ഭാര്യയുടെ കുരുക്കില്‍ ഷമിക്ക് കോടികള്‍‌ ചോരുമോ..? ബിസിസിഐ പറയുന്നത് ഇങ്ങനെ

mohammed-shami-hasin-jahan
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയതിനു തൊട്ടുപിന്നാലെ താരത്തിനെതിരെ ബൗൺസർ എറിഞ്ഞ് ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വേതനകരാരിൽ നിന്ന് മുഹമ്മദ് ഷമി പുറത്തായി. ഷമിക്കെതിരെ പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തെ കരാരിന് പരിഗണിക്കാതിരുന്നതെന്നാണ് വിവരം. ഇതേക്കുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്ന് കണ്ടത്തിയാൽ അദ്ദേഹത്തെ കരാരിൽ ഉൾപ്പെടുത്തിയേക്കുമെന്ന്  ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ഇതൊരു വ്യക്തിപരമായ ആരോപണം മാത്രമാണ്. വ്യക്തികളുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടക്കാൻ ബോർഡിനു താത്പര്യമില്ല.ആരോപണങ്ങൾ തെറ്റാണെന്ന് വിശ്വസിക്കുന്നു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തെ കരാരിന് പരിഗണിക്കാതിരുന്നത്. ധാർമികതയുടെ പ്രശ്നം ഇതിൽ ഉളളതിലാണ് തീരുമാനം. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കുന്ന മുറയ്ക്ക് തിരിച്ചു വരാൻ അദ്ദേഹത്തിന് അവസരമുണ്ടാകും'. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ റദ്ദാക്കുകയല്ല, തീരുമാനം നീട്ടിവെച്ചിരിക്കുക മാത്രമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ആരോപണങ്ങളിൽ വാസ്തവമില്ലെങ്കിൽ ഷമി പരിഭവിക്കേണ്ടി കാര്യമില്ലെന്നും അദ്ദേഹം. പറഞ്ഞു. അതേസമയം കരാരിനു പുറത്തു പോകുന്നതോടെ വൻ സാമ്പത്തിക നഷ്ടമായിരിക്കും ഷമിക്ക് ഉണ്ടാകുക. 

muhemmed-shami

ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടു. ഹസിൻ ജഹാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകൾ പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.

രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിയിൽ നിന്ന് ശാരീരികമായും മാനസികമായും താൻ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു. ഷമിയുടെ  കാറിൽ നിന്ന് ലഭിച്ച ഫോണിൽ നിന്നാണ് തനിക്ക് ഈ രഹസ്യ ചാറ്റുകൾ ലഭിച്ചത്. രണ്ട് വർഷത്തിലേറേയായി ഗാർഹിക പീഡനത്തിന്റെ ഇരയാണ് ഞാൻ. ഷമിയുടെ കുടുംബാംഗങ്ങളിൽ നിന്നും മർദനമേൽക്കാറുണ്ട്. അതിക്രുരമായ മർദനത്തിന് പലപ്പോഴും താൻ ഇരയാകാറുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു.

mohammed-shami

പുലർച്ചെ മൂന്നുമണിവരെ പല ദിവസങ്ങളിലും അവരെന്നെ ക്രൂരമായി മർദ്ദിച്ചു. കൊല്ലണമെന്ന പ്രതികാര ബുദ്ധിയോടെയാണ് പലപ്പോഴും അവർ പെരുമാറിയിരുന്നതെന്നും  ഹസിൻ ജഹാൻ പറഞ്ഞു. എന്നെങ്കിലും ഈ കൊടിയ പീഡനങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയാണ് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. പക്ഷേ അത് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു. പൊലീസുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഉടൻ പരാതി നൽകാനാണ് തീരുമാനം.

പാക്കിസ്ഥാനി സ്വദേശിയെ ഷമി രഹസ്യമായി വിവാഹം ചെയ്തുവെന്നും സൗത്ത് ആഫ്രിക്കൻ ടൂർ കഴിഞ്ഞു മടങ്ങുന്ന വഴി അവരെ ഷമി സന്ദർശിച്ചുവെന്നും ഹസിൻ ജഹാൻ പറഞ്ഞു. ധർമശാലയിലേയ്ക്ക് തന്നെ കൂടി കൊണ്ടു പോകാൻ പലവട്ടം യാചിച്ചുവെന്നും എന്നാൽ ഷമി അത് കേട്ടില്ലെന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു.കുല്‍ദീപ് എന്ന വ്യക്തിയാണ് ഷമിക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ഭാര്യ പറയുന്നു. എന്നാൽ മുഹമ്മദ് ഷമി ഈ ആരോപണങ്ങളെല്ലാം തളളിക്കളഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കാനും സമൂഹമധ്യത്തിൽ തന്നെ താറടിക്കാനുളള ശ്രമമാണെന്ന് മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

muhammad-shami

ഹിജാബ് ധരിക്കാതെ ഷമിയുടെ ഭാര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെതിരെ വന്ന വിമര്‍ശനങ്ങൾക്ക് മറുപടി നൽകി സമൂഹമാധ്യമങ്ങളിൽ താരമായ ഷമിയുടെ പ്രതിച്ഛായയാണ് ഈ വിവാദത്തോടെ തകർന്നടിഞ്ഞത്. ഷമിയുടെ ഭാര്യ ഹിജാബ് ധരിച്ചില്ലെന്നും കയ്യില്ലാത്ത വസ്ത്രം ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യരുതായിരുന്നെന്നും ആരോപിച്ചായിരുന്നു ഷമിയ്ക്ക് നേരേ സൈബർ ആക്രമണം ഉണ്ടായത്. ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും തനിക്കു നന്നായി അറിയാമെന്നും  ഷമി അന്ന് ട്വീറ്റ് ചെയ്തിരുന്നു.

MORE IN SPORTS
SHOW MORE