ഇന്ത്യയ്ക്ക് 40 റൺസ് തോൽവി; തിരുവനന്തപുരത്തെ മൽസരം നിർണായകം

Thumb Image
SHARE

ഒരിക്കൽക്കൂടി നിർഭാഗ്യത്തിന്റെ വേദിയായി മാറിയ സൗരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു വേദനിപ്പിക്കുന്ന തോൽവി. രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയെ വീഴ്ത്തിയ ന്യൂസീലൻഡ് മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ 1–1ന് ഒപ്പമെത്തി. 40 റൺസിനാണ് ഇന്ത്യയുെട തോൽവി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് കോളിൻ മൺറോയുടെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 196 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ അവസാനിച്ചു. രണ്ടാം ട്വന്റി20 സെഞ്ചുറി കുറിച്ച കിവീസ് താരം കോളിൻ മൺറോയാണ് കളിയിലെ കേമൻ.

ഇതോടെ ഈ മാസം ഏഴിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മൽസരം പരമ്പര വിജയികളെ നിശ്ചയിക്കുന്നതിൽ നിർണായകമായി. 42 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 65 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി 49 റൺസെടുത്തു പുറത്തായി. ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

ന്യൂസീലൻഡ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിേലക്കു ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 11 റൺസെടുക്കുമ്പോഴേക്കും ഓപ്പണർമാർ ഇരുവരും പവലിയനിൽ മടങ്ങിയെത്തി. ആറു പന്തിൽ ഒരു ബൗണ്ടറിയുൾപ്പെടെ അഞ്ചു റൺസെടുത്ത രോഹിത് ശർമയെയും നാലു പന്തിൽ ഒരു റണ്ണെടുത്ത ധവാനെയും പുറത്താക്കി ബോൾട്ടാണ് ന്യൂസീലന്‍ഡിന് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ക്യാപ്റ്റൻ കോഹ്‍ലി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചതാണ്. എന്നാൽ, 21 പന്തിൽ നാലു ബൗണ്ടറികളോടെ 23 റൺസെടുത്ത അയ്യരെ മടക്കി മൺറോ അടുത്ത ആഘാതമേൽപ്പിച്ചു. തൊട്ടു പിന്നാലെ രണ്ടു പന്തിൽ ഒരു റണ്ണുമായി പാണ്ഡ്യയും മടങ്ങിയതോടെ പ്രതീക്ഷ മൊത്തം കോഹ്‍ലി–ധോണി കൂട്ടുകെട്ടിലായി.

അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും പ്രതീക്ഷ നൽകുകയും ചെയ്തു. എന്നാൽ, 65 റൺസെടുത്ത കോഹ്‍ലിയെ മിച്ചൽ സാന്റ്നർ പുറത്താക്കിയതോടെ മൽസരം ഇന്ത്യ കൈവിട്ടു. 37 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 49 റൺസെടുത്ത ധോണിയുടെ പോരാട്ടം മാത്രം പിന്നെ ബാക്കിയായി. അക്സർ പട്ടേലാണ് പുറത്തായ (മൂന്നു പന്തിൽ അഞ്ച്) മറ്റൊരു താരം. ഭുവനേശ്വർ കുമാർ (മൂന്നു പന്തിൽ രണ്ട്), ബുംറ (രണ്ടു പന്തിൽ ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.

നേരത്ത, തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണർ കോളിൻ മൺറോയുടെ മികവിൽ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 196 റൺസെടുത്തു. ഓപ്പണറായി ഇറങ്ങി 58 പന്തിൽ 109 റൺസുമായി പുറത്താകാതെ നിന്ന കോളിൻ മൺറോയുടെ പ്രകടനമാണ് ന്യൂസീലൻഡ് ഇന്നിങ്സിലെ ഹൈലൈറ്റ്. ഏഴു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

ഒന്നാം വിക്കറ്റിൽ മാർട്ടിൻ ഗപ്റ്റിലുമൊത്ത് മൺറോ കൂട്ടിച്ചേർത്ത 105 റൺസാണ് ന്യൂസീലൻഡ് ഇന്നിങ്സിന്റെ നട്ടെല്ല്. രാജ്യാന്തര ട്വന്റി20യിൽ ഒരു വർഷം രണ്ടു സെ‍ഞ്ചുറി നേടുന്ന ആദ്യത്തെ താരമാണ് കോളിൻ മൺറോ. രണ്ട് രാജ്യാന്തര ട്വന്റി20 സെഞ്ചുറികൾ നേടുന്ന നാലാമത്തെ താരവും.

ഇന്ത്യയ്ക്കായി അരങ്ങേറ്റ മൽസരം കളിക്കാനിറങ്ങിയ ഹൈദരാബാദുകാരൻ മുഹമ്മദ് സിറാജ് നാല് ഓവറിൽ 53 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ട്വന്റി20 അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന മൂന്നാമത്തെ താരമാണ് സിറാജ്. നാല് ഓവറിൽ 64 റൺസ് വഴങ്ങിയ ഇംഗ്ലണ്ട് താരം ജയിംസ് ആൻഡേഴ്സൻ ഒന്നാം സ്ഥാനത്തും 57 റൺസ് വഴങ്ങിയ ഇന്ത്യയുടെ തന്നെ ജോഗീന്ദർ ശര്‍മ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

ഒന്നാം വിക്കറ്റിൽ ഇന്ത്യൻ ബോളർമാരെ നിഷ്പ്രയാസം നേരിട്ട ഗപ്റ്റിൽ–മൺറോ സഖ്യം അവർക്കു മികച്ച തുടക്കമാണ് സമ്മാനിച്ചത്. 11.1 ഓവർ ക്രീസിൽ നിന്ന ഇരുവരും പരമ്പരയിലെ ന്യൂസീലൻഡ് ഓപ്പണർമാരുടെ ആദ്യത്തെ സെഞ്ചുറി കൂട്ടുകെട്ടും കണ്ടെത്തി. 41 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും സഹിതം 45 റൺസെടുത്ത ഗപ്റ്റിലിനെ ചാഹൽ മടക്കിയെങ്കിലും മൺരോ നിർബാധം ആക്രമണം തുടർന്നു. ഒൻപതു പന്തിൽ 12 റൺെസടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസൻ മുഹമ്മദ് സിറാജിന് കന്നി വിക്കറ്റ് സമ്മാനിച്ചും പുറത്തായി. മൂന്നാം വിക്കറ്റിൽ ടോം ബ്രൂസിനെ കൂട്ടുപിടിച്ച് കോളിൻ മൺരോ ന്യൂസീലൻഡിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു.

ബ്രൂസ് 12 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 18 റൺസെടുത്തു. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറ, 29 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാർ എന്നിവരാണ് ന്യൂസീലൻഡ് സ്കോർ 200 കടക്കാതെ കാത്തത്. 

MORE IN BREAKING NEWS
SHOW MORE