ഈ ഇരട്ട സെഞ്ചുറി റിതികയ്ക്ക് രോഹിതിന്റെ 'ഇരട്ട'സമ്മാനം

rohit-sharma-ritika
SHARE

രോഹിത് ശര്‍മയ്ക്ക് മൊഹാലിയില്‍ പലതും തെളിയിക്കാനും ആഘോഷിക്കാനുമുണ്ടായിരുന്നു. ധര്‍മശാലയിലെ തോല്‍വിക്ക് ശ്രീലങ്കയോട് കണക്ക് തീര്‍ക്കണമായിരുന്നു, ക്യാപ്റ്റന്റെ ഉത്തരവാദിത്തം തെളിയിക്കണമായിരുന്നു, ഭാര്യ റിതികയ്ക്ക് ഒരു വിവാഹ വാര്‍·ഷിക സമ്മാനവും.

അതുകൊണ്ടുതന്നെ ധര്‍മശാലയില്‍ കശക്കിയെറിഞ്ഞവര്‍ക്ക് മൊഹാലിയില്‍ കണക്കിന് കൊടുത്തു രോഹിത് ശര്‍മ. ധര്‍മശാലയില്‍ രണ്ടു റണ്‍സിന് പുറത്താക്കിയ ശ്രീലങ്കയ്ക്ക് മൊഹാലിയില്‍ രോഹിതിനെ തൊടാനായില്ല. ശ്രീലങ്കയുടെ ബോളര്‍മാരെ മൊഹാലിയിലൂടെ തലങ്ങും വിലങ്ങും ഓടിച്ച രോഹിതില്‍ നിന്ന് പന്ത് ബൗണ്ടറിയിലേക്ക് പലകുറി പാഞ്ഞു. അത് ഫോറോ, സിക്സറോ എന്ന ആകാംഷ ആരാധകര്‍ക്ക് വേണ്ടുവോളം സമ്മാനിക്കാനും രോഹിതിനായി. ഓപ്പണറായി ഇറങ്ങിയതുമുതല്‍ ബാറ്റുകൊണ്ടുള്ള സംഹാരം. 

ഓഫ് സൈഡിലും ഓണ്‍സൈഡിലും റണ്‍സൊഴുകിയൊഴുകിയ ഇന്നിങ്സിന് ഓണ്‍സൈഡ് ഷോട്ടുകള്‍ ഗാംഭീര്യം കൂട്ടി. തുടക്കം കരുതലോടെ. പന്തിന്റെ ഗതിയും വേഗവും കാത്തിരുന്നുള്ള ആക്രമണം. അര്‍ധസെഞ്ചുറിവരെ ഇതിനുമാറ്റം ഉണ്ടായില്ല. പിന്നീട് ഗിയര്‍മാറ്റി സെഞ്ചുറിയിലേക്ക് കുതിച്ചു. സെഞ്ചുറിയില്‍ കുറച്ചുകൂടി വേഗം കൂട്ടി 150ലേക്ക്. 200ലെത്താന്‍ രോഹിത് പായുകയായിരുന്നു.

വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മയ്ക്ക് നായകന്റെ ചുമതല ഏല്‍ക്കേണ്ടിവന്നു. എന്നാല്‍ ആദ്യമല്‍സരത്തില്‍ കയ്പ് നിറഞ്ഞതായി അനുഭവം. രണ്ടാം മല്‍സരത്തില്‍ കളി മാറി, കഥമാറി. വിവാഹ വാര്‍ഷികത്തിന് ഭാര്യ റിതികയ്ക്കൊപ്പമുള്ള ആഘോഷത്തിന് രോഹിത് കളത്തില്‍ തന്നെ തുടക്കമിട്ടു. ഇരട്ട സെഞ്ചുറിയോട് അടുത്തപ്പോള്‍ റിതികയുടെ മുഖത്ത് നിറഞ്ഞ ഉദ്വേഗം സിംഗിളെടുത്ത് രോഹിത് അകറ്റി, ഇതിലും വലിയ ഒരു വിവാഹ വാര്‍ഷിക സമ്മാനം സ്വപ്നങ്ങളില്‍ മാത്രം. ഡബിള്‍ അടിച്ചപ്പോള്‍ അവളെ നോക്കി രോഹിത് ചുംബനമെറിയുന്നതും കണ്ടു.  

കണക്കുകള്‍ പറയുന്നത്

ഏകദിന കരിയറില്‍ അരങ്ങേറി ആറുവര്‍ഷം കഴിഞ്ഞാണ് രോഹിത് ശര്‍മ  സംഹാരരൂപം കൊണ്ടത്. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമയായ രോഹിത്, ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേട്ടം മൂന്നുവട്ടം നേടിയ ഏകതാരവുമാണ്. മൂന്ന് ഇരട്ടസെഞ്ചുറിയില്‍ രണ്ടെണ്ണം ശ്രീലങ്കയ്ക്കെതിരെ ആണ്. 2014ല്‍ കൊല്‍ക്കത്തയില്‍ നേടിയ 264റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 2013ല്‍ ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഡബിള്‍ സെഞ്ചുറി. അന്ന് കുറിച്ചത് 209 റണ്‍സ്. മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരെ പുറത്താവാതെ 208റണ്‍സ്. 

അയര്‍ലന്‍ഡിനെതിരെ 2007ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് നാട്ടിലും വിദേശത്തും ഒരുപോലെ കത്തിക്കയറി. ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയ്ക്കെതിരെ 27മല്‍സരത്തില്‍ നിന്ന് 1,143റണ്‍സ് നേടി. ഇംഗ്ലണ്ടില്‍ 12 മല്‍സരത്തില്‍ നിന്ന്  533റണ്‍സും ന്യൂസീലന്‍ഡില്‍ ഒന്‍പത് മല്‍സരത്തില്‍ നിന്ന് 268റണ്‍സും പാക്കിസ്ഥാനില്‍ ആറുമല്‍സരത്തില്‍ നിന്ന് 116റണ്‍സും ശ്രീലങ്കയില്‍ 26മല്‍സരത്തില്‍ നിന്ന് 583റണ്‍സും വെസ്റ്റ് ഇന്‍ഡീസില്‍ 14മല്‍സരത്തില്‍ നിന്ന് 489റണ്‍സും നേടി. 

പ്രതിഭയ്ക്കാത്ത പ്രകടനം നടത്തുന്നില്ല എന്ന ആക്ഷേപം എപ്പോഴൊക്കെ കേട്ടിട്ടുണ്ടോ അപ്പോഴൊക്കെ രോഹിത് ബാറ്റുകൊണ്ട് മറുപടി നല്‍കിയിട്ടുണ്ട്. മൊഹാലിയിലും അത് സംഭവിച്ചു. എന്തായാലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരക്ക് തയാറെടുക്കുന്ന രോഹിതിനും ടീം ഇന്ത്യയ്ക്കും ഈ ഫോം ആവേശം പകരും.

MORE IN SPORTS
SHOW MORE