അടികൊണ്ട് വലഞ്ഞ് ബേസിൽ; നാണക്കേടിന്റെ റെക്കോർഡ് മലയാളി താരത്തിന്റെ പേരിൽ

basil-thampi
SHARE

ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ബോളറെന്ന മോശം റെക്കോര്‍ഡ് മലയാളി താരം ബേസില്‍ തമ്പിക്ക്. സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് ബേസില്‍ ബാറ്റ്സ്മാന്‍മാരുടെ തല്ല് വാങ്ങിക്കൂട്ടിയത്. ബേസിലിന്‍റെ നാല് ഓവറില്‍ 70 റണ്‍സാണ് ബാംഗ്ലൂര്‍ താരങ്ങള്‍ അടിച്ചുകൂട്ടിയത്. 

ബൗളിങ് ശൈലി ശ്രദ്ധിക്കപ്പെട്ടെങ്കിലും കരുത്തുറ്റ ഹൈദരാബാദ് നിരയില്‍ സ്ഥിരം സ്ഥാനം കണ്ടെത്താന്‍ ബേസിലിനായിട്ടില്ല. ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായാണ് ഇക്കുറിയും ബേസില്‍ കളത്തിലിറങ്ങിയത്. പവര്‍പ്ലേ സമയത്ത് ബോള്‍ ചെയ്യാനെത്തിയ ബേസില്‍ ആദ്യരണ്ട് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്തു. പിന്നീടെറിഞ്ഞ രണ്ടോവറില്‍ 33 റണ്‍സും. 

ഹൈദരാബാദ് ബോളര്‍മാര്‍ക്കെല്ലാം നല്ല തല്ല് നല്‍കിയാണ് ബാംഗ്ലൂര്‍ താരങ്ങള്‍ ക്രീസ് വിട്ടത്. സിദ്ധാര്‍ഥ് കൌള്‍ 44 റണ്‍സ് വഴങ്ങിയപ്പോള്‍ സന്ദീപ് ശര്‍മ 40 റണ്‍സ് വിട്ടുകൊടുത്തു. മത്സരത്തില്‍ ഹൈദരാബാദിനെ 14 റണ്‍സിലാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. 

നേരത്തെ ഇഷാന്ത് ശര്‍മക്കൊപ്പമായിരുന്നു ഈ റെക്കോര്‍ഡ്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സണ്‍റൈസേഴ്സിന്‍റെ ഇഷാന്ത് ശര്‍മ വഴങ്ങിയ 64 റണ്‍സായിരുന്നു ഇതുവരെയുള്ള മോശം പ്രകടനം. ഈ റെക്കോര്‍ഡാണ് ബേസില്‍ മറികടന്നത്. ടിട്വന്‍റിയില്‍ ഈ മോശം റെക്കോര്‍ഡിനുടമ ശ്രീനാഥ് അരവിന്ദ് ആണ്. ബംഗളുരുവില്‍ നടന്ന ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ സൗത്ത് ആസ്ത്രേലിയക്കെതിരെ 69 റണ്‍സാണ് അരവിന്ദ് വഴങ്ങിയത്.

MORE IN SPORTS
SHOW MORE