മഴനിയമത്തെച്ചൊല്ലി വിവാദം; വി‌ജെ‌ഡി നിയമം നടപ്പാക്കണമെന്ന് ദിനേശ് കാർത്തിക്ക്

dineshkarthi-jayadevan
SHARE

വിദേശ കളിക്കാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഡക്ക്്വര്‍ത്ത് ലൂയിസ് നിയമം ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ ഉപയോഗിക്കുന്നതെന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മഴനിയമം അവതരിപ്പിച്ച വി.ജയദേവന്‍. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിന് പകരം വി.ജയദേവന്റെ വി.ജെ.ഡി നിയമം നടപ്പാക്കണമെന്ന ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ അഭിപ്രായത്തോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം. 

ദിനേശ് കാര്‍ത്തിക്കിന്റെ ഈ പിന്തുണ മലയാളിയായ വി.ജയദേവന് ഏറെ പ്രോല്‍സാഹനം പകരുന്ന ഒന്നാണ്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മഴ പെയ്താല്‍ വിജയം നിശ്ചയിക്കുന്നത് വി.ജെ.ഡി നിയമപ്രകാരമാണ്. ഇതു ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ പരീക്ഷിക്കാന്‍ 2010ല്‍ തീരുമാനിച്ചതാണ്. സുനില്‍ ഗവസ്കര്‍  ഈ നിയമം നടപ്പാക്കാന്‍ മുന്‍കയ്യെടുത്തിരുന്നു. പക്ഷേ, ഐ.പി.എല്‍ ഭരണസമിതി ഈ നിയമം പിന്നീട് തള്ളി. 

ഐ.പി.എല്‍ ടൂര്‍ണമെന്റിലെ ഈയിടെ നടന്ന മല്‍സരങ്ങള്‍ മഴയില്‍ മുങ്ങിയപ്പോള്‍ വിജയം നിശ്ചയിക്കാന്‍ പ്രഖ്യാപിച്ച റണ്‍ ഏറെ വിമര്‍ശനങ്ങള്‍ വരുത്തിവച്ചു. ഈ സാഹചര്യത്തിലാണ് ജയദേവന്റെ മഴനിയമം വീണ്ടും ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് സ്വന്തമായി ഒരു മഴനിയമം ഉള്ളപ്പോള്‍ ഡക്ക്്വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. വിദേശ കളിക്കാര്‍ക്കു കൂടി തൃപ്തി വരാന്‍. ഇന്ത്യന്‍ കളിക്കാര്‍തന്നെ വി.ജെ.ഡി നിയമത്തിന് മുറവിളി കൂട്ടുമ്പോള്‍ അത് മലയാളിയായ ജയദേവന് ഏറെ ആത്മവിശ്വാസം പകരുകയാണ്.

തൃശൂര്‍ കുരിയച്ചിറ നെഹ്റുനഗര്‍ സ്വദേശിയായ വി.ജയദേവന്‍ സിവില്‍ എന്‍ജിനീയറായാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഇരുപതുവര്‍ഷമായി പുതിയ മഴനിയമത്തിന് വേണ്ടി വാദിക്കുന്ന വ്യക്തി. ബി.സി.സി.ഐ. ആകെ നല്‍കിയത് അഞ്ചു ലക്ഷം രൂപ പ്രതിഫലമാണ്. ആഭ്യന്തരക്രിക്കറ്റില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വി.ജെ.ഡി മഴനിയമം ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ എങ്കിലും ഉപയോഗിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്. 

MORE IN SPORTS
SHOW MORE