പ്രായം തളർത്താത്ത പ്രതിഭ; അദ്ഭുതം ഈ തിരിച്ചുവരവ്

roger-federer
SHARE

റോജർ ഫെഡറർ ഒരിക്കൽ കൂടി തെളിയിച്ചു തന്റെ പോരാട്ടവീര്യത്തിന് പ്രായമൊരു തടസ്സമല്ലെന്ന്. പ്രായം കൂടുതോറും ഈ പ്രതിഭയുടെ മാറ്റ് കൂടുകയാണ്. മുപ്പത്തിയാറാം വയസിൽ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ കീഴടക്കിയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തിൽ ഫെഡറർ മുത്തമിട്ടത്. അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിലാണ് ഫെഡറർ മാരിന്‍ സിലിച്ചിനെ തോൽപ്പിച്ചത്. . സ്കോര്‍ 6 -2, 6 -7, 6-3, 3 -6, 6-1. ഫെഡററുടെ ഇരുപതാം ഗ്രാൻഡ്സ്ലാം നേട്ടംകൂടിയാണിത്. 2012 ലെ വിമ്പിൾഡൻ കിരീട നേട്ടത്തിനു ശേഷം  കഴിഞ്ഞവർഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയാണ് അഞ്ച് വർഷത്തെ ഗ്രാൻഡ്സ്ലാം വരൾച്ചയ്ക്ക് ഫെഡറർ അറുതി വരുത്തിയത്. 2017ലെ വിമ്പിൾഡണും ഫെ‍‍ഡറർക്കായിരുന്നു. പലപ്പോഴും പരുക്കിന്റെ പിടിയിലായ ടെന്നീസ് രാജകുമാരന്റെ തിരിച്ചുവരവ് അദ്ഭുതകരമാണ്. ഇരുപത് ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരം കൂടിയാണ് ഫെഡറർ.

ക്രൊയേഷ്യൻ താരത്തെ കാര്യമായ പോരാട്ടത്തിനു പോലും അനുവദിക്കാതെയാണ് സ്വിസ് താരം ആദ്യ സെറ്റ് സ്വന്തമാക്കിയത്. കടുത്ത പോരാട്ടം നടന്ന രണ്ടാം സെറ്റിൽ ഫെഡററിന്റെ വെല്ലുവിളി അതിജീവിച്ച സിലിച്ച് ഒപ്പമെത്തി. 6-3ന് മൂന്നാം സെറ്റ് ഫെഡററും നാലാം സെറ്റ് സിലിച്ചും സ്വന്തമാക്കിയതോടെ കലാശപ്പോര് അഞ്ചാം സെറ്റിലേക്ക്. നിർണായക ഘട്ടത്തിൽ തന്റെ അനുഭവ സമ്പത്തു മുഴുവൻ പുറത്തെടുത്ത ഫെഡറർ അനായാസം സെറ്റും മൽസരവും സ്വന്തമാക്കി. ഒപ്പം 20-ാം ഗ്രാൻസ്‍ലാം കിരീടവും. 

roger-federer-2

കരിയറിലെ 30-ാം ഗ്രാൻസ്‌ലാം ഫൈനൽ കളിച്ച ഫെഡററിന്റെ 30-ാം കിരീടനേട്ടമാണ് മെൽബണിൽ പിറന്നത്. ഇക്കാര്യത്തിൽ മറ്റേതൊരു താരത്തെയുംകാൾ ബഹുദൂരം മുന്നിൽ. ആറാം ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയ ഫെഡറർ, ഇക്കാര്യത്തിൽ നോവാക് ജോക്കോവിച്ച് , റോയ് എമേഴ്സൻ എന്നിവരുടെ റെക്കോർഡിനൊപ്പമെത്തി. ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് അദ്ദേഹം പുതുക്കുകയും ചെയ്തു. 2017ൽ കിരീടം നേടിയപ്പോഴാണ് ഫെഡറർ ഈ നേട്ടം സ്വന്തമാക്കിയത്. 1972ൽ 37-ാം വയസ്സിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ കെൻ റോസ്‍വാളാണ് ഇക്കാര്യത്തിൽ ഫെഡററിന് മുന്നിലുള്ളത്.

അതേസമയം, മൂന്നാം ഗ്രാൻസ്‍ലാം ഫൈനൽ കളിച്ച ക്രൊയേഷ്യൻ താരത്തിന്റെ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ വർഷം വിംബിൾഡനിലും ഫൈനലിൽ കടന്നെങ്കിലും ഫൈനലിൽ റോജർ ഫെഡററിനോടു തന്നെ തോൽക്കുകയായിരുന്നു. 2014ൽ നേടിയ യുഎസ് ഓപ്പണാണ് സിലിച്ചിന്റെ പേരിലുള്ള ഏക ഗ്രാൻസ്‍ലാം കിരീടം. 

ഫെഡററുടെ കിരീടങ്ങൾ 

∙ ഓസ്ട്രേലിയൻ ഓപ്പൺ : 2004, 06, 07, 2010, 2017, 2018 

∙ ഫ്രഞ്ച് ഓപ്പൺ: 2009 

∙ വിമ്പിൾഡൺ: 2003, 04, 05, 06, 07, 2009, 2012, 2017 

∙ യുഎസ് ഓപ്പൺ: 2004, 05, 06, 07, 08 

MORE IN SPORTS
SHOW MORE