തന്ത്രങ്ങള്‍ ഒളിപ്പിച്ച് അവര്‍ എത്തുന്നു, റഷ്യയിലേക്ക്; ടീമുകളുടെ കേളീശൈലി ഇങ്ങനെ

ronaldo-messi
SHARE

ലയണല്‍ മെസിക്ക് മധുരപ്രതികാരം തീര്‍ക്കണം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വപ്നം സ്വന്തമാക്കണം, നെയ്മാര്‍ക്ക് കഴിഞ്ഞ ലോകകപ്പിലെ കണ്ണുനീര്‍ തുടച്ച് ചിരിക്കണം, ജര്‍മനിക്ക് പരീക്ഷണശാലയിലെ അസ്ത്രങ്ങളെ വീണ്ടും പ്രയോഗിക്കണം, ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും യുവരക്തങ്ങള്‍ക്ക് അവരുടെ ഇതിഹാസങ്ങളോട് നീതിപുലര്‍ത്തണം. അതിനുള്ള വിശാലമായ ലോകമാണ് റഷ്യയില്‍ മിഴി തുറക്കുന്നത്. ലോകം ഒരു പന്തിനു ചുറ്റും പായാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കളത്തിലെ തന്ത്രങ്ങളിലും ശൈലികളിലും വരുന്ന മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ഫുട്ബോള്‍ ലോകം.

ലോക ഫുട്ബോളിലേക്ക് തിരിച്ചുവരുമെന്ന് കരുതുന്ന ഡയമണ്ട് ഫോര്‍മേഷന്‍ ഈ ലോകകപ്പില്‍ കാണാനാകുമോ? ഫാള്‍സ് 9, വൈഡ് അറ്റാക്ക്,  ടിക്കി ടാക്ക, തുടങ്ങിയവ  ഈ ലോകകപ്പില്‍ ഉണ്ടാവുമോ? ഫുട്ബോള്‍ ലോകം ചര്‍ച്ചചെയ്യുകയാണ്. അടുത്തമാസം 14ന് ഫുട്ബോള്‍ ലോകം റഷ്യയിലേക്ക് എത്തുമ്പോള്‍ ഏതൊക്കെ ശൈലികള്‍ കാണാനാകും. ആ സാധ്യതയിലേക്ക് ഡയമണ്ട് ഫോര്‍മേഷന്‍ തിരിച്ചെത്തുമോ?

4–3–3 ശൈലി

പാസുകളില്‍ കൊരുത്ത് മുന്നേറുന്ന ഈ ശൈലിയുടെ കരുത്ത് കളിക്കാരുടെ കളത്തിലെ സ്ഥാനങ്ങളാണ്. കളിക്കാരെ മനസിലാക്കുന്ന പരിശീലകന്‍ ബുദ്ധിപരമായി പ്രയോഗിച്ചാല്‍ മികച്ച ആക്രമണത്തിനൊപ്പം എതിരാളികളുടെ ആക്രമണത്തെ അരിഞ്ഞുവീഴ്ത്താനും എളുപ്പം സാധിക്കും. മൈതാനത്തിന്റെ വിസ്താരം ഉപയോഗപ്പെടുത്തിയുള്ള കൂട്ടായ ആക്രമണം ആയിരിക്കും. എന്നാല്‍ ഇതിന്റെ വിജയം മുന്‍ നിരയിലെ മൂന്നുപേരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും. ഇവര്‍തമ്മിലുള്ള ആശയവിനിമയവും ഇടപെടലും കൃത്യമായാല്‍ എതിരാളികള്‍ വെള്ളം കുടിക്കും. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്,ജപ്പാന്‍ ടീമുകള്‍ ഈ ശൈലിയെ ആശ്രയിക്കുന്നവരാണ്. 

4–2–3–1 ശൈലി

ഇപ്പോള്‍ ജനകീയമായിരിക്കുന്ന ഒരു ശൈലിയാണിത്. ആക്രമണം തന്നെ മുഖ്യം. മൈതാനത്തിന്റെ വിസ്താരം മുഴുവനായി പ്രയോജപ്പെടുത്തുന്നതാണ് ഈ ശൈലി. അതായത് ഒരു ട്രയാംഗിള്‍ പോലെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ടീമിന് ബാലന്‍സ് നല്‍കുന്നതുമാണ്  ഈ ശൈലി. കൗണ്ടര്‍ അറ്റാക്കിനും ഏറ്റവും മികച്ച ഒരു ഫോര്‍മേഷനായി ഇതിനെ വിശേഷിപ്പിക്കുന്നു. എന്നാല്‍ മുന്നില്‍ നില്‍ക്കുന്നവര്‍ പിന്നിലേക്ക് ഇറങ്ങുമ്പോള്‍ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അതിനാല്‍ ഒരുമിച്ചുള്ള പരിശീലനമാണ് ഇത് മൈതാനത്ത് പ്രായോഗികമാക്കാനുള്ള എളുപ്പവഴി. ജര്‍മനിയും അര്‍ജന്റീനയും പോര്‍ച്ചുഗലും ഈ ശൈലിയാണ് പിന്തുടരുന്നത്. 2014ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും ജര്‍മനിയും ഏറ്റുമുട്ടിയപ്പോള്‍ ഈ ശൈലിയാണ് ഇരുടീമും സ്വീകരിച്ചത്. അന്ന് ജര്‍മനി കപ്പുമായി മടങ്ങുകയായിരുന്നു. 

fifa

4–5–1 ശൈലി

പന്ത് കൈവശം വച്ച് കളിച്ച് മുന്നേറുന്നതാണ് ഈ ശൈലിയുടെ അടിസ്ഥാനം. തിരമാലകള്‍ വന്ന് പിന്‍വാങ്ങുന്നതുപോലെ എന്ന് വിശേഷിപ്പാക്കാം ഈ ശൈലിയെ. എതിരാളിക്ക് മുന്നേറാനുള്ള അവസരം നല്‍കാതെ വലക്കണ്ണികള്‍ തുന്നിച്ചേര്‍ന്ന പാസുകള്‍ തീര്‍ത്ത എതിര്‍ഗോള്‍മുഖം ആക്രമിക്കുന്ന ഈ ശൈലിയിലാണ് സ്പെയിന്‍, ബ്രസീല്‍,ടീമുകളുടെ പോരാട്ടം. എതിരാളിക്ക് കളിച്ച് കയറാനുള്ള പഴുതുനല്‍കാതെ നോക്കുന്നതിനൊപ്പം മുന്നേറ്റത്തിന് കൂടുതല്‍ ആളുകളെ നല്‍കാനും ഈ ശൈലിക്ക് കഴിയും. ആക്രമണശേഷം പിന്‍വലിയുമ്പോള്‍ യഥാസ്ഥാനങ്ങളില്‍ താരങ്ങള്‍ എത്തിയില്ലെങ്കില്‍ എതിരാളിക്ക് അവസരമാകും. ഈ ശൈലിയെ 4–1–4–1 എന്ന രീതിയിലേക്കും 4–3–3 എന്ന രീതിയിലേക്കും മാറ്റുവാന്‍ സാധിക്കും.

3–5–2 അല്ലെങ്കില്‍ 5–3–2 ശൈലി

പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഈ രീതി. കൗണ്ടര്‍ അറ്റാക്ക് ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാന്‍ ഈ ശൈലിക്ക് സാധിക്കും. ഇരുവിങ്ങുകളും എപ്പോഴും ആക്രമണത്തിലും പ്രതിരോധത്തിലും ഇടപെട്ടുകൊണ്ടിരിക്കും. ഫുള്‍ ബാക്കുകള്‍ മുന്നോട്ടേക്കു കയറി നില്‍ക്കുന്നത് മധ്യനിരയില്‍ കാര്യങ്ങള്‍ എളുപ്പമാക്കും. ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ ഇംഗ്ലണ്ടും ആതിഥേയരായ റഷ്യയും ഈ ശൈലി പിന്തുടരുന്നവരാണ്. 

4–4–2 ശൈലി

ലോക ഫുട്ബോളില്‍ സാധാരണയായി ഉപയോഗിക്കുന്ന അല്ലെങ്കില്‍ ഫുട്ബോളിലെ പതിവ് ശൈലിയാണ് ഇത്. ആക്രമണമാണ് ഈ ശൈലിയിലൂടെ ഊന്നലിടുന്നത്. ഏറ്റവും എളുപ്പത്തില്‍ ഈ ശൈലി കളത്തില്‍ നടത്താനാകും. ഒരുമിച്ച് കളിക്കാന്‍ സാധിക്കാത്ത ടീമുകളാണ് സാധാരണയായി ഈ ശൈലി പ്രയോഗിക്കുന്നത്. സ്വീ‍ഡനും യുറഗ്വായും ഈ ശൈലി പിന്തുടരുന്ന ടീമുകളാണ്. 

ഡയമണ്ട് ഫോർമേഷൻ

ലോക ഫുട്ബോളിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന ശൈലിയാണിത്. മൈതാന മധ്യത്തിലൂടെയുള്ള കൊള്ളിയാന്‍ ആക്രമണം ലക്ഷ്യമിടുന്നതാണ് ഡയമണ്ട് ഫോര്‍മേഷന്‍. 4–1–2–1–2 .  പ്രതിരോധത്തില്‍ വിങ്ബായ്ക്കുകളടക്കം നാലുപേർ. ഡിഫൻസീവ് മിഡ്ഫീൽഡർ ഉൾപ്പെടെ നാലു മിഡ്ഫീൽഡർമാർ, അവരാണ് പ്രതിരോധക്കോട്ടയ്ക്ക് മുന്നിലായി ഒന്നേ, രണ്ടേ,ഒന്ന് എന്നരീതിയില്‍ അണിനിരക്കുക. ഇവര്‍ക്ക് മുന്നിലായി രണ്ടു സ്ട്രൈക്കർമാർ. ഈ ഡയമണ്ട് കട്ടിന്റെ മറ്റൊരു പതിപ്പാണ് 4–3–2–1 എന്നത്.  ഏത് ശൈലി സ്വീകരിച്ചാലും അത് കളത്തില്‍ കൃത്യതയോടെ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം എതിരാളിയുടെ വലകൂടി നിറച്ചാലെ മുന്നേറാനാകൂ.

  

MORE IN SPORTS
SHOW MORE