എങ്ങനെ എബിഡി വ്യത്യസ്തനാകുന്നു ? തീപ്പന്തമായാലും ബാറ്റിനാൽ എതിരിടുന്നവൻ

ab-devilliars
SHARE

ഒരു പന്തിനെപ്പോലും വെറുതെ വിടാത്തയാളാണ് എബി ഡിവില്ലിയേഴ്സ്. പാഞ്ഞുവരുന്ന പന്തിന്റെ വേഗം, വ്യതിയാനം ഒന്നും തന്നെ ഡിവില്ലിയേഴ്സിന് വിഷയമാണെന്ന് തോന്നിയിട്ടേയില്ല. പന്തൊരു തീപ്പന്തമായാലും പന്തൊരു ചുഴലിയായാലും അത് അങ്ങനെത്തന്നെ. എന്തിന് ഇനി പാവം പന്തിന് ക്രീസിന്റെ അരികുവരകളെപ്പോലും  തൊടാന്‍ ഉദ്ദേശമില്ലെങ്കിലും  ഡിവില്ലി ബാറ്റുയര്‍ത്തി സലാം പറഞ്ഞ് മാറി നില്‍ക്കുന്നത് അങ്ങനെ കണ്ടിട്ടില്ല. അതിനെ അങ്ങുപോയി കാണും. അതാണ് ശീലം.  ആ കൂടിക്കാഴ്ചയില്‍ മൈതാനത്തിന്റെ 360 ഡിഗ്രി സാധ്യതകളില്‍ എവിടേക്കാകും ആ പന്ത് പറന്നിറങ്ങുകയെന്ന് പറയുക സാധ്യമല്ല. അതിരുകവിഞ്ഞ അത്തരം അഭ്യാസങ്ങളില്‍ ചിലപ്പോള്‍ വിക്കറ്റ് വലിച്ചെറിയുന്നതും കാണാം. അങ്ങനെ ഒട്ടും പിടി തരാനുദ്ദേശിക്കാത്ത പന്തിനെ ഡിവില്ലിയന്‍ സ്റ്റൈലില്‍ വളച്ചെടുത്താലും ഡിവില്ലിക്ക് വളയാന്‍ നില്‍ക്കാതെ ആ പന്ത് വിക്കറ്റെടുത്താലും ആ നിമിഷം സ്വിച്ച് ചെയ്യുന്ന  ക്ലോസ് ഫ്രെയിമില്‍ അയാളുടെ മുഖം കാണണം. കുസൃതി നിറഞ്ഞ അതല്ലെങ്കില്‍ ജാള്യത നിറഞ്ഞ ഒരു പഴയ ‘ലാല്‍ച്ചിരി’കാണാം. ആ ചിരിയിലുണ്ട് എബി ഡിവില്ലിയേഴ്സ് അയാള്‍ എത്രമാത്രം ക്രിക്കറ്റില്‍  അലിഞ്ഞുചേര്‍ന്ന മനുഷ്യനാണെന്ന്.

ab-de-villiers

ക്രിക്കറ്റ് ഇത്രയധികം ആസ്വദിക്കുന്ന അത്  കാഴ്ചക്കാരനിലേക്ക് അതുപോലെ പകരുന്ന ഒരു താരം കാണില്ലെന്നതാണ് സത്യം.  തന്നിലെ മുഴുവന്‍ ഊര്‍ജവും ഊതിനിറച്ച് ക്രിക്കറ്റിന്റെ കാഴ്ചയെ അയാള്‍ അത്രമേല്‍ വലുതാക്കുകയായിരുന്നു. ഗാരി ഫീല്‍ഡ് റോബിന്‍സണ്‍ ‘‘The Best Batsman Who Ever Breathed’’എന്ന തലക്കെട്ടുചാര്‍ത്തി ഡിവില്ലിയെ  ബ്രാഡ്മാനേക്കാള്‍ റിച്ചാര്‍ഡ്സിനേക്കാള്‍ സച്ചിനേക്കാള്‍ ലാറയേക്കാള്‍ മുന്നിലേക്കെടുത്തുവച്ചതും അതുകൊണ്ടുതന്നെയാകും. ബ്രാഡ്മാന്‍ മുതല്‍ കോഹ്ലി വരെയുള്ളവരുടെ ആരാധകപ്പട വാദപ്രതിവാദങ്ങളുമായി റോബിന്‍സണുമേല്‍ ചാടിവീണെങ്കിലും ഡിവില്ലിയൊരു കംപ്ലീറ്റ് ക്രിക്കറ്ററെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.  

de-villiers-wife

മുരളിധരനാകട്ടെ, വോണാകട്ടെ, മഗ്രാത്താകട്ടെ ആരായാലും എത്ര തന്ത്രമൊളിപ്പിച്ച പന്തായാലും സച്ചിന് ആ പന്തിനെ നേരിടാന്‍ കുറഞ്ഞത് മൂന്ന് വഴിയെങ്കിലും കാണുമെന്ന രവി ശാസ്ത്രിയന്‍ നിരീക്ഷണം മൂന്നെത് മുന്നൂറെന്നാക്കി നമുക്ക് ഡിവില്ലിയേഴ്സിലും പ്രയോഗിക്കാവുന്നതാണ്. ഒരു പന്തിനെ, അതിന്റെ ഗതിമാറ്റത്തെ അത്ര കൃത്യമായി നിര്‍ണയിക്കാന്‍ കെല്‍പുള്ള താരമാണ് ഡിവില്ലി. അത് പ്രതിഭക്കൊപ്പം ആത്മസമര്‍പ്പണത്തിന്റെ കൂടി ഫലമാണ്. നെറ്റ്സില്‍ വിക്കറ്റുമായി പരിശീലിക്കുന്ന അയാള്‍ പഠിച്ച് തീരാത്തതാണ് വിദ്യകളെന്നും പരിശീലനത്തിലൂടെ തെളിയുന്നതാണ് കഴിവുകളെന്നുകൂടി നമ്മെ പഠിപ്പിച്ചാണ് പടിയിറങ്ങുന്നത്. ഒപ്പം എത്രകാലം കളിച്ചെന്നതിനപ്പുറം, എത്ര കണക്കുകള്‍ മുന്നിലിട്ടുനല്‍കുന്നുവെന്നതിനപ്പുറം എത്രകാലം ബോറടിപ്പിക്കാതെ കളിച്ചുവെന്നതിനുള്ള ഉത്തരംകൂടിയാണ് ഡിവില്ലിയേഴ്സ്. ക്രീസില്‍ ചിലവഴിക്കാനായത് മൂന്ന് മിനിറ്റാണെങ്കില്‍പ്പോലും വെള്ളവരവട്ടത്തിനപ്പുറം കണ്ണിട്ടുനില്‍ക്കുന്നവന് വയറുനിറയുന്ന എന്തെങ്കിലും വിളമ്പിയെ അയാള്‍ മൈതാനം വിടാറുള്ളൂ. 

ക്രിക്കറ്റും ഡിവില്ലിയും കൊടുക്കല്‍ വാങ്ങലിലൂടെ വളരുന്നുവെന്നതാണ് രസകരമായ മറ്റൊരു കാര്യം. ക്രിക്കറ്റിന്റെ ഏറ്റവും പുതിയ മാറ്റം അതേപ്പടി ഉള്‍ക്കൊള്ളുന്ന ഡിവില്ലി ക്രിക്കറ്റിന്റെ മാറ്റത്തിനനുസരിച്ച് അതിലേക്കും സംഭാവന ചെയ്യുന്നു. ക്രിക്കറ്റ് പാഡുകള്‍ പലതും മാറി മാറി കെട്ടുന്ന കാലത്ത് അതിലെല്ലാം മുങ്ങിനിവരുന്നുണ്ട് ഡിവില്ലി. 2004 ലെ അരങ്ങേറ്റം മുതല്‍ ഇന്നലെയവസാനിപ്പിക്കുംവരെയുള്ള ഡിവില്ലിയുടെ കരിയര്‍ ഇത് തെളിയിക്കുന്നുണ്ട്. ക്രീസിന്റെ രണ്ടരമീറ്റര്‍ നീളത്തിലും ഒന്നേകാല്‍ മീറ്റര്‍ വീതിയിലും അയാള്‍ ആടിതീര്‍ക്കുന്ന ‘ഡിവില്ലിയാട്ടം’കളി കണക്കിനപ്പുറം കണ്‍നിറയെ കാണാനുള്ളതാണെന്ന സത്യത്തിന്റെ വീണ്ടെടുക്കലും സാധ്യമാക്കുന്നുണ്ട്.  മൈതാനത്തില്‍ നിന്ന് മടങ്ങുന്നത് ശരിക്കും ക്രീസിന്റെ  കാമുകന്‍ തന്നെയാണ്. ഇത്രയും കാലത്തിനിടയില്‍ കണ്ടുമുട്ടിയ  കാമുകന്‍മാരില്‍ ആരാണ് ഹൃദയത്തിന്റെ വടക്കുക്കിഴക്കേയറ്റത്തെന്ന് എന്നെങ്കിലും ക്രിക്കറ്റ് മറുപടി പറയുമെങ്കില്‍ അത് ഡിവില്ലി എന്ന് തന്നെയായിരിക്കും.

MORE IN SPORTS
SHOW MORE