മനോരമ സ്പോര്‍ട്സ് സ്റ്റാര്‍– 2017: ചിത്രയും പ്രണോയും രാഹുലും അന്തിമ പട്ടികയിൽ

sprts-award-t
SHARE

മനോരമ സ്പോര്‍ട്സ് സ്റ്റാര്‍– 2017 പുരസ്കാരത്തിനുളള അന്തിമ പട്ടിക പ്രഖ്യാപിച്ചു. അത്‍ലറ്റിക്സ് താരം പി.യു.ചിത്ര, ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ്, ഫുട്ബോൾ താരം കെ.പി.രാഹുൽ എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മനോരമ സ്പോര്‍ട്സ് സ്റ്റാര്‍– 2017 പുരസ്കാര വിജയിയെ ശനിയാഴ്ച പ്രഖ്യാപിക്കും.

കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം സ്വന്തമാക്കാന്‍ മല്‍സരിക്കുന്നവരുടെ പട്ടിക മൂന്നായി ചുരുങ്ങി. പതിനായിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത വോട്ടിങ്ങില്‍ മുന്നിലെത്തിയാണ് ചിത്രയും രാഹുലും പ്രണോയും സമ്മാനം ഉറപ്പാക്കിയത്. എഴുത്തുകാരനും കായിക നിരീക്ഷകനുമായ എന്‍.എസ്.മാധവന്‍, അത്‌ലറ്റിക് ഫെഡറേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ടോണി ഡാനിയേല്‍, മലയാള മനോരമ സ്പോര്‍‌ട്സ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് മനോരമ ന്യൂസിലൂടെ അവസാന റൗണ്ടിലെത്തിയ മൂന്ന് പേര്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചത്

ശനിയാഴ്ച നടക്കുന്ന താരനിബിഡമായ ചടങ്ങില്‍ ഇന്ത്യന്‍ ബാഡ്മിന്റന്‍ റാണി പി.വി.സിന്ധു ഈ മൂന്ന് പേരില്‍ ജേതാവാരെന്ന് പ്രഖ്യാപിക്കും. പുരസ്കാര സമര്‍പ്പണം രാത്രി 7 മുതല്‍ 8 വരെ  മനോരമ ന്യൂസില്‍ കാണാം.

എം ഫോർ മാസ്റ്റേഴ്സ് !

കളിക്കളത്തിൽ താരങ്ങളുടെ ചലനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ചുവടുകളിലെ താളം, ശരീരത്തിന്റെ വഴക്കം – നൃത്തച്ചുവടുകളുടെ അതേ ചലനഭംഗിയാണു കളിക്കളത്തിലെ കായികതാരത്തിന്റേതും. 

കേരളത്തിലെ മികച്ച സ്പോർട്സ് താരങ്ങൾക്കു നാളെ സമ്മാനിക്കുന്ന ‘മനോരമ സ്പോർട്സ് സ്റ്റാർ 2017’ പുരസ്കാരശിൽപത്തിലും തെളിയുന്നത് ഈ ഭംഗികളാണ്. അക്രോബാറ്റിക് സൗന്ദര്യത്തോടെ ഒഴുകിനിൽക്കുന്ന M എന്ന ഇംഗ്ലിഷ് അക്ഷരം. നാളെ അതേറ്റുവാങ്ങുക, നമ്മുടെ മൂന്നു മാസ്റ്റേഴ്സ്! അവർക്കു മനോരമയുടെ ഈ അഴകുള്ള സമ്മാനം! 

സ്വർണവർണ ട്രോഫി ഒന്നാം സ്ഥാനം നേടുന്ന താരത്തിന്. വെള്ളിനിറമുള്ള ട്രോഫി രണ്ടാം സ്ഥാനത്തിനും വെങ്കലം മൂന്നാം സ്ഥാനത്തിനും. യഥാക്രമം മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡുകളും. 

ഒരുമയുടെ കപ്പ് 

വിജയത്തിന് ഒറ്റ ഫോർമുലയേ ഉള്ളൂ ടീം സ്പോർട്സിൽ – കൂട്ടായ മികവ്. ഒരുമിച്ച്, ഒരേ മനസ്സോടെ, ഒത്തുപിടിച്ചാൽ കൂടെപ്പോരും ഏതു വിജയവും ഏതു കപ്പും! 

കേരളത്തിലെ മികച്ച ക്ലബ്ബുകൾക്കു മനോരമ നൽകുന്ന പുരസ്കാരശിൽപം പ്രതിനിധീകരിക്കുന്നതും ഇതു തന്നെ – കൂട്ടായ്മ. CLUB എന്ന വാക്കിന്റെ അർഥങ്ങളിലൊന്ന് ‘ഒന്നായിച്ചേർക്കുക’ എന്നാണ്. ഒന്നായിച്ചേർന്ന ഒരു സംഘമാണ് ഈ ട്രോഫിയിലുള്ളത്. ക്ലബ്ബിന്റെ മറ്റൊരു അർഥവും ഈ ശിൽപത്തിൽ സാർഥകമാകുന്നു – ഒരേതാൽപര്യമുള്ള ആളുകളുടെ കൂട്ടം. 

അതെ, കേരളത്തിന്റെ കായികചരിത്രം മാറ്റിയെഴുതുക എന്ന ഒരേതാൽപര്യത്തോടെ ഒന്നായിച്ചേർന്ന പ്രിയപ്പെട്ട ക്ലബ്ബുകൾക്ക് ഒരുമയുടെ ഈ ശിൽപം!  സ്വർണവർണ ട്രോഫി ഒന്നാം സ്ഥാനം നേടിയ ക്ലബിന്. വെള്ളിനിറമുള്ള ട്രോഫി രണ്ടാം സ്ഥാനത്തിനും വെങ്കലം മൂന്നാം സ്ഥാനത്തിനും. യഥാക്രമം മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡുകളും. 

MORE IN SPORTS
SHOW MORE