മഞ്ഞപ്പട ഗോള്‍ വിരുന്നൊരുക്കും, റെനിച്ചായന്റെ ഉറപ്പ്..!

464628923MT00012_Sheffield_
SHEFFIELD, ENGLAND - JANUARY 26: Rene Meulensteen manager of Fulham waves to the travelling fans prior to the FA Cup with Budweiser fourth round match between Sheffield United and Fulham at Bramall Lane on January 26, 2014 in Sheffield, England. (Photo by Michael Regan/Getty Images)
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലേക്ക് ചുവടുവയ്ക്കുമ്പോള്‍ നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങള്‍ എവിടെ വരെയെത്തി? ആനക്കരുത്തെന്ന് വിശേഷണം മാത്രമാണോ? വിനീതും റിനോയും ആദ്യ മല്‍സരത്തില്‍ തന്നെ ത്രസിപ്പിക്കാനായെത്തുമോ? 

ഒരുപാട് ചോദ്യങ്ങള്‍ മനസിലിട്ടു തട്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് താമസിക്കുന്ന ഹോട്ടലിലേക്കെത്തിയത്. ടീം മീറ്റിങ്ങിന്റെ സമയമായതിനാല്‍ റിസപ്ഷനില്‍ കാത്തിരിക്കാനായിരുന്നു നിര്‍ദേശം. കോച്ചിനെ കാണാനായി ഇയാന്‍ ഹ്യൂം, സി.കെ. വിനീത്, റിനോ ആന്റോ തുടങ്ങി ടീമംഗങ്ങളെല്ലാം വരിവരിയായി കാത്തു നില്‍ക്കുന്നു. എല്ലാവരെയും ഒരുമിച്ച് അകത്തേക്ക് വിളിച്ചു ഡച്ചുകാരന്‍ കോച്ച് റെനി മ്യൂലന്‍സ്റ്റീന്‍.. അടച്ചിട്ട മുറിയിലെ ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു. ഉച്ചഭക്ഷണം നീട്ടിവച്ച്, കാത്തിരുന്ന ഞങ്ങളെ വീണ്ടും മുഷിപ്പിക്കാതെ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് മനോരമ ന്യൂസിന് മുന്നിലേക്കെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഫുള്‍ഹാമിന്റെയുമെല്ലാം പരിശീലകസ്ഥാനത്തെ അനുഭവജ്ഞാനമുള്ള റെനി വൈകിയതിന് ക്ഷമ ചോദിച്ച് സംസാരിച്ചു തുടങ്ങി. 

മൂന്ന് മാസത്തിലേറെയായി ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നിട്ട്. ഇതുവരെയുള്ള അനുഭവമെങ്ങനെ?

ത്രസിപ്പിക്കുന്നൊരു ലീഗിലേക്കാണ് ഉറ്റുനോക്കുന്നത്. ഐ.എസ്.എല്ലിലെ പ്ലെയേര്‍സ് ഡ്രാഫ്റ്റ് എന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തി. ഇംഗ്ലണ്ടിലെ സുഹൃത്തുക്കള്‍ ഡ്രാഫ്റ്റിനെക്കുറിച്ച് അതിശയത്തോടെയാണ് ചോദിച്ചറിഞ്ഞത്. എല്ലാ ടീമും ഏകദേശം തുല്യശക്തികളായിരിക്കാന്‍ പാകത്തിലുള്ള ഡ്രാഫ്റ്റിങ് സംവിധാനം അതിശയകരമായ ആശയമായി തോന്നുന്നു. ഡ്രാഫ്റ്റിന് ശേഷം എനിക്ക് കിട്ടിയ ടീമില്‍ പൂര്‍ണ തൃപ്തനാണ്. മികച്ച വിദേശ താരങ്ങളെയും കൊണ്ടുവരാന്‍ സാധിച്ചു.  വ്യത്യസ്തരായ 25 പേരെ ഒരു ടീമാക്കി മാറ്റുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ സ്പെയിനിലെ പരിശീലനസമയം ടീമിനെ ഒറ്റക്കെട്ടാക്കി മാറ്റി. ലീഗ് തുടങ്ങി ഒരു റൗണ്ട് പിന്നിടട്ടെ, മറ്റ് ടീമുകളെ വച്ച് നോക്കുമ്പോള്‍ നമ്മള്‍ എവിടെയെന്ന് അപ്പോള്‍ പറയാം.

rene meulensteen-and-Eldo-m-puthuseri

ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരാണ് എതിരാളികള്‍. എ.റ്റി.കെയെ നേരിടാന്‍ തയാറായോ ബ്ലാസ്റ്റേഴ്സ്?

കൊച്ചിയിലേക്ക് ആദ്യമല്‍സരം മാറ്റിയത് ഉറപ്പായും നമുക്ക് ഗുണം ചെയ്യും. കൊല്‍ക്കത്തയെ നിലവിലെ ചാംപ്യന്‍മാരെന്നും ബ്ലാസ്റ്റേഴ്സിനെ ഫൈനലിസ്റ്റുകളെന്നും വിശേഷിപ്പിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഇതൊരു പുത്തന്‍ തുടക്കമാണ്. കഴിഞ്ഞ സീസണിലെ മൂന്ന് കളിക്കാരെ മാത്രമാണ് നമ്മള്‍ നിലനിര്‍ത്തിയത്. എന്റെ അതേ അഭിപ്രായം തന്നെയായിരിക്കും കൊല്‍ക്കത്ത കോച്ച് ടെഡി ഷെറിങ്ങാമിനും. നല്ല കളിയായിരിക്കും വെള്ളിയാഴ്ച നടക്കാന്‍ പോകുന്നതെന്ന് മാത്രം അറിയാം.

കൊച്ചിയില്‍ ഐ.എസ്.എല്ലിന് കിക്കോഫാകുമ്പോള്‍ കേരളത്തിന്റെ സ്വന്തം വിനീതിനെയും റിനോയെയും ആദ്യ ഇലവനില്‍ പ്രതീക്ഷിക്കട്ടെ..?

(പൊട്ടിച്ചിരിയോടെ) അതൊന്നും പറയാനാകില്ല. പറഞ്ഞാല്‍ അത് കൊല്‍ക്കത്തയ്ക്ക് സഹായകരമാകില്ലേ·..? ഒരു കാര്യം മാത്രം പറയാം. വിനീതും റിനോയും അജിത് ശിവനും പ്രശാന്തുമെല്ലാം ടീമിലുള്‍പ്പെട്ടത് ബ്ലാസ്റ്റേഴ്സിന് കരുത്താണ്.

കഴിഞ്ഞ മൂന്ന് സീസണുകളിലും പ്രതിരോധത്തിന് പേരുകേട്ട സംഘമാണ് ബ്ലാസ്റ്റേഴ്സ്. ഇക്കുറി ശൈലിയില്‍ മാറ്റമുണ്ടാകുമോ?

മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡിലെ 12 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് ഞാനെത്തുന്നത്. സര്‍ അലക്സ് ഫെര്‍ഗ്യൂസനൊപ്പമുള്ള സമയത്ത് ഞങ്ങള്‍ അറ്റാക്കിങ്ങ് ഫുട്ബോളിനായാണ് വാദിച്ചിരുന്നത്. അവസരങ്ങള്‍ സൃഷ്ടിച്ചെടുത്ത്, കളി ജയിക്കുന്ന യോദ്ധാവിന്റെ രീതി. എത്രത്തോളം പോസിറ്റീവാകുന്നുവോ വിജയിക്കാനുള്ള അവസരം അത്രയുമേറും. ഈ ശൈലി തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സും പിന്തുടരുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡിലെ രീതികള്‍ അറിയാവുന്ന ബെര്‍ബറ്റോവും റെച്ചൂബ്ക്കയും വെസ് ബ്രൗണും ഒപ്പമുള്ളത് വലിയ ആത്മവിശ്വാസം പകരുന്നുമുണ്ട്. 

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പറ്റി.. മഞ്ഞപ്പടയെക്കുറിച്ച്?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആറാമത്തെ ടീമാണ് നമ്മളെന്ന തിരിച്ചറിവ് ശരിക്കും ഞെട്ടിച്ചു. റയര്‍ മഡ്രിഡ്, ബാര്‍സിലോന, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബൊറൂസിയ ഡോര്‍ട്ടമുണ്ട്..., അതിന് ശേഷം ബ്ലാസ്റ്റേഴ്സ്!!

ഇതുപോലൊരു ആരാധകസംഘം ഏതൊരു ടീമും ആഗ്രഹിക്കും. കളിയില്‍ ആരാധക ആവേശം കൂടി ചേരുമ്പോള്‍ പന്ത്രണ്ടാമതൊരാള്‍ കൂടി മൈതാനത്തിറങ്ങിയ പോലൊരു ഊര്‍ജം കിട്ടും കളിക്കാര്‍ക്ക്. ഈ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിനും ഐ.എസ്.എല്ലിനും ലോകശ്രദ്ധ നല്‍കിയതു തന്നെ. കാത്തിരിക്കുകയാണ് കൊച്ചിയിലെ ആരവം നേരിട്ട് കാണാന്‍.

ഇനിയും വൈകിയാല്‍ വയറെരിയുമെന്ന് ബ്ലാസ്റ്റേഴ്സ് ടീം ഓപ്പറേഷന്‍സ് തലവന്‍ ദീപ് സിങ്ങ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സംസാരം തുടരുമായിരുന്നു മലയാളികളുടെ റെനിച്ചായന്‍. ഇന്ത്യയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് അദ്ദേഹം. പതിറ്റാണ്ടുകളുടെ ഫുട്ബോള്‍ പരിജ്ഞാനവുമായി കൊച്ചിയില്‍ വിമാനമിറങ്ങിയ റെനി പ്രതീക്ഷയുടെ പടുകൂറ്റന്‍ ലഗേജും ചുമലിലെടുത്തിട്ടുണ്ട്. മുന്നേറുക റെനി... കേരളം ഒപ്പമുണ്ട്..!

MORE IN SPORTS
SHOW MORE