അന്തരീക്ഷ മലിനീകരണം രൂക്ഷം; ദില്ലിയിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം അവശനായി

Thumb Image
SHARE

അന്തരീക്ഷമലിനീകരണം ഗുരുതരമായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ക്രിക്കറ്റ് മല്‍സരത്തിനിടെ ശ്രീലങ്കന്‍ താരം ഛര്‍ദിച്ച് അവശനായി. പേസ് ബൗളര്‍ സുരംഗ ലക്്മാലിന് കളിക്കിടെ അടിയന്തര വൈദ്യസഹായം നല്‍കി. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് ബി.സി.സി.ഐ രാജ്യതലസ്ഥാനത്ത് മല്‍സരം സംഘടിപ്പിച്ചത്. 

ഡല്‍ഹി ഫിറോസ് ഷാ കോട്്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തിന് പുകമഞ്ഞ് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാസ്ക് ധരിച്ചാണ് ലങ്കന്‍ താരങ്ങള്‍ ഫീല്‍ഡ് ചെയ്യാനെത്തിയത്. കളിക്കിടെ ഛര്‍ദിച്ച ലക്മാലിനെ ഡ്രസിങ്ങ് റൂമിലേക്ക് മാറ്റി. പുകമഞ്ഞ് രൂക്ഷമായതിനെത്തുടര്‍ന്ന് ടെസ്റ്റിന്‍റെ രണ്ടാം ദിവസം മല്‍സരം തടസപ്പെട്ടിരുന്നു. പതിനൊന്നില്‍ എട്ട് താരങ്ങളും മാസ്ക് ധരിച്ചാണ് കളത്തിലിറങ്ങിയത്. സ്റ്റേഡിയം ഉള്‍പ്പെടുന്ന ഓള്‍ഡ് ‍ഡല്‍ഹി മേഖലയിലെ വായുഗുണനിലവാര സൂചിക ഏറ്റവും ഗുരുതരമായ 390 ല്‍ തുടരുകയാണ്. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് സൂചികയേക്കാള്‍ പതിനെട്ട് ശതമാനം കൂടുതലാണ് സ്റ്റേഡിയത്തിലെ മലിനീകരണ തോത്. ഈ സാഹചര്യത്തില്‍ മല്‍സരം സംഘടിപ്പിക്കുന്നത് സാധാരണ ജനങ്ങള്‍ക്കൊപ്പം കളിക്കാര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മല്‍സരവുമായി മുന്നോട്ടുപോകാനായിരുന്നു ബി.സി.സി.ഐയുടെ തീരുമാനം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ ബി.സി.സി.ഐയോട് വിവരം ആരാഞ്ഞിരുന്നു. അതേസമയം, ശീതകാലത്ത്് ഡല്‍ഹിയില്‍ മല്‍സരം സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. അമേരിക്ക ഉള്‍പ്പെടെ വിവിധ എംബസികളും പൗരന്‍മാര്‍ക്ക് ഡല്‍ഹിയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മൂന്നു മാസം കൂടി കഴിഞ്ഞാല്‍ ശീതകാലം അവസാനിക്കും. അതുവരെ പരസ്പരം പഴിചാരലും വാഗ്ദാനങ്ങളുമായി കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ കളം നിറയും. വര്‍ഷങ്ങളായി തുടരുന്ന ഈ അവസ്ഥയ്ക്ക് എന്ന് മാറ്റമുണ്ടാകുമെന്നറിയാതെ ജീവിക്കുകയാണ് രാജ്യതലസ്ഥാനത്തെ ജനങ്ങള്‍. 

MORE IN SPORTS
SHOW MORE