മുംബൈ ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ആറ് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം ടോം ലഥത്തിന്റെ സെഞ്ചുറിക്കരുത്തില്‍ ആറ് വിക്കറ്റ് ബാക്കിയാക്കി കിവീസ് മറികടന്നു. 200ാം ഏകദിനം കളിച്ച വിരാട് കോഹ്‌ലി കരിയറിലെ 31ാം സെഞ്ചുറി നേടി. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാമതെത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഉത്തരവാദിത്വമേറ്റെടുത്ത് കളിച്ച് കോഹ്‌ലിക്ക് ദിനേഷ് കാര്‍ത്തിക്കിന്റേയും ധോണിയുടേയും പിന്തുണ. അതിനിടെ കോഹ്ലി 200ാം ഏകദിനത്തില്‍ 31ാം സെഞ്ചുറി കണ്ടെത്തി.
30 സെഞ്ചുറികളുള്ള റിക്കി പോണ്ടിങ്ങിനെ പിന്തള്ളിയ കോഹ്‌ലിക്ക് മുന്നില്‍ സെഞ്ചുറിക്കണക്കില്‍ ശേഷിക്കുന്നത് സച്ചിന്‍ മാത്രം. 35 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ മൂന്ന് വിക്കറ്റുകള്‍ വേഗം വീണു. പക്ഷെ, ഡേനൈറ്റ് മല്‍സരത്തില്‍ രണ്ടാമത്തെ ബാറ്റിങ് ദുഷ്ക്കരമായ വാംഖഡെയില്‍ റോസ് ടെയ്‌ലറുടെ പരിയസമ്പത്തും ടോം ലഥത്തിന്റെ മികവും ചേര്‍ന്നപ്പോള്‍ ഇന്ത്യ പരാജയം മണത്തു. ഇന്ത്യന്‍ ബോളര്‍മാരെ കരുതലോടെ നേരിട്ട സഖ്യം 200 രണ്‍സിന്റെ കൂട്ടുകെട്ടാണ് പടുതുയര്‍ത്തിയത്. വാംഖഡെയിലെ ഏതൊരു വിക്കറ്റിലേയും മികച്ച കൂട്ടുകെട്ടാണിത്.
ലഥം സെഞ്ചുറിയുമായി പുറത്താകാതെ നിന്നപ്പോള്‍ 95 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍ വിജയത്തിന് തൊട്ടരികെ വീണു. കിവീസിന്റെ റണ്‍സ് പിന്തുടര്‍ന്നുള്ള ഏറ്റവും മികച്ച വിജയമാണിത്.