ചിന്നസ്വാമിയിൽ സഞ്ജു പെരിയസ്വാമി, ‘സിക്സ്’പാക്ക് വെടിക്കെട്ട്: വിഡിയോ

sanju-samson-2
SHARE

വിഷുദിനത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സിക്സർ വെടിക്കെട്ടുമായി സഞ്ജു സാംസൺ. ബെംഗ്ളൂരു ബോളർമാർ എല്ലാവരും മാറിമാറി സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ‌ു. പുറത്താവാതെ 45 പന്തിൽ 92 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 204 ശരാശരിയിൽ പത്ത് സിക്സും രണ്ട് ഫോറും അടങ്ങുന്ന സഞ്ജുവിന്റെ ബാറ്റിങ് ആരാധകർക്ക് വിസ്മയക്കാഴ്ചയായി. 

ഓപ്പണർമാരായ രഹാനെയും ഷോർട്ടും പുറത്തായ ശേഷ‍ം മൂന്നാം വിക്കറ്റിലായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഗതി നിർണയിച്ച സഞ്ജു സാംസൺ–ബെൻ സ്റ്റോക്സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച ഇരുവരും രാജസ്ഥാൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 49 റൺസ്. ടീം ടോട്ടൽ 100 കടന്നതിനു പിന്നാലെ സ്റ്റോക്സ് മടങ്ങി. 21 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത സ്റ്റോക്സിനെയും ചാഹൽ മടക്കി.

കൂട്ടായി ജോസ് ബട്‌ലർ എത്തിയതോടെ സഞ്ജു കൂടുതൽ ആക്രമണകാരിയായി. തുടർച്ചയായി സിക്സുകൾ കണ്ടെത്തിയ സഞ്ജു രാജസ്ഥാന്റെ സ്കോർ അതിവേഗം ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. ബട്‌ലർ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്തു.

ബട്‌ലർ‌ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 10 പന്തുകൾ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോറിലേക്ക് സംഭാവന ചെയ്തത് 42 റൺസ്! ത്രിപാഠി അഞ്ചു പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു. ആർസിബി നായകൻ വിരാട് കോഹ്ലിയെ സാക്ഷിയാക്കിയാണ് സഞ്ജു ചിന്നസ്വാമിയിൽ സിക്സർ മഴപെയ്യിച്ചത്. അവസാന അ‍ഞ്ച് ഓവറിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത് 17.6 ശരാശരിയിൽ 88 റൺസാണ്. ഇതിൽ ഭൂരിഭാഗവും സഞ്ജുവിന്റെ സംഭാവനയാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.