ജൻമദിനത്തിൽ സച്ചിനെ ‘കൊട്ടി’ ഓസ്ട്രേലിയ, കലി പൂണ്ട് ആരാധകർ, വിഡിയോ

sachin-birthday
SHARE

മൈതാനത്ത് എതിരാളികളെ വീഴ്ത്താൻ ഏതു തന്ത്രവും പയറ്റുന്ന ടീമാണ് ഓസ്ട്രേലിയയെന്നു എല്ലാവർക്കും അറിയാം. എതിരാളികളെ ചീത്ത വിളിച്ചിട്ടായാലും പന്ത് ചുരണ്ടിയിട്ടായാലും എങ്ങനെയെങ്കിലും ജയിച്ചാൽ മതിയെന്നു ചിന്തിക്കുന്ന ടീം. ഗ്രൗണ്ടിനു പുറത്ത് എതിരാളികൾക്കെതിരെ കാര്യമായ ആക്രമണത്തിന് ഇവർ മുതിരാറില്ല. എന്നാൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇന്ത്യൻ ടീമിനിട്ട് ചെറിയൊരു ‘കൊട്ട്’ തന്നിട്ടുണ്ട്. അതും സാക്ഷാൽ സച്ചിൻ ടെൻഡുക്കറോട്. പോരേ പൂരം.

സംഭവത്തിലേക്ക് വിശദമായി കടക്കാം. ഏപ്രിൽ 24. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്റെ ജൻമദിനമാണെന്ന് എല്ലാവർക്കുമറിയാം. നാനാഭാഗങ്ങളിൽ നിന്നുള്ളവർ താരത്തെ ആശംസകൾ കൊണ്ടു മൂടുന്ന വേള. ഇതേ ദിവസം തന്നെ ജൻമദിനം ആഘോഷിക്കുന്ന ഒരു ക്രിക്കറ്റ് താരമാണ് ഓസ്ട്രേലിയയുടെ മുൻ ഫാസ്റ്റ് ബൗളർ ഡാമിയൻ ഫ്ളെമിങ്. ഫ്ളെമിങ്ങിനു ആശംസകൾ നേരവെ ഓസ്ട്രേലിയയുടെ ഒഫിഷ്യൽ വെബ്സൈറ്റ് ക്രിക്കറ്റ് ഡോട് കോം ഒരു ചെറിയ പണി ഒപ്പിച്ചു. പണ്ട് ഫ്ളെമിങ് സച്ചിനെ ക്ളീൻ ബൗൾഡാക്കുന്ന ഒരു വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഹാപ്പി ബർത്ത്ഡേ ഫ്ലെമിങ് എന്ന ഒരു കുറിപ്പും. 

ഇതിൽ എന്തോ ഒരു ഒളിയമ്പ് ഇല്ലേ ? ഇന്ത്യൻ ആരാധകർക്കു സംഗതി കത്താൻ അധികം നേരം വേണ്ടി വന്നില്ല. മറുവശത്ത് ഓസ്ട്രേലിയ ആകുമ്പോൾ ചിത്രം വ്യക്തം. ആരാധകർ പിന്നെ വെറുതെയിരിക്കുമോ ? തൃശൂർ പൂരത്തിന് വെടിക്കെട്ടിന് തീ കൊളുത്തിയ പോലെ വന്നു വിമർശനം. ഓസ്ട്രേലിയക്കെതിരേയും ഫ്ളെമിങ്ങനെതിരേയും സച്ചിൻ നേടിയ റൺസുകളുടെ വിഡിയോ പോസ്റ്റ് ചെയ്താണ് ആരാധകർ മറുപടി നൽകിയത്. എത്ര വിലക്കു കിട്ടിയാലും നിങ്ങളൊന്നും നന്നാവില്ലെന്നു മറ്റു ചിലരും. എന്തായാലും സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.

MORE IN SPORTS
SHOW MORE