താരമായി സഞ്ജുവും ജേസണ്‍ റോയും

sanju-jason-roy
SHARE

പോയവാരം ഐപിഎല്‍ ഒട്ടേറെ മാസ്മരികപ്രകടനങ്ങള്‍ക്കാണ് വേദിയായത്. കഴിഞ്ഞയാഴ്ചയില്‍ മികച്ചപ്രകടനം കാഴ്ചവച്ച സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം

താരലേലത്തില്‍ 8 കോടി ലഭിച്ചെന്നറിഞ്ഞപ്പോള്‍ മുഖം ചുളിച്ചവര്‍ക്ക് സഞ്ജുവിന്റെ മറുപടി ബാറ്റുകൊണ്ടായിരുന്നു. ലോകക്രിക്കറ്റിലെ ബാറ്റിങ് സൂപ്പര്‍ഹീറോസിനെ സാക്ഷിയാക്കി  ആര്‍.സി.ബിക്കെതിരെ നേടിയ 92 റണ്‍സ് സഞജുവിനെ ടോപ്‌പൊസിഷനില്‍ എത്തിക്കുന്നു. ഈ മലയാളിത്താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നത് 10 സിക്സും 2 ഫോറും. ഒരുവേള ആര്‍സിബി താരങ്ങള്‍ വിചാരിച്ചു കാണും പയ്യന് സിക്സും ഫോറും തമ്മില്‍ മാറിപ്പോയതാണെന്ന്

മുംബൈയ്ക്കെതിരെ 92 റണ്‍സ് നേടിയ ജേസണ്‍ റോയ്‌യുടെ പ്രകടനമാണ് രണ്ടാംസ്ഥാനത്ത്. 6 സിക്സറുകളും 6 ഫോറും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. 

ലേലത്തില്‍ പലരും തഴഞ്ഞ തനിക്ക് ടീമിലടം നല്‍കിയതിന് ഗെയില്‍ പഞ്ചാബിനോട് നന്ദി പറഞ്ഞു. 33 പന്തില്‍ 63 റണ്‍സെടുത്ത്.. ഏഴു സിക്സറുകളും 4 ഫോറുമടങ്ങിയ ഈ ഇന്നിങ്സ് തന്നെ മൂന്നാമത്

കാലംകഴിഞ്ഞുവെന്ന് പറഞ്ഞവരുടെ വായ ക്യാപ്റ്റന്‍കൂള്‍ അടപ്പിച്ചത് ബാറ്റുകൊണ്ടാണ്. 11 തവണ പന്ത് അതിര്‍ത്തിതേടിപ്പോയ ഇന്നിങ്ങ്സില്‍ 79 റണ്‍സാണ് ധോണി അക്കൗണ്ടില്‍ ചേര്‍ത്തത്. നാലാംസ്ഥാനം പരുക്കിനെ കൂസാതെ പന്തുപറത്തിക്കളിച്ച ഈ ഹോട്ട് ഇന്നിങ്സിന്.

പോയവാരം ചിലതാരോദയങ്ങളുടേതു കൂടിയായിരുന്നു. മായങ്ക് മാര്‍ക്കണ്ഡേ യുടെ തീയുണ്ടകള്‍ നെഞ്ചിടിപ്പ് കൂട്ടിയത് കൊലകൊമ്പന്‍മാരായ ബാറ്റ്സ്മാന്‍മാരുടെ. ചെന്നൈയ്ക്കെതിരായ ഉദ്ഘാടനമല്‍സരത്തില്‍ മായങ്ക് പിഴുതെടുത്തത് നിര്‍ണായകവിക്കറ്റുകള്‍. ഐപിഎല്‍ കരിയറിലെ രണ്ടാംവിക്കറ്റാകട്ടെ സാക്ഷാല്‍ എം.എസ്.ധോണിയുടെ.. കന്നി ഐപിഎല്‍ മല്‍സരത്തില്‍  23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് തെറിപ്പിച്ചത് മൂന്ന് വിക്കറ്റുകള്‍.

പതിനേഴുകാരന്‍ മുജീബ് ഉര്‍ റഹ്മാനും വെറുതെയിരുന്നില്ല. ഐപിഎല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് വേട്ടക്കാരന്‍ ഈ അഫ്ഗാന്‍ താരമാണ്. മികച്ചപ്രകടനം ഡല്‍ഹിക്കെതിരെ. വീഴ്ത്തിയത് രണ്ട് വിക്കറ്റ്. വിട്ടുകൊടുത്തത് 28 റണ്‍സ് മാത്രം.

വിക്കറ്റ് വേട്ടയില്‍ സണ്‍റൈസേഴ്സ് താരം ഭുവനേശ്വര്‍ കുമാറും ഒട്ടും മോശമല്ല. കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയതാണ് സീസണിലെ മികച്ച പ്രകടനം

MORE IN SPORTS
SHOW MORE