'ഇതാ പുതിയ ഫിനിഷർ'; ഇനിയും ദിനേശിനെ ധോണിക്ക് പിന്നിൽ നിർത്തണോ..?

dhoni-dinesh-karthik
SHARE

വിക്കറ്റ് കീപ്പർ എന്നു പറയുമ്പോൾ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസിൽ ഇപ്പോഴും മഹേന്ദ്ര സിംഗ് ധോണിയാണ്. വിക്കറ്റിനു പിന്നിലും മുന്നിലും മഹേന്ദ്രജാലം നടത്തുന്നയാൾ. ബെസ്റ്റ് ഫിനിഷറെന്നാൽ ആരാധകർക്കെന്നും ധോണിയാണ്. റൺമലകൾ എത്രയാണെങ്കിലും ക്രീസിൽ ധോണിയുണ്ടെങ്കിലും എതിർനായകന്റെ ചങ്കിടിപ്പ് എപ്പോഴും ഉയർന്നുതന്നെ നിൽക്കും. ധോണി കയ്യടക്കി വച്ചിരിക്കുന്ന ഫിനിഷിങ് ഇന്ദ്രജാലത്തേയ്ക്ക് ഒരു പേരു കൂടി ഉയർന്നു കേൾക്കുകയാണ്. മുപ്പത്തിരണ്ടുകാരനായ ദിനേശ് കാർത്തിക്ക്. 

ധോണിക്കു മുൻപ് രാജ്യാന്തര ക്രിക്കറ്റിലെത്തി ധോണിക്കു വേണ്ടി പലവട്ടം വഴിമാറി കൊടുക്കേണ്ടി വന്ന ദിനേഷ് കാർത്തിക്ക്. കരിയറിന്റെ അവസാന കാലത്താണ് അയാൾ ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തേഴുന്നേൽക്കുന്നത്. കളിക്കളത്തിൽ പലപ്പോഴും പഴയ ധോണി നിഴൽ മാത്രമാണെന്നും പലരും വിമര്‍ശനമുയര്‍ത്തുന്ന ഘട്ടം. ഫിനിഷിങ് മികവ് ആവർത്തിക്കാൻ ധോണി ബുദ്ധിമുട്ടുമ്പോൾ കാർത്തിക്കിന്റെ പേരാണ് ക്രിക്കറ്റ് വിദഗ്ദരും ആരാധകരും ഒരു പോലെ ഉയർത്തുന്നത്. ധോണി ഏറെ മികവ് പുലർത്തുന്ന അഞ്ചാം നമ്പറിലേയ്ക്ക് കളം മാറുകയും ഫിനിഷറുടെ റോളിലേയ്ക്ക് കാർത്തിക്കിനെ പരിഗണിക്കുന്നത് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. കുറഞ്ഞ പക്ഷം കുട്ടിക്രിക്കറ്റിലേയ്ക്കെങ്കിലും ധോണിക്ക് പകരക്കാരനായി കാർത്തിക്കിനെ അവരോധിക്കേണ്ടി വരും. 

dinesh-karthik

അടുത്ത ലോകകപ്പിലും മഹേന്ദ്രസിങ് ധോണി ഇന്ത്യയുടെ വിക്കറ്റ് കാക്കുമെന്ന് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ വരെ ഉച്ചസ്വരത്തിൽ പറയുമ്പോഴും ഇനിയും ദിനേഷ് കാർത്തിക്കിനെ പൂർണമായും തളളാനോ മാറ്റി നിർത്താനോ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. ഓരോ ഇഞ്ചും പൊരുതി തന്നെയാണ് അയാൾ മുന്നോട്ടു നടക്കുന്നത്. ബംഗ്ലാദേശുമായുളള ഐതിഹാസികമായ മത്സരത്തിലും അയാൾ തഴയപ്പെട്ടു. ഇത്തവണ പുതുമുഖം വിജയ് ശങ്കറിനു വേണ്ടി.  ദിനേഷ് കാർത്തിക് ബംഗ്ലാദേശിെതിരെ ബാറ്റിങ്ങിനെത്തിയത് തഴയപ്പെട്ടവന്റെ വേദനയുമായിട്ടായിരുന്നു. 14 വർഷത്തോളം അന്തരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിന്ന കാർത്തിക്കിനെക്കാളും ടീം മാനേജ്മെന്റ് വിശ്വസിച്ചത് പുതുമുഖക്കാരൻ വിജയ് ശങ്കറിനെയായിരുന്നു. കാർത്തിക്കിനെക്കാൾ കൂറ്റനടികൾക്ക് കെൽപ്പ് വിജയ് ശങ്കറിനുണ്ടെന്ന വിശ്വാസമായിരുന്നു അതിനു പിന്നിൽ. 

രോഹിത് (56) വീണപ്പോൾ പകരക്കാരനായി അവരോധിക്കപ്പെട്ടത് വിജയ് ശങ്കർ. ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ്ങിനിറങ്ങിയ വിജയ് ശങ്കറിനു പകരം ആ സ്ഥാനം പ്രതീക്ഷിച്ചത് ദിനേഷായിരുന്നു. പരിചയ സമ്പത്തുളള ഓരാൾ അവസാനം വേണമെന്ന തൊടുന്യായമൊന്നും അയാളെ ആശ്വാസിപ്പിക്കാൻ വഴിയില്ല. സമ്മർദം താങ്ങാനാകാതെ മനീഷ് പാണ്ഡെ വീണപ്പോൾ സമ്മർദം തെല്ലുമില്ലാതെ അയാൾ ബാറ്റ് വീശി. എട്ടു പന്തിൽ മൂന്നു സിക്സറും രണ്ടു ഫോറും ഉൾപ്പെടെ 29 റൺസ്. അവസാന ഓവറുകളിലെ തകർപ്പനടി താൻ പഠിച്ചതു ധോണിയുടെ കളി കണ്ടാണെന്നു മൽസരശേഷം കാർത്തിക് പറഞ്ഞു. ‘‘കളി ‘തീർക്കാൻ’ ധോണി ഉപയോഗിക്കുന്ന ടെക്നിക്കുകളൊക്കെയാണു ഞാൻ കണ്ടുപഠിച്ചത്. അതല്ലാതെ വേറെ ടെക്സ്റ്റ് ബുക്കുകളൊന്നുമില്ല’’

dinesh-karthik

ധോണിക്കു ശേഷം ആരെന്ന ചോദ്യം വീണ്ടും ഉയരുമ്പോൾ പാർഥിവ് പട്ടേലും  ഋഷഭ് പന്തും സഞ്ജുവും ഉയർത്തുന്ന വെല്ലുവിളികൾക്കു മുകളിൽ അയാളുടെ പേരായിരിക്കും.  വിക്കറ്റിനു പിന്നിലും മുന്നിലും പലർക്കു വേണ്ടി പല തവണ തഴയപ്പെട്ട ആ പേര് 'ദിനേശ് കാർത്തിക്' ഉയർന്നു മുഴങ്ങുകയാണ്, ക്രിക്കറ്റിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ മനസ്സിൽ.

MORE IN SPORTS
SHOW MORE