വാട്സണ്‍ പേമാരിയില്‍ കോഹ്‌ലിപ്പട ഒലിച്ചുപോകുമോ?; ധോണിയുടെ അന്തര്‍ജ്ഞാനം അപാര‍ം

kohli-dhoni-watson
SHARE

മൊഹാലിയി‍ൽ ആഞ്ഞുവീശിയ ഗെയില്‍ കൊടുങ്കാറ്റിനു പിന്നാലെ പുണെയില്‍ വാട്സണ്‍ പേമാരി പെയ്തിറങ്ങി. ഇതെല്ലാം നാശം വിതയ്ക്കുന്നതാകട്ടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാംപിലും. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ജഴ്സിയില്‍ വീര്‍പ്പുമുട്ടിയ ക്രിസ് ഗെയിലും ഷെയ്ന്‍ വാട്സണും കെ.എല്‍.രാഹുലും ഈ സീസണില്‍ സൂപ്പര്‍ കിങ്സിന്റെയും കിങ്സ് ഇലവന്റെയും ജേഴ്സിയില്‍ തിളങ്ങുകയാണ്. സീസണിലെ ആദ്യ സെഞ്ചുറി ഗെയില്‍ നേടിയതിന്റെ പിറ്റേന്നു തന്നെ വാട്സണ്‍ സെഞ്ചുറിയിലൂടെ ചെന്നൈ സൂപ്പര്‍ കിങ്സിന് തകര്‍പ്പന്‍ ജയം ഒരുക്കി. 

റോയല്‍ ചലഞ്ചേഴ്സിന്റെ ജഴ്സിയില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ ഗെയിലും വാട്സണും രാഹുലും തിളങ്ങുന്നു, റോയല്‍ ചലഞ്ചേഴ്സില്‍ ആയിരുന്നപ്പോള്‍ അവര്‍ക്ക് എന്തായിരുന്നു പ്രശ്നമെന്ന് അറിയില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വീറ്റ് ചെയ്തു. ‘‘റോയല്‍ ചലഞ്ചേഴ്സ് ഇതൊന്നും കാണുന്നില്ലല്ലോ അല്ലേ’’ എന്നാണ് ആരാധകരുടെ കളിയാക്കല്‍. റോയല്‍സിന്റെ മുന്‍ താരം കൂടിയായിരുന്ന വാട്സണിനെ ഇത്തവണ ലേലത്തില്‍ പിടിക്കാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഡെയര്‍ ഡെവിള്‍സും ആണ് ഉണ്ടായിരുന്നത്. ഒരുകോടി അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം വിളി രണ്ടുകോടി അറുപത് ലക്ഷം വരെ റോയല്‍സ് വിളിച്ചു. പിന്നീട് ഉപേക്ഷിച്ചു.

വിടാതെ നിന്ന ഡെവിള്‍സും സൂപ്പര്‍ കിങ്സും ആഞ്ഞുവിളിച്ചു. ഒടുവില്‍ നാലുകോടിക്ക് സൂപ്പര്‍ കിങ്സിന്റെ ജേഴ്സിയിലെത്തി. കാലം കഴിഞ്ഞു ഫോം പോയി എന്നുപറഞ്ഞവര്‍ക്കുള്ള മറുപടിയാണ് 36കാരനായ ഷെയ്ന്‍ വാട്സണ്‍ പുണെയില്‍ നല്‍കിയത്. അതും ട്വന്റി 20കരിയറിലെ അതിവേഗ സെഞ്ചുറി തീര്‍ത്ത്. 51പന്തിലായിരുന്നു സെഞ്ചുറി. 57പന്തില്‍ നിന്നാണ് ഇതിനു മുമ്പ് സെഞ്ചുറി നേടിയത്. ഐ.പി.എല്ലിലെ മൂന്നാം സെഞ്ചുറിക്കുതിപ്പില്‍ രണ്ടുതവണ വാട്സണ്‍ പുറത്താക്കാനുള്ള അവസരം റോയല്‍സിന് നല്‍കിയതാണ്. 

എന്നാല്‍ ആ രണ്ടവസരവും റോയല്‍സിന്റെ ഫീല്‍‌ഡര്‍മാര്‍ കളഞ്ഞു. സ്റ്റുവര്‍ട്ട് ബിന്നിയെറിഞ്ഞ 13ാം ഓവറില്‍ നാലുതവണ പന്ത് അതിരുകടന്നു, ഈ നാലുപന്തും നാല് ദിക്കിലേക്കാണ് പോയത്. കളിയില്‍ ധോണിയുടെ അന്തര്‍ജ്ഞാനം അപാരമാണെന്നും അത് കളിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വളരെ നിര്‍ണായകമാണെന്നും വാട്സണ്‍ മല്‍സരശേഷം പറഞ്ഞു. 

റോയല്‍സിനൊപ്പം കളിച്ചിരുന്ന നാളുകള്‍ മികച്ചതായിരുന്നു, ഐപിഎല്ലില്‍ റോയല്‍സ് നല്‍കിയ അവസരങ്ങള്‍ കരിയറില്‍ നേട്ടങ്ങളുണ്ടാക്കിയെന്നും വാട്സണ്‍ മല്‍സരശേഷം പറഞ്ഞു. ഗെയിലും വാട്സണും രാഹുലും പ്രകമ്പനങ്ങള്‍ തീര്‍ത്ത് അവരുടെ ടീമുകള്‍ക്ക് വിജയം നല്‍കുമ്പോള്‍ കളിച്ച നാലില്‍ മൂന്നും തോറ്റ റോയല്‍ചലഞ്ചേഴ്സ് കൂടുവിട്ട കിളികളുടെ പറക്കല്‍ കണ്ട് പകച്ചുനില്‍ക്കുകയാണ്.

MORE IN SPORTS
SHOW MORE