മെസിക്കും റൊണാള്‍ഡോയ്ക്കും അവസാന ലോകകപ്പ്, കിരീടം നേടുമോ..?

messie-ronaldo
SHARE

ഇത്തവണ റഷ്യ ഒരു കുഞ്ഞുപന്തിലൂടെ ലോകത്തെ വിളിക്കുമ്പോള്‍ രണ്ട് ഇതിഹാസങ്ങളുടെ പ്രകടനവും ഭാവിയും ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുകയാണ്. ഒരുപക്ഷെ ഇവരുടെ അവസാന ലോകകപ്പ് ആയേക്കും റഷ്യ 2018. അര്‍ജന്റീനയെ നയിച്ചെത്തുന്ന ലയണല്‍ മെസിയും പോര്‍ച്ചുഗലിനെ നയിച്ചെത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോയുമാണ് ആ രണ്ട് ഇതിഹാസങ്ങള്‍. കപ്പ് നേടിയാല്‍ ഫ്രാന്‍സ് ബെക്കന്‍ ബോവറിനും മറഡോണയ്ക്കും പെലെയ്ക്കും ഒപ്പം ഇവരും ഇടം പിടിക്കും. ഇല്ലെങ്കില്‍ യോഹാന്‍ ക്രൈഫിനും പുഷ്കാസിനും ഡേവിഡ് ബെക്കാമിനുമൊപ്പം ലോകകപ്പ് സ്വപ്നത്തില്‍ ഒതുങ്ങും. 

ഇതുവരെ ലോകകിരീടം കൈപ്പിടിയില്‍ ഒതുക്കാന്‍ ഈ താരങ്ങള്‍ക്ക് ആയിട്ടില്ല. മെസിക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് കഴിഞ്ഞതവണ ലോക കിരീടം നഷ്ടമായത്. ജര്‍മനിയുടെ ശാസ്ത്രീയ ഫുട്ബോളിനുമുന്നില്‍ അര്‍ജന്റീന തലകുനിക്കുകയായിരുന്നു. എന്നാല്‍ റൊണാള്‍‍ഡോയുടെ പോര്‍ച്ചുഗലിന് അര്‍ജന്റീനയുടെ മികവ് അവകാശപ്പെടാനില്ല. റൊണാള്‍ഡോയെന്ന നായകനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ശരാശരി ടീമാണ് പോര്‍ച്ചുഗല്‍. അതുകൊണ്ട് തന്നെ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ല.  33ല്‍ എത്തി നില്‍ക്കുന്ന റൊണാള്‍ഡോയ്ക്കും 31ല്‍ എത്തിയ മെസിക്കും ഇത് അവസാന ലോകകപ്പ് ആയേക്കും. നാലുവര്‍ഷം കഴിഞ്ഞ് ലോക കിരീടത്തിനായി അവര്‍ പോരാട്ടം നയിച്ചെത്തുക അത്ര എളുപ്പമാവില്ല.

messy-headbutts

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലും സ്പെയിനും മൊറോക്കോയും ഇറാനും പോരടിക്കുമ്പോള്‍ പോര്‍ച്ചുഗലും സ്പെയിനും അവസാന പതിനാറിലെത്തും. തുടര്‍ന്നുള്ള പ്രയാണം പ്രവചിക്കുക എളുപ്പമല്ല. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയും ഐസ്‌ലന്‍ഡും ക്രൊയേഷ്യയും നൈജീരിയയും പോരടിക്കുമ്പോള്‍ പ്രീക്വാര്‍ട്ടറിലേക്ക് അര്‍ജന്റീന കുതിക്കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അവിടെ നിന്ന് എത്രമാത്രം മുന്നോട്ടു പായുമെന്ന് കാത്തിരുന്നറിയണം. 

യൂറോപ്യന്‍ ഫുട്ബോളിന്റെ ശാസ്ത്രീയത മുഴുവനും റൊണാള്‍ഡോ തന്റെ കാലുകളിലേക്ക് ആവാഹിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഗോള്‍ വേട്ടക്കാരനല്ല. ഇതുവരെ 13 ലോകകപ്പ് ഫൈനല്‍‌ റൗണ്ട് പോരാട്ടത്തില്‍ നിന്ന് മൂന്ന് ഗോളും രണ്ട് അസിസ്റ്റുമാണ് റൊണാള്‍ഡോയുടെ സംഭാവന.  ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ താളവും വശ്യതയുമാണ് മെസിയിലൂടെ ലോകം കാണുന്നത്. മെസിയുടെ ഫ്രീകിക്കിലും ഗോളിലും ആ സൗന്ദര്യം കാണാം. എന്നാല്‍ ടീമിനെ കിരീടവിജയത്തിലേക്ക് നയിക്കുന്ന ഗോള്‍വേട്ട കാണാനാകില്ല. ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ 15 മല്‍സരങ്ങളില്‍ നിന്ന് അഞ്ചുഗോളും മൂന്ന് അസിസ്റ്റുമാണ് മെസി കുറിച്ചിരിക്കുന്നത്.

real-madrid-ronaldo

രണ്ടുപേരും വിങ്ങുകളിലും മുന്നേറ്റനിരയിലും ആണ് കളിക്കുന്നതെങ്കിലും ശൈലിയിലും കരുത്തിലും വ്യത്യാസമുണ്ട്. റൊണാള്‍ഡോ വലംകാലന്‍ ഷോട്ടുകളിലും മെസി ഇടങ്കാലന്‍ ഷോട്ടുകളിലും കരുത്തരാണ്. വേഗവും ദ്രുതചലനങ്ങളും കരുത്തുറ്റ ശരീരവും ശക്തിയേറിയ ഷോട്ടുകളുമാണ് റൊണാള്‍‍ഡോയില്‍ കാണുന്നത്. മെസിക്ക് പന്തിന്‍മേലുള്ള നിയന്ത്രണം റൊണാള്‍‍ഡോയെക്കാള്‍ കൂടുതലാണ്. മെസിയുടെ ഷോട്ടുകള്‍ കാണുമ്പോള്‍ കരുത്തുറ്റത് എന്ന് തോന്നില്ലെങ്കിലും അതിന് ഗോള്‍വലയില്‍ കയറാനുള്ള കൃത്യതയുണ്ട്.  ലോകകപ്പ് രണ്ടുപേര്‍ക്കും അന്യമാണെങ്കിലും യൂറോ കിരീടം റൊണാള്‍ഡോയുടെ പോക്കറ്റിലുണ്ട്. മെസിക്കാവട്ടെ കോപ അമേരിക്കയിലും ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. ഇനി റഷ്യ പറയും ബാക്കി.   

MORE IN SPORTS
SHOW MORE