ഐപിഎല്‍ പ്ലേ ഓഫി‌ലെത്താന്‍ അഞ്ചു ടീമുകള്‍; പോരാട്ടം മുറുകി; കണക്കുകൂട്ടി കോഹ്‌ലിയും രോഹിത്തും

rohit-kohli
SHARE

51 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഐപിഎല്ലിലെ എട്ട് ടീമുകളില്‍ അഞ്ചു ടീമിന് പ്ലേ ഓഫിലേക്ക് സാധ്യത നിലനില്‍ക്കുന്നു. ആദ്യരണ്ട് സ്ഥാനക്കാരായ സണ്‍റൈസേഴ്സും സൂപ്പര്‍ കിങ്സും നില ഭദ്രമാക്കിയപ്പോള്‍ ഡെയര്‍ ഡെവിള്‍സ് ഒഴികെയുള്ള ടീമുകള്‍ പ്ലേ ഓഫിനുള്ള പോരാട്ടത്തിനുണ്ട്. ജയിക്കാന്‍ അവസാന പന്തില്‍ ആറു റണ്‍സ് വേണ്ട ടീമുകളുടെ അവസ്ഥയിലാണ് ഇപ്പോള്‍ ഐപിഎല്ലിലെ പ്ലേ ഓഫ് സാധ്യതകള്‍. അവസാന മല്‍സരത്തിലൂടെ പ്ലേ ഓഫ് പിടിക്കാന്‍ കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും ടീമുകളുണ്ട്. അവരുടെ സാധ്യതകള്‍ അവസാന മല്‍സരഫലത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.

പ്ലേ ഓഫ് വാതില്‍മുട്ടി നൈറ്റ് റൈഡേഴ്സ് 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഉറപ്പാക്കിയവരാണ്. 13മല്‍സരങ്ങളില്‍ ഏഴ് ജയത്തോടെ ആണ് നൈറ്റ് റൈഡേഴ്സ് അവരുടെ സ്ഥാനം ഉറപ്പാക്കിയത്. ലീഗില്‍ ബാക്കിയുള്ളത്  ഒരു മല്‍സരം മാത്രം. ഇതില്‍ ജയിച്ചാല്‍ നൈറ്റ് റൈഡേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. ജയിച്ചാല്‍ സണ്‍റൈസേഴ്സിനൊപ്പം മുന്നേറാം.  തോറ്റാല്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, കിങ്സ് ഇലവന്‍ മല്‍സര ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും. സണ്‍റൈസേഴ്സിനെതിരെയാണ് ദിനേശ് കാര്‍ത്തിക് നയിക്കുന്ന ടീമിന്റെ അവസാന മല്‍സരം. 

തട്ടിമുട്ടി മുംബൈ ഇന്ത്യന്‍സ്

13മല്‍സരങ്ങളില്‍ നിന്ന ആറു ജയത്തോടെയാണ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിനായി മുട്ടുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ വിജയമാണ് ഇന്ത്യന്‍സിന് ജീവന്‍ നല്‍കിയത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയാണ് അടുത്ത മല്‍സരം. റണ്‍റേറ്റില്‍ മുന്നില്‍ നില്‍ക്കുന്നത് രോഹിത് ശര്‍മയുടെ ഇന്ത്യന്‍സിന് ഗുണമാകും. ലീഗില്‍ മോശം ഫോമില്‍ നില്‍ക്കുന്ന ഡയര്‍ഡെവിള്‍സിനെതിരെ ഇന്ത്യന്‍സിന് ജയം ഉറപ്പിക്കാം.

ജീവന്‍വച്ച റോയല്‍ ചലഞ്ചേഴ്സ്

ലീഗിലെ പതിമൂന്ന് മല്‍സരങ്ങളില്‍ ആറെണ്ണം ജയിച്ചാണ് ചലഞ്ചേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. വിരാട് കോഹ്‌ലി,ഡിവില്ലിയേഴ്സ് വമ്പന്മാര്‍ക്ക് ജയം അകലെയായിരുന്നു. പുറത്തായി എന്ന് തോന്നിച്ചിടത്ത് നിന്നാണ് ചലഞ്ചേഴ്സിന് ജീവന്‍ വച്ചത്. സണ്‍റൈസേഴ്സിനെതിരായ മല്‍സരത്തിലെ ജയം കോഹ്‌ലിയുടെയും കൂട്ടരുടെയും മാനംകാത്തു. എന്നാല്‍ പ്ലേ ഓഫിലെത്താന്‍ റോയല്‍സിനെതിരായ മല്‍സരം ജയിച്ചാല്‍ മാത്രം പോരാ, മുംബൈ ഇന്ത്യന്‍സിന്‍റെയും കിങ്സ് ഇലവന്റെയും തോല്‍വിക്കായും കാത്തിരിക്കണം. നെറ്റ് റണ്‍റേറ്റ് ചലഞ്ചേഴിസിന് ഗുണമാകും. 

ജയിച്ചും തോറ്റും റോയല്‍സ്

തുടര്‍ച്ചയായ മൂന്ന് ജയങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിനെ പ്ലേ ഓഫ് മല്‍സരത്തിന് സജീവമാക്കിയത്. പതിമൂന്ന് മല്‍സരങ്ങളില്‍ ആറില്‍ ജയിച്ചു. ഏഴില്‍ തോറ്റു. റോയല്‍ ചലഞ്ചേഴ്സിനെതിരായ അവസാന മല്‍സരം വീറുറ്റതാകും. റോയല്‍സിനെപ്പോലെ ചലഞ്ചേഴ്സിനും അവസാന മല്‍സരം വിജയിക്കേണ്ടതുണ്ട്. ജയിച്ചാല്‍ കിങ്സ് ഇലവനെക്കാള്‍ പ്ലേ ഓഫ് സാധ്യത രഹാനെയുടെ റോയല്‍സിന് നിലവിലുണ്ട്. നെറ്റ് റണ്‍റേറ്റാണ് റോയല്‍സിന് നേട്ടമാകുന്നത്. അവസാന മല്‍സരം തോറ്റാല്‍ പിന്നെ പ്ലേ ഓഫിലെത്താതെ ഈ സീസണ്‍ അവസാനിപ്പിക്കാം.

ആരംഭശൂരത്വവുമായി കിങ്സ് ഇലവന്‍

ഗെയിലിന്റെയും രാഹുലിന്റെയും ബാറ്റിലേറി ആദ്യഘട്ടത്തിലെ ആറില്‍ അഞ്ചിലും ജയിച്ച കിങ്സ് ഇലവനും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. പതിമൂന്ന് മല്‍സരങ്ങളില്‍ ആറെണ്ണമാണ് വിജയിച്ചത്. റോയല്‍ ചലഞ്ചേഴ്സിനെതിരായ പത്തുവിക്കറ്റിന്റെ തോല്‍വിയാണ് കിങ്സ് ഇലവന് തിരിച്ചടിയായത്. സൂപ്പര്‍ കിങ്സിനെതിരായ മല്‍സരം നിര്‍ണായകം ആകും. തോറ്റാല്‍ പ്രീതി സിന്റയുടെ കിങ്സ് ഇലവന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. അവസാന പന്തില്‍ (മല്‍സരത്തില്‍) ആരു ജയം നേടുമെന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി.

MORE IN SPORTS
SHOW MORE