ മിണ്ടിയിട്ടുണ്ടോ. 

തമ്മില്‍ കണ്ടു എന്നൊക്കെ ‍ഞങ്ങള്‍ വായിച്ചറിഞ്ഞിരുന്നു. പക്ഷെ ഞങ്ങളാരും പിന്നെ അയാളുടെ ഫോട്ടോ പോലും നോക്കിയിട്ടില്ല. 

പിന്നില്‍ നിന്നും എന്തൊരു കുത്തായിരുന്നു അത്. നിങ്ങളെ സ്ട്രെക്ചറില്‍ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോകുമ്പോഴും തിരിച്ചുവരുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.

ബെലോ ഹൊറിസോണ്ടയില്‍ നമ്മുടെ കിനാവുകളിലേക്ക് ജര്‍മ്മനി ഏഴാമത്തെ ആണിയും അടിച്ചുകയറ്റിയപ്പോള്‍ വാവിട്ട് നിലവിളിക്കുന്ന ആരാധകരെ ഒാര്‍ക്കുന്നുണ്ടോ നിങ്ങള്‍.

ലോകകപ്പിന്റെ മാതൃകയിലുള്ള ട്രോഫി നെഞ്ചോട് ചേര്‍ത്തുപിടിച്ച്  കരയുന്ന ക്ലോവിസ് എക്കോസ്റ്റ ഫെര്‍ണാണ്ടസ് എന്ന ആരാധകന്റെ ചിത്രം സ്മരിക്കുന്നുണ്ടോ നിങ്ങള്‍.

ഇനി ഒരു ഗാലറിയില്‍പോലും അയാളെ നമുക്ക് കാണാനാവില്ല നെയ്മര്‍.

ലോകത്തിലെ ഏറ്റവും സങ്കടം പേറിയ ആരാധകനെന്നറിയപ്പെട്ട ആ മനുഷ്യന്‍ ലോകത്തോട് തന്നെ വിടപറഞ്ഞു പോയി.

പ്രിയ ക്രിസ്റ്റ്യനോ റൊണാള്‍ഡോ,

നിങ്ങളുടെ പിതാമഹന്‍മാര്‍ പണ്ടുകാലത്ത് ഞങ്ങളെ പറ്റിച്ചു കൊണ്ടുപോയ സുഗന്ധദ്രവ്യങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

പക്ഷെ നിങ്ങളുടെ കാലിന്റെ കളികള്‍ കാണുമ്പോള്‍ ഞങ്ങളില്‍ ചിലര്‍ നിങ്ങളുടെ രാജ്യത്തെ ഇഷ്ടപ്പെട്ടു പോകുന്നു. പറങ്കിപ്പതാകകള്‍ ഇവിടുത്തെ ഇടവഴികളിലൊക്കെ തൂങ്ങിയാടുന്നുണ്ട്.

പോര്‍ച്ചുഗലല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിങ്ങളൊറ്റയ്ക്കൊരു രാജ്യമാണ്. 

പിന്നെ കഴിഞ്ഞ യൂറോ വിജയവും ബൈസിക്കിള്‍ കിക്കുമൊക്കെ നിങ്ങളുടെ രാജ്യത്തേക്കാള്‍ ഞങ്ങളാണ് ആഘോഷിച്ചത്. ചര്‍ച്ച ചെയ്തത്.

യൂസേബിയോ 1966 ല്‍ ഇംഗ്ലണ്ടില്‍ കാണിച്ചൊരു ഇന്ദ്രജാലമുണ്ടല്ലോ. അത്തരത്തിലൊന്നുവേണം ഞങ്ങള്‍ക്ക്. 

ronaldo-buffon

അഞ്ച് മൂന്നു ബലന്‍ ദി ഒാറിനേക്കാളും തിളക്കമുണ്ടാകും അതിന്.

മൂന്നു പേരോടും ഇത്രയൊക്കെയേ പറയാനുള്ളൂ. 

തല്‍ക്കാലം ഈ കത്ത് നിര്‍ത്തുകയാണ്. 

പന്ത് മോസ്കോയും പിന്നിട്ട് നാലു വര്‍ഷത്തിന് ശേഷം പശ്ചിമേഷ്യന്‍ കളിത്തട്ടിലെത്തുമ്പോഴേ അടുത്ത കത്തെഴുതുകയുള്ളൂ.

അതുവരെ കാത്തിരിപ്പുകളാണ്. 

അന്ന് ഒരുപക്ഷെ നിങ്ങളുടെ പ്രതിഭാധാരാളിത്തത്തെ കവച്ചുവെക്കുന്ന പിന്‍ഗാമികളുടെ മേല്‍വിലാസത്തിലേക്കായിരിക്കും എഴുത്ത്.

കളി നിറഞ്ഞു പെയ്യുന്ന ഈ മഴക്കാലത്ത് വൈദ്യുതിയൊന്നും പോകരുതേ എന്നാണ് ഞങ്ങളുടെ വലിയ പ്രാര്‍ഥന.

എന്ന്

ഭൂമിയുടെ ഇങ്ങേയറ്റത്തെ കേരളനാട്ടില്‍ നിന്ന് സ്വന്തം കാണി.  

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.