കാൽതൊട്ട് കാംബ്ലി; അമ്പരന്ന്, പിന്നെ കെട്ടിപ്പിടിച്ച് സച്ചിന്‍; ഊഷ്മളം ഈ കാഴ്ച, വിഡിയോ

sachin-vinod-kambli
SHARE

രാജ്യം ഇത്രമേല്‍ ആഘോഷിച്ച കളിക്കൂട്ടകാര്‍ വേറെയുണ്ടോ..? സച്ചിനും കാംബ്ലിയും.  ഇടക്കാലത്ത് പക്ഷേ ആ സൗഹൃദത്തില്‍ ഉലച്ചിലുകളുണ്ടായി. അപ്പോള്‍ അവരെ ഒരുമിച്ച് സ്നേഹിച്ച് തുടങ്ങിയ രാജ്യവും വ്യസനിച്ചു. പക്ഷേ ഇപ്പോഴിതാ ആ ഊഷ്മളകാലം തിരികെയെത്തിയിരിക്കുന്നു.

സച്ചിന്റെയും കാംബ്ലിയുടെയും ഊഷ്മളമായ സൗഹൃദം കണ്ട് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍. മുംബൈയിലെ ടി-20 ലീഗിലാണ് എല്ലാവർക്കും സന്തോഷം നൽകുന്ന അനുഭവം ഉണ്ടായത്. കാംബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈററ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുളള അവാർഡ് ദാന ചടങ്ങിൽ റണ്ണേര്‍സ് അപ്പിനുള്ള പുരസ്‌കാരം വിതരണം ചെയ്യുന്നത് സുനില്‍ ഗവാസ്‌ക്കര്‍ ആയിരുന്നു. എന്നാൽ അവാർഡ് വിതരണ ചടങ്ങിൽ വേദിയിൽ ഉണ്ടായിരുന്ന സച്ചിനരികിൽ ചെന്ന് കാംബ്ലി കാലുതൊട്ടു തൊഴുതു. അപ്രതീക്ഷിതമായ നീക്കത്തിൽ ലിറ്റില്‍ ‍മാസ്റ്റർ അമ്പരന്നു. കാലിൽ തൊടാനൊരുങ്ങിയ കാംബ്ലിയെ തടയാൻ ശ്രമിച്ച സച്ചിൻ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. കണ്ടുനിന്നവർക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല.  

sachin-tendulkar-kambli

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് 1988 ല്‍ സച്ചിനും കാംബ്ലിയും ചേര്‍ന്ന് കുറിച്ച 664 റണ്‍സിന്റെ കൂട്ടുകെട്ട് അക്കാലത്തെ റെക്കോഡായിരുന്നു. ‘പ്‌ളേയിംഗ് ഇറ്റ് മൈ വേ’ എന്ന തന്റെ ആത്മകഥയില്‍ സച്ചിന്‍ ഈ കൂട്ടുകെട്ട് പരാമര്‍ശിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ‘664 റണ്‍സിന്റെ ആ കൂട്ടുകെട്ട് അന്നത്തെ കാലത്തെ എല്ലാ ക്രിക്കറ്റിലെയും മികച്ചതായിരുന്നു. മുംബൈയിലെ അണ്ടര്‍ 16 ടൂര്‍ണമെന്റായ ഹാരിസ് ഷീല്‍ഡിലെ ഈ സെമി മത്സരം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒട്ടേറെ പരിഗണന കിട്ടാന്‍ കാരണമായി..’ 

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സുഹൃത്തുക്കളിൽ ഒന്നായിരുന്നു സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും. സച്ചിനെ പോലെ തന്നെ മിന്നുന്ന താരമായി കാംബ്ലി മാറുമെന്ന് ക്രിക്കറ്റ് ആരാധകർ സ്വപ്നം കണ്ടിരുന്നു. ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്നപോലത്തെ മോഹിപ്പിക്കുന്ന പ്രകടനമായിരുന്നു കാംബ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍. ആദ്യ ഏഴ് ടെസ്റ്റില്‍ രണ്ട് ഇരട്ട ശതകവും രണ്ട് ശതകവും കാംബ്ലി സ്വന്തം പേരില്‍ ചേര്‍ത്തു. എന്നാല്‍ പിന്നീടങ്ങോട്ട് ആ സ്ഥിരത നിലനിര്‍ത്താന്‍ കാംബ്ലിയ്ക്കായില്ല. വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കാംബ്ലിക്ക് പിന്നാലെ കരിയറിലുടനീളം ഉണ്ടായി. ഒടുവില്‍ 2000 ആഗസ്റ്റ് 16ന് വിനോദ് കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വ്യക്തിപരമായ ജീവിതത്തിലെ താളപിഴകളും അച്ചടക്കമില്ലായ്മയുമാണ് കാംബ്ലിയിലെ പ്രതിഭയെ പിന്നോട്ടടിപ്പിച്ചത്. സച്ചിൻ തന്റെ മോശം കാലത്ത് സഹായിച്ചില്ലെന്ന കാംബ്ലിയുടെ തുറന്നു പറച്ചിൽ ആ സൗഹൃദത്തിൽ വിളളൽ ഉണ്ടാക്കി. 

ഏറെ നാളായി ഇരുവരും തമ്മിലുള്ള പിണക്കത്തിന് ശേഷം കാംബ്ലിയും സച്ചിനും കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന ഒരു പുസ്തകപ്രകാശനത്തിന് ഇരുവരും ഒരുമിച്ചെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. പരിശീലകനായി ക്രിക്കറ്റിലേക്കുള്ള രണ്ടാം തിരിച്ചുവരവിന് കാരണമായത് സച്ചിനാണെന്ന് കാംബ്ലി പറഞ്ഞിരുന്നതും ഏറെ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു.

MORE IN SPORTS
SHOW MORE