രക്ഷിച്ചത് സേവാഗും യോഗയുമെന്ന് ക്രിസ് ഗെയില്‍; കരയേണ്ടത് വിരാട് കോഹ്‌ലി..!

gale-sevag-kohli
SHARE

ഗെയില്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ക്ലാസിക് ഷോട്ടുകള്‍ ആരും പ്രതീക്ഷിക്കുന്നില്ല. കാണേണ്ടത് കരുത്തുറ്റ കൂറ്റനടികള്‍ മാത്രം. പാദചലനങ്ങളോ സാങ്കേതികത്തികവോ ഉണ്ടാവില്ല. ടൈമിങ്, ഹിറ്റിങ് –ഗെയിലിന്റെ ബാറ്റിങ്ങിനെ ഈ രണ്ടുവാക്കില്‍ ഒതുക്കാം. 

ആന കരിമ്പിന്‍ കാട്ടില്‍ കയറില്‍ എന്തായിരിക്കും സ്ഥിതി, അതാണ് സണ്‍റൈസേഴ്സിനെതിരായ മല്‍സരത്തില്‍ കണ്ടത്. കാലം കഴിയുന്തോറും ഗെയിലിനു വീര്യം കൂടുകയാണ്. കാലം കഴിഞ്ഞു, ഇനി വേണ്ട എന്ന് എഴുതിത്തള്ളിയ റോയല്‍ ചലഞ്ചേഴ്സിനുള്ള മറുപടിയാണ് കിങ്സ് ഇലവന്റെ ജേഴ്സിയിലൂടെ ഗെയില്‍ നല്‍കിയത്. 

preethi–gayle

എന്നെ രക്ഷിച്ചത് സേവാഗാണെന്നും ഈ സെഞ്ചുറി ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ക്രിസ്റ്റീനയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും മല്‍സരശേഷം ഗെയില്‍ പറഞ്ഞു. കിങ്സ് ഇലവന്റെ ക്യാംപിലെത്തിയപ്പോള്‍ യോഗ പരിശീലനം നടത്തിയാല്‍ നല്ലതായിരിക്കും എന്ന സേവാഗിന്റെ ഉപദേശം ഇത്രയും സ്വാധീനം ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും ഗെയില്‍ കൂട്ടിച്ചേര്‍ത്തു. യോഗ പരിശീലകനും ടീമിന്റെ മസാജറും ചേര്‍ന്നപ്പോള്‍ ഒരാഴ്ചകൊണ്ട് കാല്‍പ്പാദത്തില്‍ കൈ എത്തിക്കാനായെന്നും ശരീരത്തിനു ലഭിച്ച ഈ വഴക്കമാണ് ഈ ഇന്നിങ്സിന്റെ രഹസ്യമെന്നും ഗെയില്‍ പറഞ്ഞു.

38കാരനായ ഗെയില്‍ ഐപിഎല്‍ ലേലത്തില്‍ രണ്ടുകോടി  അടിസ്ഥാനവിലയില്‍ എത്തിയിട്ടും വിറ്റുപോയില്ല. ഒരു ടീമും താല്‍പര്യം കാണിച്ചില്ല. ഈ അവസരത്തിലാണ് കിങ്സ് ഇലവന്‍ ടീം ക്രിക്കറ്റ് ഡയറക്ടര്‍ വീരേന്ദര്‍ സേവാഗിന്റെ ഉപദേശം സ്വീകരിച്ച് ടീം ഉടമ പ്രീതി സിന്റ ഗെയിലിനെ അടിസ്ഥാനവിലയില്‍ ടീമിലെത്തിച്ചത്. അതിനുള്ള മറുപടിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 63 പന്തില്‍ 104 റണ്‍സെടുത്ത് നല്‍കിയത്. 

yuvi-dance-gayle

ഗെയിലിന്റെ കലിപ്പില്‍ റഷീദ് ഖാനാണ് കൂടുതല്‍ തല്ലുകിട്ടിയത്. റഷീദ് ഖാന്‍ എറിഞ്ഞ 14ാം ഓവറില്‍ നാലുസിക്സറുകളാണ് പറന്നത്. ഇതുകണ്ട് ഇഷാന്ത് ശര്‍മ ട്വിറ്ററില്‍ കുറിച്ചു, ഗെയിലിനും തനിക്കും സാമ്യമുണ്ട്, അത് ഇരുവരും ‘റണ്‍ മെഷീന്‍’ ആണ്. റഷീദ് ഖാനെ റണ്‍സ് വിട്ടുകൊടുക്കുന്ന ബോളര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാക്കിയെന്ന് കുറിക്കാനും ഇഷാന്ത് മറന്നില്ല. 2018 ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയില്‍ ഹരം കൊണ്ട രവീന്ദ്ര ജഡേജ എഴുതിയത് ഈ അടിയില്‍ കരയേണ്ടത് റഷീദ് ഖാനല്ല, വിരാട് കോഹ്‌ലിയാണെന്നാണ്. യുണിവേഴ്സല്‍ ബോസ് എന്ന ഹാഷ് ടാഗോടെയാണ് ആകാശ് ചോപ്ര ഗെയില്‍ ഇന്നിങ്സിനെ വാഴ്ത്തിയത്. ഗെയില്‍ കൊടുങ്കാറ്റില്‍ പിടിച്ചുനിന്ന ഭുവനേശ്വറിന്  അഭിനന്ദനം എന്ന് ഇര്‍ഫാന്‍ പഠാനും കുറിച്ചു. ഇയാന്‍ ബിഷപ്, മുഹമ്മദ് കൈഫ്, തുടങ്ങി ഒട്ടേറെ ക്രിക്കറ്റര്‍മാര്‍ ഗെയിലിനെ പ്രകീര്‍ത്തിച്ച് ട്വിറ്ററിലെത്തി. 

എല്ലാവരും തഴഞ്ഞപ്പോൾ പ്രീതി സിന്റ രക്ഷയ്ക്കെത്തി, ഇത് ഗെയ്‌ലിന്റെ മധുരപ്രതികാരം, വിഡിയോ

MORE IN SPORTS
SHOW MORE