സംഹാരതാണ്ഡവമാടി ഹ്യൂം, ഹാട്രിക് വിഡിയോ കാണാം

hume-hatric
SHARE

വിരസമായ സമനിലകൾക്കു വിട. ഇത്രയും നാളും കേരള ബ്ളാസ്റ്റേഴ്സ് ഗോളടിക്കാതിരുന്നതിന്റെ മുഴുവൻ കടവും തീർത്തു. അതും ബ്ളാസ്റ്റേഴ്സ് ഏറ്റവും സ്നേഹിക്കുന്ന പ്രിയ താരം ഇയാൻ ഹ്യൂമിന്റെ ഹാട്രിക് മികവിൽ. ഡൽഹിയെ അവരുടെ തട്ടകത്തിൽ തറ പറ്റിച്ചിരിക്കുന്നു. സന്തോഷിക്കാൻ  ഇതിൽപ്പരം മറ്റെന്താണ് വേണ്ടത്. ഐഎസ്എല്ലിലെ ഇയാന്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ ജയം കൂടിയാണ് ഇന്ന് ഡൈനാമോസിനെതിരെ നേടിയത്. 

വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തുടക്കമെന്നോണം പതിഞ്ഞ തുടക്കമായിരുന്നു കളിയുടേത്. ആദ്യ പത്തു മിനിറ്റിൽ ഗോളിമാരെ പരീക്ഷിക്കാൻ ഇരുടീമിനുമായില്ല. പതുക്കെ കളി ചൂടു പിടിച്ചു. മുന്നേറ്റങ്ങളുടെ മൂർച്ച കൂടി. ഇരുടീമുകളും ഗോൾമുഖം ലക്ഷ്യം വച്ചു ആക്രമണങ്ങൾ നടത്തി. ബ്ളാസ്റ്റേഴ്സിന്റെ ഇത്തരമൊരു നീക്കമാണ് ഗോളിൽ കലാശിച്ചത്. പതിനൊന്നാം മിനിറ്റിൽ കറേജ് പെക്കൂസന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവിൽ ക്രോസ് ഹ്യൂമിനെ ലക്ഷ്യം വച്ചു നീങ്ങി. ഹ്യൂമിനു പിഴച്ചില്ല. ഡൈനാനോസിന്റെ വല കുലുങ്ങി(1-0). ഇടവേളയ്ക്കു മുൻപ് ബ്ളാസ്റ്റേഴ്സിന്റെ കുന്തമുന ബെർബറ്റോവ് പരുക്കേറ്റ് പിൻവാങ്ങി. സിഫ്നിയോസ് പകരം കളത്തിൽ. 

ഗോൾ തിരിച്ചടിക്കാൻ ഡൈനാമോസ് കളിക്കാർ ഇരമ്പിയെത്തിയെങ്കിലും ബ്ളാസ്റ്റേഴ്സ് പ്രതിരോധ നിര കുലുങ്ങിയില്ല. അവസരം കിട്ടിയപ്പോഴൊക്കെ ബ്ളാസ്റ്റേഴ്സും പ്രത്യാക്രമണം നടത്തി. പെക്കൂസണെ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ മുന്നേറ്റങ്ങളും. നാൽപത്തിനാലാം മിനിറ്റിൽ ഡൈനാമോസിന്റെ കഠിനാധ്വാനത്തിനു ഫലം കണ്ടു. ഗോൾ പോസ്റ്റിനു ഏറെ ദൂരത്തു നിന്നും ലഭിച്ച ഫ്രീകിക്ക്. ഷോട്ടുതിർത്ത റോമിയോ ഫെർണാണ്ടസിന്റെ കിക്ക് പ്രീതം കോട്ടാലിന്റെ തലയിൽ തൊട്ടുരുമി നെറ്റിൽ പതിച്ചു. (1-1). ആദ്യ പകുതി സമനില. 

രണ്ടാം പകുതിയിൽ കളി കൂടുതൽ ഊർജ്വസ്വലമായി. ലീഡ് നേടാൻ ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചു. അവസരങ്ങൾ രണ്ടു ടീമുകൾക്കും യഥേഷ്ടം ലഭിച്ചു. ഡൽഹി രണ്ടാം പകുതിയിൽ കൂടുതൽ അപകടകാരികളായി. അപ്രതീക്ഷിത നീക്കങ്ങളിലൂടെയും കനത്ത ഷോട്ടുകളിലൂടേയും ബ്ളാസ്റ്റേഴ്സ് നിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഗോളി രക്ഷകനായി. 66ാം മിനിറ്റിൽ ഡൈനാമോസിന്റെ ഗോളെന്ന ഉറച്ച നീക്കം ജിങ്കൻ ഏറെപാടുപെട്ട് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. 73ാം മിനിറ്റിൽ ജാക്കിചന്ദിന്റെ അതിമനോഹരമായ ഒരു നീക്കം ഏറെ പാടുപെട്ടാണ് ഡൈനാമോസ് തടുത്തത്. 

പിന്നെ കണ്ടത് ഹ്യൂമിന്റെ തേരോട്ടമായിരുന്നു. 78ാം മിനിറ്റിൽ ഇയാൻ ഹ്യൂമിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഡൈനാമോസിനു അടിപതറി. ബ്ളാസ്റ്റേഴ്സിനു ലീഡ്. (2-1). 83ാം മിനിറ്റിൽ വീണ്ടും ഹ്യൂമിന്റെ മുന്നേറ്റം. മൂന്നാം ഗോളിലൂടെ ഹ്യൂമിനു ഹാട്രിക്. ബ്ളാസ്റ്റേഴ്സിനു ജയം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.