ഇടിക്കൂട്ടിലെ അമ്മ; പിന്നെ... കോമണ്‍വെല്‍ത്തില്‍ തലയെടുപ്പോടെ ഇന്ത്യന്‍ പെണ്‍പട

mary-kom-saina-sindhu
SHARE

വീട്ടിലെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടവളാണ് സ്ത്രീയെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കോമണ്‍വെല്‍ത്തിലെ ഒരുപിടി സ്വര്‍ണമെഡലുകളാണ്. ഇന്ത്യയെ മൂന്നാംസ്ഥാനത്തെത്തിക്കുന്നതില്‍ മികച്ച പങ്കുവഹിച്ചത് ഒരുകൂട്ടം വനിതാ രത്നങ്ങളുടെ കഠിനാധ്വാനമാണ്. ഇന്ത്യ സ്വര്‍ണം കൊയ്യാന്‍ തുടങ്ങിയത് മീരാഭായ് ചാനുവിലൂടെ ഭാരോദ്വഹനത്തില്‍.  പിന്നാലെ സഞ്ജിത ചാനു ഖുമക്ചാമും പൂനം യാദവും സ്വര്‍ണം പൊക്കിയെടുത്തു.

ഇന്ത്യന്‍ പെണ്‍പുലികളുടെ ഉന്നവും കിറുകൃത്യമായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനുഭാക്കര്‍ എന്ന പതിനാറുകാരിയാണ് ആദ്യം സ്വര്‍ണം വെടിവെച്ചിട്ടത്. മനുവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എതിരാളികളുടെ പരിചയസമ്പന്നതയ്ക്ക് വഴിമാറിക്കൊടുക്കേണ്ടിവന്നു. മനുവിന്റെ ആദ്യ കോമണ്‍വെല്‍ത്ത് മല്‍സരമാണിത്. ഇതേയിനത്തില്‍ വെള്ളിയെത്തിയതും ഇന്ത്യന്‍ അക്കൗണ്ടിലേക്കു തന്നെ. ഹീന സിദ്ദുവാണ് മെഡല്‍ നേടിയത്. 

poonam-heena-manu

ആദ്യമല്‍സരത്തില്‍ മെഡല്‍ നഷ്ടപ്പെട്ട ദുഖം ഹീന തീര്‍ത്തത് 25 മീറ്റര്‍ പിസ്റ്റളിലായിരുന്നു. വെടിയുണ്ട കൃത്യമായി തറച്ചത് സ്വര്‍ണത്തിലായിരുന്നു. ഡബിള്‍ ട്രാപ് ഷൂട്ടില്‍ സ്വര്‍ണം ചൂടിയത് ശ്രേയസി സിങ്. ആരും പ്രതീക്ഷ കല്‍പ്പിക്കാതിരുന്ന 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്തില്‍ തേജസ്വിനി സ്വര്‍ണം വീഴ്ത്തി.

പറയാന്‍ വാക്കുകള്‍ മതിയാകാതിരിക്കുക ഇടിക്കൂട്ടിലെ അമ്മയെ കുറിച്ചാണ്. അമ്മയായ ശേഷം ബോക്സിങ് റിങ്ങ് വഴങ്ങില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്‍പില്‍ മൂന്നു മക്കള്‍ക്ക് ജന്മം നല്‍കിയ ശേഷം മെ‍ഡല്‍നേടി അവര്‍ ഇതിഹാസമായി. തന്റെ മെഡല്‍ ശേഖരത്തില്‍ ഒരു കോമണ്‍വെല്‍ത്ത് മെഡലിന്റെ കുറവുണ്ടെന്ന് കണ്ട മേരി കോം ആദ്യമായി മല്‍സരിക്കാനെത്തി.  ഗോള്‍ഡ് കോസ്റ്റില്‍ നിന്ന്  അവര്‍ തിരിച്ചു പോകുന്നത് ഗോള്‍ഡുമായി തന്നെ. 

ടേബിള്‍ ടെന്നിസില്‍ ഇന്ത്യ കാഴ്ചവച്ചത് അപ്രതീക്ഷിത മുന്നേറ്റം. ചരിത്രത്തിലാദ്യമായി വനിതാഡബിള്‍സില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞു. മണിക ബത്രയിലൂടെ സിംഗിള്‍സിലും സുവര്‍ണജയത്തിന്റെ മധുരം ഇന്ത്യയറിഞ്ഞു. ബാഡ്മിന്റണില്‍ ഇന്ത്യകണ്ടത് ഒരു ഇന്ത്യന്‍ ഫൈനല്‍. സിന്ധുവുനെ തോല്‍പ്പിച്ച് സൈന ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് ശക്തമായി തിരിച്ചെത്തി. അവിടേയും സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ അക്കൗണ്ടിലെത്തിച്ചു ഈ ചുണക്കുട്ടികള്‍. അങ്ങനെ ഇന്ത്യന്‍ പെണ്‍പട കൈ നിറയെ പൊന്നും വാരി ഭാവിയിലേക്ക് ഏറെ പ്രതീക്ഷകള്‍ സമ്മാനിച്ച ്ജൈത്ര യാത്ര തുടരുകയാണ്. 

MORE IN SPORTS
SHOW MORE