തോൽവിയിലും തലയുയര്‍ത്തി വില്യംസൺ; കൂട്ടിന് ചില റെക്കോർഡുകളും, വിഡിയോ

kane-williamson-ipl
SHARE

രണ്ടാം വരവിൽ മൂന്നാം കപ്പടിച്ച് ചെന്നൈ കലിപ്പടക്കിയപ്പോൾ തോൽവിയിലും ആരാധകർ പ്രശംസ കൊണ്ട് മൂടുകയാണ് വില്യംസണിനെ. ഐപിഎല്ലിന്റെ പതിനൊന്നാം പൂരം കൊടിയിറങ്ങിയപ്പോൾ ഒാറഞ്ച് ക്യാപ്പ് ഇൗ ന്യൂസിലാൻഡ്കാരന് സ്വന്തം. ആദ്യവസാനം ആവേശം നിറഞ്ഞുനിന്ന മൽസരത്തിനൊടുവിലാണ് ചെന്നൈ ഹൈദരാബാദിനെ കെട്ടുകെട്ടിച്ചത്.

പോരാടിയ ശേഷമുള്ള തോൽവി വിജയത്തിന്റെ പത്തരമാറ്റ് തന്നെയെന്ന് വില്യംസൺ തെളിയിക്കുന്നു. 16 മത്സരങ്ങളില്‍ നിന്നായി  735 റണ്‍സുമായി മിന്നും പ്രകടനമാണ് താരം ഇൗ സീസണിൽ കാഴ്ചവച്ചത്. അതോടൊപ്പം കെയ്ന്‍ വില്യംസണ്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയാണ് വണ്ടി കയറുന്നത്. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി അദ്ദേഹം. വിരാട് കോഹ്‌ലിക്കും ഡേവിഡ് വാര്‍ണര്‍ക്കും പിന്നാലെയാണ് കെയ്ന്‍ വില്യംസണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തോടു കൂടി ഒരു സീസണില്‍ 700 ല്‍ അധികം റണ്‍സെടുക്കുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് കെയ്ന്‍ വില്യംസണ്‍.

സെഞ്ചുറി നേടിയ ഷെയിൻ വാട്സന്റെ 100 വാട്സ് ബാറ്റിങ് മികവിലാണ് ധോണിപ്പട മൂന്നാം ഐപിഎൽ കിരീടം സ്വന്തമാക്കിയത്. 179 റൺസ് വിജയലക്ഷ്യം ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിൽ മറികടന്നു. മൂന്നുകിരീടങ്ങളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം ധോണിയും കൂട്ടരുമെത്തി. 2010ലും 2011ലും ചെന്നൈ ചാംപ്യന്‍മാരായിരുന്നു. 57 പന്തിൽ 117 റൺസെടുത്ത വാട്സനാണ് കളിയിലെ കേമൻ. വാട്സണ് സീസണിലെ രണ്ടാമത്തെയും കരിയറിലെ നാലാമത്തെയും സെഞ്ചുറി നേട്ടമാണിത്. 

വില്യംസണും യൂസഫ് പഠാനുമാണ് സൺറൈസേഴ്സിന് പൊരുതാനുള്ള സ്കോർ സമ്മനിച്ചത്. വില്യംസൺ 36 പന്തിൽ 47 റൺസെടുത്തു. യൂസഫ് പഠാൻ 25 പന്തിൽ 45 റൺസെടുത്തു. 15 പന്തിൽ 23 റൺസെടുത്ത ഷാക്കിബ് ‌അൽ ഹസന്റെ വിക്കറ്റ് ബ്രാവോയ്ക്കാണ്. ചെന്നൈക്കുവേണ്ടി നിഗിഡി, കരൺ ശർമ, ബ്രാവോ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

MORE IN SPORTS
SHOW MORE