ഓസോൺ എഫ് സി വജ്രായുധം ഇറക്കി; ബ്ലാസ്റ്റേഴ്സ് റിസർവ് ടീമും ഇടറി

ozone
SHARE

 സെക്കൻഡ് ഡിവിഷൻ ഐലീഗിലെ ആദ്യമൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് തോൽവി. ഒന്നിനെതിരെ നാലുഗോളുകൾക്ക് ബെംഗളൂരുവിൽ നിന്നുള്ള ഓസോൺ ഫുട്ബോള്‍ അക്കാദമിയാണ് ബ്ലാസ്റ്റേഴ്സിന്റെ യുവനിരയെ തകർത്തത്. ബ്ലാസ്റ്റേഴ്സ് മുൻ താരം സി.എസ്.സബീത്തിന്റെ രണ്ടുഗോളുകളാണ് ഓസോൺ എഫ്സിയുടെ വിജയത്തിൽ നിർണായകമായത്. 

കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ ഈ പിന്തുണയൊന്നും ബ്ലാസ്റ്റേഴ്സിന്റെ യുവനിരയെ തുണച്ചില്ല. മലയാളിക്കരുത്തുമായെത്തിയ ഓസോൺ ഫുട്ബോൾ അക്കാദമിക്കുമുന്നിൽ സഹൽ അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾ ഇടറിവീണു. ആദ്യപകുതിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ് റിസർവ് ടീം. രണ്ടു ഗോൾ നേടിയ സി.എസ്. സബീത്തായിരുന്നു ഓസോൺ ഫുട്ബോൾ അക്കാദമിയുടെ വജ്രായുധം. ഐഎസ്എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സബീത്തിന്, പഴയ ഹോംഗ്രൗണ്ടിൽ പഴയ ടീമിന്റെ യുവനിരയ്ക്കെതിരെ മധുര പ്രതികാരം. അടുത്ത സീസണിൽ ഐ.എസ്.എല്ലിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് സബീത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടാം പകുതിയിൽ റിസ്വാൻ അലിയാണ് ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ആശ്വാസ ഗോൾ നേടിയത്. ഈമാസം ഇരുപതിനു നടക്കുന്ന രണ്ടാം മൽസരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

MORE IN SPORTS
SHOW MORE