നമ്മള്‍ ജയിക്കണം, അവര്‍ തോല്‍ക്കണം; കണക്കുകൂട്ടിയും ഭാഗ്യം തേടിയും ബ്ലാസ്റ്റേഴ്സ്

ck-vineeth
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മൽസരങ്ങൾ നിർണായകം. സ്വന്തം ടീമിന്റെ ജയ‍ം മാത്രമല്ല , മറ്റ് ടീമുകളുടെ തോല്‍വിയും സംഭവിച്ചാലെ ബ്ലാസ്റ്റേഴ്സിന് സെമി പ്രവേശം സാധ്യമാവുകയുള്ളൂ. ഒരു ഹോം മാച്ച് ഉൾപ്പെടെ മൂന്നേ മൂന്നു മൽസരങ്ങൾ ബാക്കിയുള്ള ബ്ലാസ്റ്റേഴ്സ്  21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ബെംഗളൂരു എഫ്സിയും ചെന്നെയിനും പുണെ സിറ്റിയും ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചെന്നു പറയാം. ബ്ലാസ്റ്റേഴ്സിനും പ്ലേഓഫിനും ഇടയിൽ കളിക്കുന്നതു ജംഷഡ്പുർ, ഗോവ, മുംബൈ എന്നീ ടീമുകൾ. 

പക്ഷേ കണക്കിലെ കളികളും ഭാഗ്യവും കൂടിച്ചേർന്നാൽ മാത്രം നാലാം സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്സിന് പ്ലേഓഫിലിടംനേടാം. കൊൽക്കത്തയ്ക്കെതിരായ സമനിലയാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിത്. ഇനിയുള്ള മൂന്നു മൽസരവും ജയിക്കുന്നതു വഴി ബ്ലാസ്റ്റേഴ്സിന് ഒൻപതു പോയിന്റ് നേടാം. അതായതു മൊത്തം 30 പോയിന്റാവും. ഇപ്പോഴത്തെ ഫോമിൽ ബെംഗളൂരുവും പുണെയും ചെന്നൈയിനും അതിലേറെ പോയിന്റുകളുമായി സെമി ബെർത്ത് ഉറപ്പാക്കുമെന്നു കരുതാം. ഇനി എല്ലാം ജയിച്ചാലും കണക്കിലെ കളിയായിരിക്കും ഭാവി തീരുമാനിക്കുക. ബ്ലാസ്റ്റേഴ്സിന് ജയം മാത്രം പോര, മുന്‍നിരയിലുള്ള ചെന്നൈയിന്‍, പുണെ, ജംഷഡ്പുര്‍, ഗോവ ടീമുകള്‍ ആവശ്യംപോലെ തോല്‍ക്കുകയും വേണം.

സ്വന്തം തട്ടകത്തില്‍ എഫ്സി ഗോവയെ 2-0ത്തിന് തോൽപ്പിച്ച ബെംഗളൂരു 33 പോയിന്റോടെ സെമിയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഗോവയ്ക്ക് ഇനി അഞ്ചു കളി. അതിൽ രണ്ടെണ്ണമേ അവർ ജയിക്കാവൂ. രണ്ടെണ്ണം ജയിക്കുകയും ബാക്കി മൂന്നു സമനിലയാവുകയും ചെയ്താലും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്ന 30 പോയിന്റ് മറികടക്കാൻ അവർക്കു കഴിയില്ല. മൂന്നു കളി ജയിക്കുകയും ഒരെണ്ണം സമനില ആവുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ പോയി. 

നാലു കളിയാണ് ജംഷഡ്പൂരിന് അവശേഷിക്കുന്നത്. 22 പോയിന്റാണ് അവര്‍ക്കുള്ളത്. നാലുകളില്‍ രണ്ടെണ്ണമെങ്കിലും അവര്‍ തോല്‍ക്കണം. രണ്ടു ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ പൂര്‍ത്തിയാക്കിയാലും 29 പോയിന്റേ നേടാനാവൂ. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുക 30 പോയന്റാണ്. നോര്‍ത്ത് ഈസ്റ്റ്, ചെന്നൈയിന്‍, ബെംഗളൂരു, ഗോവ ടീമുകള്‍ക്കെതിരെയാണു ജംഷഡ്പൂരിന്റെ പോരാട്ടം.

കൊച്ചിയിൽ ജീവൻമരണ പോരാട്ടത്തിലെ എതിരാളികളാണെങ്കിലും ചെന്നൈയിൻ എഫ്സിയുടെ മിന്നുന്ന പ്രകടനത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സ് പ്രാർഥിക്കുന്നുണ്ടാകും. പോയിന്റ് നിലയിൽ ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി തീർക്കുന്ന മൂന്നു ടീമുകൾക്കെതിരെയും ചെന്നൈയിൻ മൽസരിക്കാനിറങ്ങുന്നതാണു കാരണം. ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിക്കു ജംഷഡ്പുരിനെതിരെ ഒരു മൽസരം കളിക്കാനുണ്ട്.

മുംബൈ സിറ്റി എഫ്‌സിക്ക് അഞ്ചു മല്‍സരങ്ങളാണ് ബാക്കി. അഞ്ചും ജയിച്ചാലേ അവര്‍ക്കു മുന്നേറാനാവൂ. നാലെണ്ണം ജയിച്ചാലും ബ്ലാസ്റ്റേഴ്‌സ് 

ലക്ഷ്യമിടുന്ന 30 പോയിന്റ് എന്ന തട്ടില്‍ അവര്‍ക്ക് എത്താനാവില്ല. പുണെ, ചെന്നൈയിന്‍, ഡല്‍ഹി, എടികെ, നോര്‍ത്ത് ഈസ്റ്റ് ടീമുകളാണ് മുംബൈയുടെ എതിരാളികള്‍. കേരളത്തിനു വേണ്ട ഭാഗ്യഫലം ഇങ്ങനെയാണ്- മുംബൈ ഒരു കളിയെങ്കിലും പരാജയപ്പെടണം. ജംഷഡ്പുരിന് ഏഴു പോയിന്റില്‍ കൂടുതല്‍ ലഭിക്കരുത്. ഗോവ മൂന്നു കളികളിള്‍ പരാജയപ്പെടണം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.